അട്ടപ്പാടി സംരക്ഷണ യോഗം ആദിവാസികളെ കബളിപ്പിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍

Posted on: May 23, 2013 11:56 pm | Last updated: May 23, 2013 at 11:57 pm
SHARE

തിരുവനന്തപുരം: തായ്കുലത്തിന്റെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടക്കാനിരിക്കുന്ന അട്ടപ്പാടി സംരക്ഷണ യോഗത്തിന് നേതൃത്വം നല്‍കുന്നത് നേരത്തെ അട്ടപ്പാടിയെ തകര്‍ക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരാണെന്ന് ആക്ഷേപം. തായ്കുലത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യോഗത്തിലാണ് അട്ടപ്പാടി പാക്കേജ്, അഹാഡ്‌സ് പദ്ധതികളുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നത്. ഗോത്രമഹാസഭയടക്കമുള്ള ആദിവാസി സംഘടനകളാണ് ഇവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. അട്ടപ്പാടിക്ക് അനുവദിക്കുന്ന കാര്‍ഷിക പാക്കേജ് തട്ടിയെടുക്കുന്നതിന് ചില എന്‍ ജി ഒ സംഘടനകള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സമ്മര്‍ദം നടത്തുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
പോഷകാഹാരകുറവ് മൂലം നിരവധി കുഞ്ഞുങ്ങള്‍ മരിക്കാനിടയായതിനെ തുടര്‍ന്നാണ് അട്ടപ്പാടിയിലെ ആദിവാസികളുടെ അവസ്ഥയെ കുറിച്ച് പഠിക്കാന്‍ മന്ത്രിമാരായ എം കെ മുനീറിന്റെയും പി കെ ജയലക്ഷ്മിയുടെയും സാന്നിധ്യത്തില്‍ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ യോഗം ചേരുന്നത്. നേരത്തെ ആരോപണ വിധേയരായ ടി മാധവമേനോനും ഡോ. പി കെ ശിവാനന്ദനുമാണ് യോഗത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥ പ്രമുഖര്‍. അട്ടപ്പാടിയിലെ വനഭൂമിയുടെ കസ്റ്റോഡിയനായി പ്രവര്‍ത്തിച്ചിരുന്ന മാധവമേനോന്‍ വനം നശീകരണത്തിന് നേതൃത്വം നല്‍കിയയാളാണെന്ന് ആദിവാസികള്‍ പറയുന്നു. അഹാഡ്‌സിന് മുമ്പ് അട്ടപ്പാടിയിലെ ആദിവാസികളുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതിന് കരുനീക്കങ്ങള്‍ നടത്തിയതും ഇദ്ദേഹമാണെന്ന് ആദിവാസി സംഘടനകള്‍ ആരോപിക്കുന്നു.
സി കെ ജാനുവിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിന് മുമ്പിലെ കുടില്‍കെട്ടി സമരത്തിലെ പ്രധാന ആവശ്യത്തെ അട്ടിമറിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മാധവ മേനോനാണെന്ന് അക്കാലത്ത് ആക്ഷേപമുയര്‍ന്നിരുന്നു. ഇന്ത്യന്‍ ഭരണഘടന ആദിവാസികള്‍ക്ക് പരിരക്ഷ നല്‍കുന്ന അഞ്ചാം ഷെഡ്യൂള്‍ അഥവാ പട്ടികവര്‍ഗ പ്രദേശം സംസ്ഥാനത്ത് പ്രഖ്യാപിക്കണെന്ന ആദിവാസി ഗോത്രമഹാസഭയുടെ ആവശ്യത്തെ അദ്ദേഹമാണ് എതിര്‍ത്തിരുന്നത്. മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ തെറ്റിദ്ധരിപ്പിച്ചാണ് മേനോന്‍ ആദിവാസികളുടെ അവകാശ സമരത്തെ അന്ന് അട്ടിമറിച്ചത്. ആദിവാസി മേഖലയില്‍ ഉദ്യോഗസ്ഥരുടെ അധികാരം നഷ്ടപ്പെടുമെന്നായിരുന്നു മേനോന്റെ പക്ഷം. ഇത് രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ ആദിവാസികള്‍ക്ക് ലഭിച്ച അവകാശം കേരളത്തിലെ ആദിവാസികള്‍ നിഷേധിക്കപ്പെടാനിടയാക്കി. പട്ടികവര്‍ഗ പ്രദേശം പ്രഖ്യാപിച്ചിരുന്നെങ്കില്‍ ആദിവാസിഭൂമി സംരക്ഷിക്കപ്പെടുകയും കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക പരിരക്ഷ ലഭിക്കുകയും ചെയ്യുമായിരുന്നു. ഇത് നഷ്ടപ്പെടാനിടയാക്കിയത് മാധവമേനോന്റെ ഇടപെടലായിരുന്നുവെത്രെ.
അതോടൊപ്പം ഡോ.പി കെ ശിവാനന്ദനന്‍ അഹാഡ്‌സിന്റെ ഡയറക്ടറായിരിക്കുമ്പോള്‍ ഭാര്യ സുലോചനയുടെ പേരില്‍ എന്‍ ജി ഒ (ഐ എസ് എ) രജിസ്റ്റര്‍ ചെയ്ത് പണം തട്ടിയെടുത്തെന്നും ആരോപണം ഉയര്‍ന്നിരുന്നു. വട്ടലക്കിയില്‍ ഗിരിജന്‍ ഫാമിംഗ് സൊസൈറ്റിയുടെ 100 ഏക്കര്‍ സ്ഥലത്ത് ഈ എന്‍ ജി ഒയുടെ നേതൃത്വത്തില്‍ വാഴകൃഷി ഒഴികെയുള്ള ജൈവ കൃഷി ചെയ്യുന്നതിന് ജില്ലാ കലക്ടറില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം ഇവിടെ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ വട്ടലക്കി ഗിരിജന്‍ ഫാമിംഗ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ പ്രീ മെട്രിക് ഹോസ്റ്റലുകളില്‍ വിപണനം ചെയ്യുമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇവിടെ വാഴക്കൃഷി മാത്രമാണ് നടത്തിയത്. ഇതേ ഭൂമിവച്ച് ബാംബൂ കോര്‍പറേഷനില്‍ നിന്നും ആദിവാസികളുടെ പേരില്‍ വായ്പയെടുക്കുകയും ചെയ്തിരുന്നു.
മുളക്കൃഷി നടത്താനും ആദിവാസികള്‍ക്കായി ചെലവ് കുറഞ്ഞ മുളവീടുകള്‍ നിര്‍മിക്കാനും പദ്ധതി തയ്യാറാക്കിയെന്ന പേരിലാണ് വായ്പയെടുത്തത്. ആദിവാസികളുടെ സംഘടനയായ ഗുരുവിനെ നയിച്ചിരുന്ന ആദിവാസി മൂപ്പന്‍ ശ്രീധരനെ കൊല ചെയ്ത മാഫിയ സംഘത്തെ സഹായിച്ചവരെപ്പോലും യോഗത്തിന് വിളിച്ചിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടിണ്ട്.