അനധികൃത ജോലിക്കു വേണ്ടി തെരുവില്‍ കൂട്ടം കൂടി നില്‍ക്കുന്നവരെ നാടുകടത്തും

Posted on: May 23, 2013 6:06 pm | Last updated: May 23, 2013 at 6:06 pm
SHARE

അബുദാബി: പാര്‍ട്ട് ടൈം ജോലിക്കുവേണ്ടി തെരുവില്‍ കൂട്ടം കൂടി വിലപേശുന്നവരെ നാടുകടത്തുമെന്ന് അബുദാബി പോലീസ് ഓപ്പറേഷന്‍സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അമീര്‍ അല്‍ മുഹൈരി വ്യക്തമാക്കി.

നിരവധി പരാതികള്‍ ഇത് സംബന്ധിച്ച് ലഭിച്ചിട്ടുണ്ട്. ചില സ്ഥലങ്ങില്‍ കൂട്ടം കൂടി നിന്ന് വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി തൊഴില്‍ തേടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് താമസ-കുടിയേറ്റ നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. അധിക ജോലി ലഭിക്കാന്‍ തെരുവുകളിലെ ഈ നീക്കം അനുവദനീയമല്ല. അബുദാബി നഗരപ്രാന്തങ്ങളില്‍ താമസ കേന്ദ്രങ്ങളിലാണ് ഇത്തരത്തില്‍ ആളുകള്‍ തടിച്ചുകൂടുന്നത്.
ജോലി സമയം കഴിഞ്ഞ ശേഷം, വാഹനങ്ങളില്‍ പോകുന്നവര്‍ക്ക് വിസിറ്റിംഗ് കാര്‍ഡ് നല്‍കുന്നവരെയും പിടികൂടും. അറ്റകുറ്റപ്പണി ചെയ്യുന്നവര്‍, വാഹനം ഓടിക്കുന്നവര്‍, നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവര്‍ പ്രത്യേകമായി ഇത് ശ്രദ്ധിക്കണം. തെരുവോരങ്ങളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും മറ്റും കൂട്ടം കൂടി നില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ പോലീസ് പട്രോളിംഗ് കര്‍ശനമാക്കും. തൊഴില്‍ വാഗ്ദാനം ചെയ്യുന്നവര്‍ക്കും പിഴ ശിക്ഷ ലഭിക്കും.
കുറഞ്ഞ വേതനം നല്‍കിയാല്‍ മതിയെന്ന കാരണത്താലാണ് പാര്‍ട്ട് ടൈം ജോലിക്കാരെ ആശ്രയിക്കുന്നത്. എന്നാല്‍ പ്രത്യാഘാതങ്ങള്‍ പലരും മനസിലാക്കുന്നില്ല. മോഷണം വര്‍ധിക്കാന്‍ ഇടയാക്കുന്ന നടപടിയാണിത്.
അധിക ജോലിക്കു വേണ്ടി തെരുവില്‍ കൂട്ടം കൂടി നില്‍ക്കുന്നവരെ അനധികൃത താമസക്കാരായി കണക്കാക്കുമെന്നും ബ്രിഗേഡിയര്‍ അമീര്‍ അല്‍ മുഹൈരി പറഞ്ഞു. ഉദ്യാനങ്ങളുടെയും പൊതുസ്ഥലങ്ങളുടെയും പ്രതിച്ഛായ നശിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here