ഫോണ്‍ ചോര്‍ത്തുന്നുവെന്ന് സുകുമാരന്‍ നായര്‍; ഇല്ലെന്ന് ആഭ്യന്തര മന്ത്രി

Posted on: May 23, 2013 3:15 pm | Last updated: May 23, 2013 at 7:23 pm
SHARE

G-Sukumaran-Nairകോട്ടയം: തന്റെ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നുവെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണ് ഫോണുകള്‍ ചോര്‍ത്തുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് തനിക്ക് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ചില സമുദായ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തുന്നതായി പോലീസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തന്നെ അറിയിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് ആഭ്യന്തര മന്ത്രിയോട് പരാതി പറഞ്ഞെങ്കിലും അദ്ദേഹം ഉഴപ്പുകയാണുണ്ടായത്. തന്റെ ഫോണ്‍ ചോര്‍ത്തുന്നതില്‍ ഭയമില്ല. പക്ഷേ ഫോണ്‍ ചോര്‍ത്തല്‍ നിയമപരിരക്ഷ ഇല്ലാത്തതും ശിക്ഷാര്‍ഹവുമാണ്.

മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങള്‍ അറിയാമെങ്കില്‍ അദ്ദേഹം അത് വ്യക്തമാക്കണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.

അതിനിടെ, സുകുമാരന്‍ നായരുടെ ഫോണ്‍ കോളുകള്‍ ആഭ്യന്തര വകുപ്പ് ചോര്‍ത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മലപ്പുറത്ത്  പ്രതികരിച്ചു. സുകുമാരന്‍ നായരുടെ പരാതിയില്‍ നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു. ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അത്തരമൊരു ആരോപണം ഉണ്ടായതില്‍ തനിക്ക് ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.