Connect with us

Kozhikode

പ്ലസ് വണ്‍ പ്രവേശം: പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി

Published

|

Last Updated

കൊടുവള്ളി: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക പ്രക്രിയ വഴി പൂരിപ്പിച്ച അപേക്ഷാഫോറങ്ങള്‍ സ്വീകരിക്കാന്‍ ജില്ലയിലെ ചില ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ വൈമനസ്യം കാണിക്കുന്നതായി പരാതിയുയര്‍ന്നു. മെയ് 15 മുതലാണ് അപേക്ഷാ ഫോറങ്ങളുടെ വിതരണം ആരംഭിച്ചത്. പൂരിപ്പിച്ച അപേക്ഷാഫോറങ്ങള്‍ മെയ് 27 വരെ സ്വീകരിക്കും. ഏകജാലക പ്രവേശനത്തിന് ജില്ലയിലെ ഏത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും അപേക്ഷാഫോറം 25 രൂപക്ക് വാങ്ങാമെന്നും പൂരിപ്പിച്ച ശേഷം സൗകര്യപ്രദമായ ഏത് സ്‌കൂളിലും സമര്‍പ്പിക്കാമെന്നുമാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ അറിയിപ്പില്‍ പറഞ്ഞത്. എന്നാല്‍ ഇതിന് വിപരീതമായാണ് ചില വിദ്യാലയ അധികൃതര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പരാതി. ലഭിക്കുന്ന അപേക്ഷകള്‍ വിദ്യാലയ അധികൃതര്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തയക്കണം.
കൂടുതല്‍ ഫോറങ്ങള്‍ ലഭിച്ചാല്‍ വിദ്യാലയ അധികൃതര്‍ക്ക് ജോലിഭാരം കൂടുമെന്നതിനാലാണവര്‍ ഫോറങ്ങള്‍ സ്വീകരിക്കാത്തതെന്നാണ് ആക്ഷേപം. അപേക്ഷ സമര്‍പ്പിക്കാനെത്തുന്നവരോട് പഠിച്ച സ്‌കൂളില്‍ തന്നെ കൊടുക്കാനാണത്രെ നിര്‍ദേശിക്കുന്നത്.
ഇതുമൂലം രക്ഷിതാക്കളും വിദ്യാര്‍ഥികളും പൂരിപ്പിച്ച ഫോറങ്ങള്‍ എവിടെ കൊടുക്കണമെന്നറിയാതെ നെട്ടോട്ടമോടുകയാണ്.

Latest