പോലീസ് പിടികൂടിയ മകനെ കാണാനില്ലെന്ന് മാതാവിന്റെ പരാതി

Posted on: May 23, 2013 2:00 am | Last updated: May 23, 2013 at 2:00 am
SHARE

മുക്കം: കമ്മൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ച മകനെ പോലീസ് പിടിച്ചുകൊണ്ടുപോയതായി മാതാവിന്റെ പരാതി. താഴക്കോട് വില്ലേജിലെ കപ്പിയേടത്ത് തടായില്‍ വിലാസിനിയാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് മകന്‍ നിധീഷിനെ കാണാനില്ലെന്ന പരാതി നല്‍കിയത്. പോലീസ് സ്റ്റേഷന് സമീപം വെച്ച് കെ എ പി വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് നിധീഷിനെ 19ന് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. പിറ്റേന്ന് രാത്രി ചികിത്സയിലുള്ള മകനെ കെ എ പി ക്യാമ്പിലെ പോലീസുകാരും മുക്കം സ്റ്റേഷനിലെ പോലീസുകാരും ചേര്‍ന്ന് ബലമായി പിടിച്ചുകൊണ്ടുപോകുകയും ക്രൂരമായി മര്‍ദിച്ചുവെന്നുമാണ് വിലാസിനി പറയുന്നത്. ചൊവ്വാഴ്ച ഇളയ മകന്‍ സ്റ്റേഷനില്‍ ചെന്നന്വേഷിച്ചപ്പോള്‍ നിധീഷിനെതിരെ താമരശ്ശേരി കോടതിയില്‍ കേസുണ്ടെന്നും അവിടെ ഹാജരാക്കാന്‍ കൊണ്ടുപോയി എന്നുമാണ് പോലീസ് അറിയിച്ചത്. മകന് മാരകമായ പരുക്കോ ജീവഹാനിയോ സംഭവിച്ചതായി ഭയപ്പെടുന്നതായും പരാതിയില്‍ പറയുന്നു.
എന്നാല്‍ ചോദ്യം ചെയ്യാനായി കൊണ്ടുവന്ന പ്രതി പോലീസിനെ കബളിപ്പിച്ച് മുങ്ങിയതാണെന്നാണ് പോലീസ് പറയുന്നത്. വൈദ്യുതിയില്ലാത്ത സമയത്ത് ശാരീരിക അസ്വാസ്ഥ്യം അഭിനയിച്ച പ്രതി പോലീസ് വെള്ളമെടുക്കാനൊരുങ്ങിയപ്പോള്‍ മുങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. നേരത്തെ അടിപിടി നടത്തിയതിന് കേസുള്ള പ്രതിക്കെതിരെ പോലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയതിനും കേസെടുത്തതായി പോലീസ് പറഞ്ഞു.