സീബ്രാലൈനുകള്‍ മായുന്നു

Posted on: May 23, 2013 1:55 am | Last updated: May 23, 2013 at 1:55 am
SHARE

കോഴിക്കോട്: വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമിരിക്കെ നഗരത്തിലെ പല വിദ്യാലയങ്ങള്‍ക്കും മുന്നിലുള്ള സീബ്രാലൈനുകള്‍ പേരിന് മാത്രം. കാലവര്‍ഷം എത്തുന്നതോടെ ഇപ്പോള്‍ തന്നെ മാഞ്ഞുതുടങ്ങിയ സീബ്രാലൈനുകള്‍ റോഡില്‍ നിന്ന് പൂര്‍ണമായും അപ്രത്യക്ഷമാകും.
സാധാരണഗതിയില്‍ തന്നെ നഗരത്തിലെ റോഡുകളില്‍ രാവിലെയും വൈകുന്നേരവും വര്‍ധിച്ച തിരക്കാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൂടി എത്തുന്നതോടെ ഈ തിരക്കിന് ആക്കം കൂടും. ഈ സമയങ്ങളില്‍ സീബ്രാ ലൈനുകളാണ് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്രയം. സീബ്രാലൈനുകളും പോലീസും ഉള്ളപ്പോള്‍ തന്നെ രാവിലെയും വൈകുന്നേരവും റോഡ് മുറിച്ചുകടക്കാന്‍ വിദ്യാര്‍ഥികള്‍ കുറച്ചൊന്നുമല്ല പാടുപെടുന്നത്.
നഗരത്തില്‍ ധാരാളം കുട്ടികള്‍ പഠിക്കുന്ന ബി ഇ എം ഗേള്‍സ് സ്‌കൂളിനും നടക്കാവ് ഗവ. ഗേള്‍സ് സ്‌കൂളിനും മുമ്പിലുള്ള സീബ്രാലൈനുകളാണ് പ്രധാനമായും മാഞ്ഞുതുടങ്ങിയത്. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ബസ് കയറുന്ന ഇവിടങ്ങളില്‍ അപകടസാധ്യത ഏറെയാണ്.
വര്‍ഷവും സ്‌കൂള്‍ തുറക്കുന്ന ജൂണിലാണ് വാഹനാപകടങ്ങള്‍ കൂടുന്നത്. റോഡിലെ സുരക്ഷാ ക്രമീകരണങ്ങളുടെ കുറവാണ് പലപ്പോഴും അപകടത്തിന് വഴിയൊരുക്കുന്നത്. ആളുകള്‍ സീബ്രാലൈനില്‍ കൂടി റോഡ് മുറിച്ചുകടക്കുന്നത് ഡ്രൈവര്‍മാര്‍ക്കും സൗകര്യപ്രദമാണ്. എന്നാല്‍, പുതിയ അധ്യയന വര്‍ഷത്തിന് സ്‌കൂളുകളും വിദ്യാര്‍ഥികളും വിപണിയുമൊക്കെ ഒരുങ്ങുമ്പോള്‍ റോഡ് സുരക്ഷയുടെ കാര്യം ബന്ധപ്പെട്ടവര്‍ മറന്നു.

LEAVE A REPLY

Please enter your comment!
Please enter your name here