Connect with us

Gulf

മംഗലാപുരം വിമാന ദുരന്തത്തിന് മൂന്നാണ്ട്

Published

|

Last Updated

ദുബൈ: മംഗലാപുരം വിമാന ദുരന്തത്തിന് ഇന്നേക്ക് മൂന്ന് വര്‍ഷം. 2010 മേയ് 22ന് പുലര്‍ച്ചെയായിരുന്നു ലോകത്തെ നടുക്കിയ ദുരന്തം. 160 യാത്രക്കാരും ആറ് വിമാന ജോലിക്കാരുമായാണ് എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ ഉണ്ടായിരുന്നത്. ലാന്‍ഡിങ്ങിലെ പിഴവ് മൂലം റണ്‍വേയില്‍ നിന്നു തെന്നിനീങ്ങിയ വിമാനം താഴ്ചയിലേക്കു പതിക്കുകയായിരുന്നു. പിന്നെ തീപിടിച്ചു. കാസര്‍കോട്, കണ്ണൂര്‍, ദക്ഷിണ കര്‍ണാടക നിവാസികളും ആറ് വിമാന ജീവനക്കാരുമടക്കം 158 പേര്‍ വെന്തുമരിച്ചു. എട്ട് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അതില്‍ ഒരാള്‍ ബംഗ്ലാദേശ് പൗരനുമായിരുന്നു. മരിച്ച ആറ് വിമാന ജോലിക്കാരില്‍ പൈലറ്റ് സെര്‍ബിയക്കാരനാണ്.
ദുബൈ വിമാനത്താവളത്തില്‍ പ്രിയപ്പെട്ടവരെ യാത്രയാക്കി കിടന്നുറങ്ങിയവര്‍ ഞെട്ടലോടെ ദുരന്ത വാര്‍ത്ത കേട്ടാണുര്‍ന്നത്. അതേസമയം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രാജ്യാന്തര നിയമപ്രകാരം ലഭിക്കേണ്ട നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ ബന്ധപ്പെട്ടവര്‍ ഒളിച്ചുകളി നടത്തി. നാട്ടിലും യുഎഇയിലും ബന്ധുക്കള്‍ യോഗം ചേര്‍ന്ന് ഇക്കാര്യമുന്നയിച്ചു പോരാട്ടം നടത്തിയിരുന്നു. യുഎഇയിലുള്ളവരടക്കം ചില ബന്ധുക്കള്‍ നല്‍കിയ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
മരിച്ചവരുടെ ആശ്രിതര്‍ക്ക് 75 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി പിന്നീട് ഉത്തരവിട്ടു. ഇതേ തുടര്‍ന്ന് ഭൂരിപക്ഷം പേരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം വിതരണം ചെയ്തതായി എയര്‍ ഇന്ത്യ അറിയിച്ചു.
ദുരന്തം നടന്നു രണ്ടു വര്‍ഷത്തിനകം നഷ്ടപരിഹാരം കൈപ്പറ്റുകയോ കോടതിയില്‍ നഷ്ടപരിഹാര ഹര്‍ജി ഫയല്‍ ചെയ്യുകയോ ചെയ്തില്ലെങ്കില്‍ പിന്നീട് നഷ്ടപരിഹാരത്തിന് അര്‍ഹത ഉണ്ടാവില്ലെന്നതിനാല്‍ എയര്‍ഇന്ത്യ തീരുമാനിക്കുന്ന തുക വാങ്ങേണ്ട അവസ്ഥയിലായിരുന്നു ആശ്രിതരില്‍ പലരും. അതേസമയം, മതിയായ രേഖകള്‍ ഇതുവരെ ഹാജരാക്കാത്ത 11 പേരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാക്കിയുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. 116 കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം പൂര്‍ണമായും വിതരണം ചെയ്തു. 25 കുടുംബങ്ങള്‍ക്കു കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നഷ്ടപരിഹാരം നല്‍കിയത്. ആറുപേരുടെ ആശ്രിതര്‍ക്കു നഷ്ടപരിഹാരം ഭാഗികമായി മാത്രമേ വിതരണം ചെയ്തിട്ടുള്ളുവെന്നും നഷ്ടപരിഹാര വിതരണത്തിന് എയര്‍ഇന്ത്യ ചുമതലപ്പെടുത്തിയ മുല്ല ആന്‍ഡ് മുല്ല ഗ്രൂപ്പിന്റെ കൗണ്‍സലര്‍ എച്ച്.ഡി. നാനാവതി അറിയിച്ചിരുന്നു.
147 കുടുംബങ്ങള്‍ക്കായി മൊത്തം 107.35 കോടി രൂപ വിതരണം ചെയ്തതായി എയര്‍ഇന്ത്യ ഫിനാന്‍സ് തലവന്‍ കപില്‍ അസേരിയും അറിയിച്ചു. ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാനാപകടമായിരുന്നു മംഗലാപുരത്തേത്.

 

B_Id_153539_Mangalore_crash

മംഗലാപുരം വിമാനാപകടസ്ഥലത്ത് നടന്ന രക്ഷാപ്രവര്‍ത്തനം

 

ജീവിതത്തിനും മരണത്തിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെ…

“ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പാലത്തിലൂടെയുള്ള യാത്രയായിരുന്നു അത്. ദുബൈയില്‍ നിന്ന് മംഗലാപുരത്തേക്ക് വിമാനം കയറുമ്പോള്‍ അങ്ങിനെയൊരു സന്ദര്‍ഭം അഭിമുഖീകരിക്കേണ്ടി വരുമെന്ന് വിദൂര സങ്കല്‍പ്പത്തി ല്‍ പോലും ഉണ്ടായിരുന്നില്ല. സാധാരണ, വിമാനം കയറുമ്പോള്‍ ഉള്‍ഭയം തോന്നാറുണ്ട്. അത്തവണ അതുപോലും സംഭവിച്ചിരുന്നില്ല-മൂന്ന് വര്‍ഷം മുമ്പ് മംഗലാപുരം വിമാന ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട, ഉമ്മുല്‍ഖുവൈനില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ കുറുമാത്തൂര്‍ സ്വദേശി കെ പി മായിന്‍കുട്ടി, അന്ന് മരണത്തെ അഭിമുഖീകരിച്ചത് ഓര്‍ത്തെടുക്കുകയാണ്.
നാട്ടിലേക്കുള്ള യാത്ര എന്നും ഉത്സാഹഭരിതമാണ്. ഉമ്മുല്‍ഖുവൈനില്‍ നിന്ന് ദുബൈ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ പതിവുപോലെ ആദ്യം പരിശോധിച്ചത്, പാസ്‌പോര്‍ട്ടും ടിക്കറ്റും ഭദ്രമായി ഉണ്ടല്ലോ എന്നാണ്. ഡ്യൂട്ടി ഫ്രീയില്‍ നിന്ന് കുട്ടികള്‍ക്ക് കുറച്ച് മിഠായികളും മറ്റും വാങ്ങി. ഭാര്യക്കുള്ള സ്വര്‍ണം നേരത്തെ വാങ്ങി ഹാന്‍ഡ് ബാഗേജില്‍ ഭദ്രമായി സൂക്ഷിച്ചിരുന്നു. വിമാനത്തിന്റെ മധ്യഭാഗത്താണ് സീറ്റ് ലഭിച്ചത്. രാത്രിയായിരുന്നതിനാല്‍ വിമാനത്തില്‍, വെച്ച് അല്‍പം മയങ്ങി. മംഗലാപുരത്തെത്തി എന്ന അറിയിപ്പ് ആകാശത്തു വെച്ച് കിട്ടിയപ്പോള്‍ ഉണര്‍ന്നു. പുലര്‍ച്ചെ ആയിരുന്നതിനാല്‍, ദൂരെ ഭൂമിയില്‍ കുറച്ച് വഴിവിളക്കുകളുടെ മിന്നലാട്ടം മാത്രമേ കണ്ടുള്ളൂ.
പൊടുന്നനെ, വിമാനം ആടിയുലഞ്ഞു. ഉഗ്രശബ്ദമുണ്ടായി. പിന്നെ ഒന്നും ഓര്‍മയില്ലായിരുന്നു. കണ്ണു തുറന്നു നോക്കിയപ്പോള്‍, വെളിച്ചത്തിന്റെ ഒരു കീറ് വന്നു പതിച്ചു. അപ്പോഴും സീറ്റ് ബെല്‍റ്റുണ്ടായിരുന്നു. അത്, ഊരി പുറത്തേക്ക് ഇഴഞ്ഞിറങ്ങി. വിമാനം രണ്ടായി പിളര്‍ന്നിരിക്കുന്നുവെന്നും മുന്‍ഭാഗത്തിന് തീപിടിച്ചുവെന്നും കാണാനായി. മേലാസകലം വേദനിച്ചുവെങ്കിലും നടക്കാന്‍ പ്രയാസമുണ്ടായില്ല. കുറ്റിക്കാടിനിടയിലൂടെ റണ്‍വേയുടെ അടുത്തെത്തി. പിന്നില്‍ തീയും പുകയും ഉയരുന്നത് അപ്പോഴും കാണാം. കീശ തപ്പിയപ്പോള്‍, പാസ്‌പോര്‍ട്ട് ഒരു കേടും കൂടാതെ അവിടെ തന്നെയുണ്ട്. ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു-ബന്ധുമിത്രാദികള്‍ എത്തിയപ്പോഴാണ് ഒന്നും ഒരു ദുഃസ്വപ്‌നമായിരുന്നില്ലെന്ന് തിരിച്ചറിഞ്ഞതെന്ന് മായിന്‍കുട്ടി പറയുന്നു.
അന്ന് വിമാനത്തില്‍ 160 യാത്രക്കാരും ആറ് വിമാന ജോലിക്കാരുമാണ് ഉണ്ടായിരുന്നത്. മംഗലാപുരം, കണ്ണൂര്‍, ദക്ഷിണ കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഏറെയും. എട്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അവരില്‍ ഒരാള്‍ ഇന്ന് മായിന്‍കുട്ടിയുടെ ആത്മാര്‍ഥ സുഹൃത്താണ്. മാങ്ങാട് കോടിക്കുന്നിലെ കൃഷ്ണനാണ് ആ സുഹൃത്ത്. കൃഷ്ണന്‍ ഇപ്പോള്‍ ഖത്തറില്‍ ജോലി അന്വേഷണത്തിലാണ്.
ഞാന്‍ കൃഷ്ണന്റെ തറവാട്ടു വീട്ടീല്‍ പോയിട്ടുണ്ട്. അയാളെയും എന്നെയും രക്ഷിച്ചത് ഒരേ പടച്ചവനാണ്. ഞങ്ങളുടെ സൗഹൃദം, ഞങ്ങളുടെ ഉറ്റവരിലേക്കും പടര്‍ന്നു.
എന്റെ കുടുംബം കൃഷ്ണന്റെ കുടുംബത്തെ ഇടക്കിടെ സന്ദര്‍ശിക്കുന്നു. കൃഷ്ണന് മികച്ച ഒരു ജോലി ലഭിക്കണമെന്നാണ് എന്റെ പ്രാര്‍ഥന. കൃഷ്ണന് എന്നെക്കാള്‍ പരുക്കുണ്ടായിരുന്നു. ദീര്‍ഘനാളത്തെ ആശുപത്രി വാസം ഞങ്ങള സാമ്പത്തിക ഞെരുക്കത്തിലാഴ്ത്തി. ഞാന്‍ ഏതാണ്ട് അഞ്ച് മാസം കഴിഞ്ഞ് യു എ ഇയില്‍ തിരിച്ചെത്തി. പഴയ കമ്പനി, സ്‌നേഹപൂര്‍വം സ്വീകരിച്ചു.
അതേസമയം എയര്‍ഇന്ത്യയില്‍ നിന്ന് കാര്യമായ സഹായം ലഭ്യമായി എന്നു പറയാന്‍ കഴിയില്ല. ഞാനും കൃഷ്ണനും കൊച്ചിയില്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. അഡ്വ. കോടോത്ത് ശ്രീധരന്‍ മുഖേനയുള്ള കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. എയര്‍ഇന്ത്യ അന്ന് പ്രഖ്യാപിച്ച നഷ്ടപരിഹാരം പൂര്‍ണമായും ലഭിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.
എന്റെ മകന്‍ മുനവര്‍ എം ബി എക്കു പഠിക്കുന്നു. മകള്‍ ജുമാന പ്ലസ് ടുവിനും. അവര്‍ക്കൊക്കെ വേണ്ടിയാണ് പടച്ചവന്‍ ഈ ജീവിതം നീട്ടിത്തന്നത്-മായിന്‍കുട്ടി രണ്ടാം ജന്മത്തെ വിലയിരുത്തുന്നത് ഇങ്ങനെ.

Latest