Connect with us

Kozhikode

ടി പി വധം: രക്തംപുരണ്ട മണ്ണ് കോടതി തെളിവായി സ്വീകരിച്ചു

Published

|

Last Updated

കോഴിക്കോട:് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് പോലീസ് ശേഖരിച്ച രക്തം പുരണ്ട മണ്ണ് കേസിന്റെ വിചാരണ നടക്കുന്ന എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി തെളിവായി സ്വീകരിച്ചു. കോഴിക്കോട് ക്രൈം റെക്കോഡ്‌സ് ബ്യൂറോ സയന്റിഫിക് അസിസ്റ്റന്റ് എ കെ രമ്യയെ വിസതരിക്കുന്നതിനായാണ് മണ്ണ് പ്രോസിക്യൂഷന്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്‍ നാരായണ പിഷാരടിക്ക് മുമ്പാകെ ഹാജരാക്കിയത്. രമ്യയെ കൂടാതെ ടി പിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിക്ക് ഹാജരായിരുന്ന കോടഞ്ചേരി പോലീസ് സ്റ്റേഷ ന്‍ സി പി ഒ പത്മനാഭനെയും കോടതി വിസ്തരിച്ചു.
ടി പി കൊല്ലപ്പെട്ടതിന്റെ പിറ്റേ ദിവസം രാവിലെ 9.30ന് അദ്ദേഹം വെട്ടേറ്റുവീണ വടകര വള്ളിക്കാട് ജംഗ്ഷനിലെ സംഭവസ്ഥലം താന്‍ പരിശോധിച്ചതായി രമ്യ മൊഴി നല്‍കി. കോഴിക്കോട് ക്രൈം റെക്കോഡ്‌സ് ബ്യൂറോ അസിസ്റ്റ്ന്റ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. ഉച്ചക്ക് രണ്ട് വരെ അവിടെ ഉണ്ടായിരുന്നു. വടകര ഡി വൈ എസ് പി സംഭവസ്ഥലത്ത് തന്നോടൊപ്പമുണ്ടായിരുന്നു. സംഭവ സ്ഥലത്ത് നിന്നും പരിശോധിച്ച് രക്തംപുരണ്ട മണ്ണിന്റെ സാമ്പിളുകള്‍, പേപ്പര്‍ തുണ്ടുകള്‍, ചാക്ക് നൂല്‍, വെടിമരുന്ന് പൊടി ഒപ്പിയെടുത്ത കോട്ടന്‍ തുണി, രക്തം പുരളാത്ത മണ്ണ് എന്നിവ ശേഖരിച്ച് കുറ്റിയാടി സി ഐക്ക് കൈമാറി. അന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കുറ്റിയാടി സി ഐ ആയതുകൊണ്ടാണ് സാമ്പിളുകള്‍ അദ്ദേഹത്തിന് കൈമാറിയത്. സംഭവ സ്ഥലത്തുവച്ചുതന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. മഹസറില്‍ താന്‍ ഒപ്പിട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഡി വൈ എസ് പി തന്നെ ചോദ്യം ചെയ്യുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. സംഭവസ്ഥലത്ത് അപ്പോള്‍ ധാരാളം പേര്‍ ഉണ്ടായിരുന്നുവെന്നും രമ്യ മൊഴി നല്‍കി. പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയ പാക്കറ്റുകള്‍ക്കുള്ളില്‍ എന്താണെന്ന് അഴിച്ചുനോക്കാതെ തനിക്ക് പറയാന്‍ കഴിയില്ലെന്നും രമ്യ അറിയിച്ചു.
താമരശ്ശേരി സി ഐയുടെ നിര്‍ദേശപ്രകാരമാണ് ടി പി ചന്ദ്രശേഖരന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന മെഡിക്കല്‍ കോളജില്‍ താന്‍ ഡ്യൂട്ടിക്ക് ഹാജരായതെന്ന് പത്മനാഭന്‍ മൊഴിനല്‍കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ ശേഷം രക്തബന്ധുവായ രാജ്‌മോഹന്‍ എന്നയാള്‍ക്ക് വിട്ടുകൊടുത്തുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
പ്രോസിക്യൂഷനു വേണ്ടി അഡ്വ. കുമാരന്‍കുട്ടിയും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ബി വിശ്വന്‍, അഡ്വ ശ്രീകുമാര്‍, അഡ്വ വിനോദ് ചമ്പോളന്‍ എന്നിവരും ഹാജരായി.

 

Latest