ഒരു മരണ വ്യാപാരിയുടെ അന്ത്യവും സി ഐ എയും

Posted on: May 23, 2013 5:30 am | Last updated: May 22, 2013 at 11:10 pm
SHARE

അര്‍ജന്റീനയില്‍ എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ ആദ്യത്തിലും നടന്ന നിഷ്ഠൂരമായ കൂട്ടക്കൊലകളുടെ സൂത്രധാരനായിരുന്ന യോര്‍ഗ് റാഫേല്‍ വിദേല എന്ന സ്വേച്ഛാധിപതി ബ്യൂണസ് ഐറീസിലെ ജയിലറയില്‍ കഴിഞ്ഞ മെയ് 20ന് മരിച്ചു. ഈ പട്ടാള സ്വേച്ഛാധിപതിയുടെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ ലാറ്റിനമേരിക്കയില്‍ സി ഐ എ നടത്തിയ നരവേട്ടകളുടെയും രാഷ്ട്രീയ അട്ടിമറികളുടെയും ക്രൂരമായ സംഭവങ്ങളിലേക്ക് ഒരിക്കല്‍ കൂടി ലോകശ്രദ്ധ ക്ഷണിക്കുകയുണ്ടായി. മനുഷ്യരാശിക്ക് ഒരിക്കലും പൊറുക്കാനാകാത്ത ആ മഹാപാതകങ്ങള്‍ വിദൂര ഭൂതകാലത്തിലെങ്ങോ അവസാനിച്ചുപോയ നിഷ്ഠൂരതകളല്ല. ഇന്നും അമേരിക്കന്‍ ഭരണകൂടം തങ്ങള്‍ക്കനഭിമതരായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ജനസമൂഹങ്ങള്‍ക്കും നേരെ തുടരുന്ന നരഹത്യാ നടപടികളാണ്. മധ്യപൂര്‍വ ദേശത്തും ആഫ്രിക്കയിലും ലാറ്റിനമേരിക്കന്‍ നാടുകളിലും സി ഐ എ ആസൂത്രിതമായ രാഷ്ട്രീയ അട്ടിമറികള്‍ക്കുള്ള ഗൂഢാലോചനകളും സൈനികാക്രമണങ്ങളും തുടരുകയാണ്. മതഗോത്ര വംശീയ പ്രസ്ഥാനങ്ങളെയും നാനാതരം സ്വത്വ രാഷ്ട്രീയ ഗ്രൂപ്പുകളെയും ഇതിനായി സി ഐ എ ആഗോള തലത്തില്‍ തന്നെ രൂപപ്പെടുത്തുന്നു.
1976ലാണ് പട്ടാള അട്ടിമറിയിലൂടെ വിദേല അര്‍ജന്റീനയില്‍ അധികാരത്തില്‍ വരുന്നത്. ഇടതുപക്ഷ സായുധ ഗ്രൂപ്പുകളും ബഹുജന പ്രസ്ഥാനങ്ങളും അര്‍ജന്റീനയിലെ നവകൊളോണിയല്‍ ഭരണാധികാരികള്‍ക്കെതിരെ നടത്തുന്ന പോരാട്ടങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്ന പദ്ധതികളുമായാണ് വിദേലയുടെ മര്‍ദക ഭരണം ആരംഭിക്കുന്നത്.
ഐ എം എഫ് വായ്പക്കും യുനൈറ്റഡ് ഫ്രൂട്‌സ് കമ്പനികള്‍ പോലുള്ള ബഹൂരാഷ്ട്ര കുത്തകള്‍ക്കുമെതിരായി ജനവികാരം ലാറ്റിനമേരിക്കയിലാകമാനം ആഞ്ഞടിക്കുന്ന കാലമായിരുന്നു. ചിലിയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നേതൃത്വം കൊടുത്ത അലന്‍ഡെെയ വധിക്കുകയും പിനോഷെയുടെ സ്വേച്ഛാധിപത്യ ഭരണം ആരംഭിക്കുകയും ചെയ്തു. എല്‍സാല്‍വഡോറില്‍ മൃഗീയമായ കൂട്ടക്കൊലകള്‍ നടത്തിക്കൊണ്ടാണ് സി ഐ എ പരിശീലിപ്പിച്ചെടുത്ത ഡെത്ത് സ്‌ക്വാഡുകള്‍ ഇടതുപക്ഷ വിമോചന ശക്തികളെ ഉന്മൂലനം ചെയ്തത്. എല്‍സാല്‍വഡോറില്‍ മാത്രം ഇക്കാലത്ത് സി ഐ എ ഓപ്പറേഷനായി 450 കോടി ഡോളറാണ് അമേരിക്കന്‍ ഭരണകൂടം ഒഴുക്കിയത്. കത്തോലിക്കാ പുരോഹിതന്മാരും കന്യാസ്ത്രീകളും വരെ വേട്ടയാടപ്പെടുകയുണ്ടായി. ഗ്വാട്ടിമാലയില്‍ അപ്രത്യക്ഷരാക്കപ്പെട്ടവരുടെ എണ്ണം പോലും എത്രയാണെന്ന് തിട്ടമില്ല.
പരാഗ്വയില്‍ ആല്‍ഫ്രസോ സ്‌ട്രോസ്‌നറുടെ പട്ടാള സ്വേച്ഛാധിപത്യം ഭീകരമായ വേട്ടയാണ് നടത്തിയത്. വിദേലയും ചിലിയിലെ പിനൊഷെയും പരാഗ്വയിലെ സ്‌ട്രോസ്‌നറും ചേര്‍ന്ന് ലാറ്റിനമേരിക്കന്‍ മേഖലയിലെ ‘കമ്യൂണിസ്റ്റ് ഭീഷണി’യെ അടിച്ചമര്‍ത്തുകയായിരുന്നു. അര്‍ജന്റീനയില്‍ മാത്രം 50,000 ഓളം യുവാക്കളാണ് ഇക്കാലത്ത് അപ്രത്യക്ഷഷായത്. മക്കള്‍ നഷ്ടപ്പെട്ട അമ്മമാരുടെ ഒരു പ്രസ്ഥാനം തന്നെ അവിടെ രൂപം കൊള്ളുകയുണ്ടായി. അവര്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ കൊണ്ടുവന്ന വിനേലയുടെ ക്രൂരതകള്‍ ഹൃദയഭേദകവും മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതുമായിരുന്നു. തങ്ങളുടെ മക്കളെയെല്ലാം സൈന്യത്തിനകത്തെ ഡെത്ത് സ്‌ക്വാഡുകള്‍ കൊണ്ടുപോയി കൊല്ലുകയായിരുന്നുവെന്നാണ് രോഷത്തോടെയും ഗദ്ഗദത്തോടെയും ഈ അമ്മമാര്‍ ലോകത്തോട് പറഞ്ഞത്.
ആയിരക്കണക്കിന് ഇടതുപക്ഷ പ്രവര്‍ത്തകരെ വിദേലയുടെ ഡെത്ത് സ്‌ക്വാഡുകള്‍ കൊന്നുടൊക്കുകയായിരുന്നു. കലാലയങ്ങളില്‍ ഓടിക്കയറുന്ന ഡെത്ത് സ്‌ക്വാഡുകള്‍ വിദ്യാര്‍ഥികളെ കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോയി അത്യന്തം നീചമായ കൊലപാതകത്തിന് വിധേയരാക്കുന്നത് വിദേല ഭരണകാലത്ത് പതിവായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകരെ മയക്കുമരുന്ന് കുത്തിവെച്ച് വിമാനത്തില്‍ നിന്ന് ജീവനോടെ കടലില്‍ എറിയുകയായിരുന്നു. ഗ്രാമങ്ങളില്‍ അതിക്രമിച്ചുകടന്ന് സൈനിക ബറ്റാലിയനുകള്‍ കൂട്ടക്കുരുതികള്‍ നടത്തുക എന്നതും വിദേലയുടെ നരഹത്യാ പദ്ധതികളുടെ സവിശേഷതയായിരുന്നു. സി ഐ എ നടത്തിയ ഇത്തരം കൂട്ടക്കൊലകളില്‍ ക്ലിന്റന്‍ ഭരണകാലത്ത് അമേരിക്കന്‍ ഭരണകൂടം അന്താരാഷ്ട്ര സമൂഹത്തോട് മാപ്പ് ചോദിക്കുകയുണ്ടായി.
മാനവരാശിക്കെതിരെ അമേരിക്കന്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ നടന്ന ഈ നരഹത്യകളില്‍ ഇപ്പോഴും അമേരിക്ക ഒരു അന്താരാഷ്ട്ര കോടതിയിലും വിചാരണ ചെയ്യപ്പെടുന്നില്ല. അമേരിക്കന്‍ ഭീകരതയുടെ നിര്‍വാഹകരായി പ്രവര്‍ത്തിച്ച് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സ്വേച്ഛാധിപതികള്‍ മാത്രമാണ് വിചാരണ ചെയ്യപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും. ലാറ്റിനമേരിക്കയിലെ പിന്തിരിപ്പന്‍ സൈനിക മേധാവികളെ ഉപയോഗിച്ച് ആ രാജ്യങ്ങളില്‍ അമേരിക്ക നടത്തിയിട്ടുള്ള രക്തപങ്കിലമായ അധിനിവേശങ്ങളും നരഹത്യകളും നിരവധിയാണ്. സ്‌കൂള്‍ ഓഫ് അമേരിക്കാസില്‍ പരിശീലനം ലഭിച്ചവരാണ് ഈ ലാറ്റിനമേരിക്കന്‍ സൈനിക സ്വേച്ഛാധിപതികളെല്ലാം. ലാറ്റിനമേരിക്കയില്‍ നിന്നും കരീബിയന്‍ ദ്വീപ് സമൂഹങ്ങളില്‍ നിന്നുമുള്ള സൈനിക പ്രതിനിധികള്‍ക്ക് ആധുനിക സൈനിക തന്ത്രങ്ങളില്‍ പരിശീലനം നല്‍കുന്നതിന്റെ മറവില്‍ ഈ രാജ്യങ്ങളിലെ അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് ഭീഷണിയാകുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഭരണാധികാരികളെയും ഉന്മൂലനം ചെയ്യാനുള്ള പ്രതിവിപ്ലവ സംഘങ്ങളെ ക്രമപ്പെടുത്തുകയാണ് അമേരിക്കന്‍ ഭരണകൂടവും സി ഐ എയും. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് സി ഐ എ റിക്രൂട്ട് ചെയ്‌തെടുക്കുന്ന യുവാക്കള്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കും കൂട്ടക്കൊലകള്‍ നടത്താനും ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനുമുള്ള പരിശീലനങ്ങളാണ് നല്‍കുന്നത്. ഏറ്റവും നൂതനമായ പീഡനങ്ങളും കൊലപാതക രീതികളുമാണ് അവരെ പഠിപ്പിക്കുന്നത്.
അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ മറച്ചുപിടിക്കാനാവാത്ത വിധം വിദേലയുടെ നരഹത്യകള്‍ അനാവരണം ചെയ്യപ്പെട്ടതോടെയാണ് അര്‍ജന്റീനയിലെ ജനമുന്നേറ്റത്തിന് മുമ്പില്‍ ഈ പട്ടാള സ്വേച്ഛാധിപതി വിചാരണ ചെയ്യപ്പെട്ടത്. 31 രാഷ്ട്രീയ പ്രവര്‍ത്തകരെ പീഡിപ്പിച്ചുകൊന്ന കേസില്‍ 2010ല്‍ കോടതി വിദേലക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചു. ഗര്‍ഭിണികളെ തടവിലിട്ടതിനും അവര്‍ പ്രസവിച്ച കുഞ്ഞുങ്ങളെ കവര്‍ന്നെടുത്തതിനും 2012ല്‍ ഈ നരാധമന് 50 വര്‍ഷത്തെ ശിക്ഷയാണ് കോടതി വിധിച്ചത്. അര്‍ജന്റീനയില്‍ അധികാരത്തിലെത്തിയ ഇപ്പോഴത്തെ ക്രിസ്റ്റഫര്‍ ഫെര്‍ണാണ്ടസിന്റെയും തൊട്ടുമുമ്പത്തെയും ഇടതുപക്ഷ സര്‍ക്കാറുകളാണ് ഈ സ്വേച്ഛാധിപതിക്കെതിരെ കേസെടുത്ത് വിചാരണ നടപടികള്‍ ത്വരിതമാക്കിയത്. മാനവികതക്കെതിരെ ചെയ്ത മഹാപാതകങ്ങളുടെ പേരില്‍ വിചാരണ ചെയ്യപ്പെട്ട വിദേല ശിക്ഷിക്കപ്പെടുകയും ഇപ്പോള്‍ തടവറയില്‍ കിടന്ന് മരിക്കുകയും ചെയ്തു. അപ്പോഴും ഈ മഹാപാതകങ്ങളുടെ ആസൂത്രകരായ അമേരിക്കന്‍ ഭരണകൂടവും സി ഐ എയും രക്ഷപ്പെടുകയാണ്. ഗൂഢാലോചനയും രാഷ്ട്രീയ അട്ടിമറിയും കൊലപാതകങ്ങളും വഴി ലോകാധിപത്യമുറപ്പിക്കാന്‍ ശ്രമിക്കുന്ന സാമ്രാജ്യത്വ ഭീകരന്മാര്‍ ലോകജനതയുടെ മനസ്സാക്ഷിക്കോടതിയില്‍ വിചാരണ ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നുണ്ട്.

 

[email protected]

LEAVE A REPLY

Please enter your comment!
Please enter your name here