ഐപിഎല്‍: മുംബൈയെ തകര്‍ത്ത് ചെന്നൈ ഫൈനലില്‍

Posted on: May 22, 2013 1:06 am | Last updated: May 22, 2013 at 8:12 am
SHARE

Chennai-IPLന്യൂഡല്‍ഹി: മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത്്് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലിലെത്തി. ഡല്‍ഹി ഫിറോസ് ഷാ കോട്‌ലാ മത്സരത്തില്‍ നടന്ന ക്വാളിഫയര്‍ മത്സരത്തില്‍ മുംബൈയെ 48 റണ്‍സിന് തോല്‍പ്പിച്ചാണ് ചെന്നൈ ഫൈനലില്‍ പ്രവേശിച്ചത്്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉയര്‍ത്തിയ 193 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈ മത്സരം അവസാനിക്കാന്‍ 8 പന്ത് ശേഷിക്കെ 144 റണ്‍സിന് ഓള്‍ ഔട്ടായി.

അര്‍ധസെഞ്ച്വറിയെടുത്ത(68) ഡൈ്വന്‍ സ്മിത്താണ് മുംബൈ നിരയില്‍ തിളങ്ങിയത്.

പെട്ടെന്ന് വിക്കറ്റുകള്‍ വീണത് മുംബൈയുടെ സ്‌കോറിംഗിനെ ബാധിച്ചു. കെവിന്‍ പൊള്ളാര്‍ഡ്(24),അമ്പാടി റായിഡു(11), ദിനേശ് കാര്‍ത്തിക്ക്(11) എന്നിങ്ങനെയാണ് മുംബൈ താരങ്ങളുടെ സ്‌കോറുകള്‍.മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ രവീന്ദ്ര ജഡേജയും ഡൈ്വന്‍ ബ്രാവോയും രണ്ട് വിക്കറ്റുകളെടുത്ത മോഹിത് ശര്‍മ്മയുമാണ് മുംബൈ ബാറ്റിംഗ് നിരയെ തകര്‍ത്തത്.

ചെന്നൈ ഇത് നാലാം തവണയാണ് ഐപിഎല്‍ ഫൈനലില്‍ എത്തുന്നത്. രണ്ട് തവണ ജേതാക്കളായി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ മൈക്ക് ഹസിയുടേയും സുരേഷ് റെയ്‌നയുടേയും അര്‍ധ സെഞ്ച്വറികളുടെ മികവിലാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് പടുത്തുയര്‍ത്തിയത്.

രണ്ട് സിക്‌സും 10 ഫോറുകളും ഉള്‍പ്പെടെ 58 പന്തില്‍ 86 റണ്‍സ് ഹസി എടുത്തപ്പോള്‍ അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 42 പന്തില്‍ 82 റണ്‍സ് റെയ്‌ന നേടി. ചെന്നൈയുടെ വിക്കറ്റുകള്‍ വീഴ്ത്താന്‍ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും അതൊന്നും വിജയം കണ്ടില്ല. മിച്ചല്‍ ജോണ്‍സണും ലസിത് മലിംഗയും ഹര്‍ഭജന്‍ സിംഗും ഉള്‍പ്പെടെയുള്ള മുംബൈയുടെ പ്രഗല്‍ഭരായ ബൗളിംഗ് നിര ഹസിയുടേയും റൈനയുടേയും ബാറ്റുകളുടെ ചൂടറിഞ്ഞു. മുരളി വിജയും മൈക്ക് ഹസിയും ചേര്‍ന്ന് മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 53 റണ്‍സാണ് പിറന്നത്. മുരളി വിജയ് 23 റണ്‍സെടുത്ത് പുറത്തായി. കെവിന്‍ പൊള്ളാര്‍ഡിനായിരുന്നു വിക്കറ്റ്.

മൈക്ക് ഹസിയാണ് മാന്‍ ഓഫ് ദി മാച്ച്.