നാട്ടുകാര്‍ തടഞ്ഞുവച്ച കുടിവെള്ള ടാങ്കര്‍ ലോറികള്‍ കൊണ്ടുപോയത് പ്രതിഷേധത്തിനിടയാക്കി

Posted on: May 22, 2013 2:01 am | Last updated: May 22, 2013 at 2:01 am
SHARE

എടപ്പാള്‍: തൃക്കണാപുരം പമ്പ്ഹൗസിന് സമീപത്ത് നാട്ടുകാര്‍ തടഞ്ഞുവച്ച കുടിവെള്ള ടാങ്കര്‍ ലോറികള്‍ നാട്ടുകാരെ അറിയിക്കാതെ കൊണ്ടുപോയത് പ്രതിഷേധത്തിനിടയാക്കി.
കാലടി പഞ്ചായത്ത് പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും നിര്‍ദേശത്തെ തുടര്‍ന്ന് എടപ്പാള്‍ വാട്ടര്‍ അതോറിറ്റി എ ഇയുടെ സമ്മത പ്രകാരമാണ് ടാങ്കര്‍ ലോറികള്‍ കൊണ്ടുപോയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് സംഭവം. വിതരണത്തിനായുള്ള കുടിവെള്ളം വിതരണം ചെയ്യാതെ നിര്‍മാണ പ്രവൃത്തിക്ക് വെള്ളം വില്‍ക്കുന്നവെന്നാരോപിച്ച് നാട്ടുകാര്‍ കുടിവെള്ള ടാങ്കര്‍ ലോറികള്‍ ഞായറാഴ്ചയാണ് തടഞ്ഞിട്ടത്.
പരിഹാരമാകാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച തൃക്കണാരുരം പമ്പ്ഹൗസിലെ ജീവനക്കാരനെ നാട്ടുകാര്‍ പൂട്ടിയിടുകയും, ഒടുവില്‍ പൊന്നാനി തഹസില്‍ദാര്‍, കുറ്റിപ്പുറം എസ് ഐ, എടപ്പാള്‍ വാട്ടര്‍ അതോറിറ്റി എന്നിവര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തിയാണ് പമ്പ് ഹൗസിലെ ജീവനക്കാരനെ മോചിപ്പിച്ചത്.
കാലടി പഞ്ചായത്തിലെ കുടിവെളളം രൂക്ഷമായ പ്രദേശങ്ങളിലേക്ക് വിതരണത്തിനായി തൃക്കണാപുരം പമ്പ് ഹൗസില്‍ നിന്നാണ് ടാങ്കര്‍ ലോറികളില്‍ വെള്ളം എടുക്കുന്നത്. എന്നാല്‍ ടാങ്കര്‍ ലോറിലെ കുടിവെള്ള വിതരണം നടത്തുന്നതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പരിശോധന നടത്തിയപ്പോള്‍ വെള്ളം കാലടി പഞ്ചായത്തില്‍ വിതരണം ചെയ്യാതെ നിര്‍മാണ പ്രവൃത്തിക്ക് വെള്ളം വില്‍ക്കുന്നുവെന്ന് നാട്ടുകാര്‍ക്ക് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്.
തൃക്കണാപൂരം, തങ്ങള്‍പ്പടി എന്നീ ഭാഗങ്ങളില്‍ കഴിഞ്ഞ 10 ദിവസമായി വെള്ളമില്ലാത്തതും നാട്ടുകാരെ പ്രതിഷേധത്തിന് രോഷം കൂട്ടിയിരുന്നു. കുടിവെള്ളം രൂക്ഷമായി പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും നാട്ടുകാര്‍ പിടിച്ചിട്ട കുടിവെള്ള ടാങ്കര്‍ ലോറിലെ വെള്ളം എന്തിനാണ് ഉപയോഗിക്കുന്നതെന്ന് അന്വേഷണം നടത്തി നാട്ടുകാരെ ബോധ്യപ്പെടുത്തുമെന്നും പൊന്നാനി തഹസില്‍ദാര്‍, എടപ്പാള്‍ വാട്ടര്‍ അതോറിറ്റി എ ഇ, കുറ്റിപ്പുറം എസ് ഐ എന്നിവര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നാട്ടുകാരെ ബോധ്യപ്പെടുത്താതെ ലോറികള്‍ എടുത്തുകൊണ്ടുപോയതില്‍ നാട്ടുകാര്‍ രോഷാകുലരാണ്.
സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പ്രതിനിധികളെ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലേക്ക് ഇന്ന് രാവിലെ 10ന് എസ് ഐ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here