തവനൂര്‍ പമ്പ്ഹൗസ് പുതുക്കി പണിയുന്നതിനിടെ കോണ്‍ക്രീറ്റ് തകര്‍ന്ന് വീണു

Posted on: May 22, 2013 1:59 am | Last updated: May 22, 2013 at 1:59 am
SHARE

എടപ്പാള്‍: തവനൂര്‍ പമ്പ് ഹൗസ് പുതുക്കിപ്പണി ചെയ്യുന്നതിനിടെ പ്രധാന സ്ലാബിന്റെ കോണ്‍ക്രീറ്റ് ചെയ്ത ഭാഗം തകര്‍ന്നു വീണു. വന്‍ അപകടം ഒഴിവായി. ഇന്നലെ ഉച്ചതിരിഞ്ഞ് 2.30 ഓടയാണ് അപകടം.
പ്രധാന സ്ലാബിന്റെ കോണ്‍ക്രീറ്റ് നടന്നുകൊണ്ടിരിക്കെ സ്ലാവിന്റെ ഒരു ഭാഗം തകര്‍ന്നു വീഴുന്നത് കണ്ട് തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടത് മൂലം വന്‍ അപകടമാണ് ഒഴിവായത്. കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ സ്ലാബിനടിയില്‍ ശരിയായ രീതിയില്‍ ബലമുള്ള മുട്ട് കൊടുക്കാത്തതിനെ തുടര്‍ന്നാണ് തകര്‍ന്ന് വീണത്. മൈന്‍ സ്ലാബിനോട് ചേര്‍ന്ന സന്‍സൈഡിനും തകര്‍ച്ച അനുഭവപ്പെട്ടിട്ടുണ്ട്. ഭീമിനും നേരിയതോതില്‍ വിള്ളലുണ്ട്. കോണ്‍ക്രീറ്റ് നടക്കുമ്പോള്‍ ഉദ്യോഗസ്ഥരാരും സ്ഥലത്തുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
60 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള തവനൂര്‍ പമ്പ് ഹൗസ് പൂര്‍ണമായും പൊളിച്ചുമാറ്റിയാണ് പുതുക്കിപ്പണിയുന്നത്. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുമ്പോഴും ഒച്ചിന്റെ വേഗത്തിലുള്ള നിര്‍മാണത്തില്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കെ ടി ജലീല്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും എം എല്‍ എ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ പ്രവൃത്തിക്ക് ആക്കം കൂടുകയും ചെയ്തിരുന്നു.
പമ്പ്ഹൗസില്‍ സ്ഥാപിക്കേണ്ട ഉയര്‍ന്ന കുതിര ശക്തിയുള്ള വിലപിടിപ്പുള്ള നാല് മോട്ടോറുകള്‍ ഇപ്പോഴും കാറ്റും മഴയും വെയിലുമേറ്റ് കിടക്കുകയാണ്. മോട്ടോറുകള്‍ നശിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയും പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പ്ലാസിറ്റിക് കവര്‍ കൊണ്ട് മൂടിയിരിക്കുകയാണ്.
രണ്ട് ദിവസം മുന്‍പ് പെയ്ത മഴയില്‍ മോട്ടോറിനുള്ളലേക്ക് വെള്ളം കയറിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. അഞ്ച് മാസം മുന്‍പാണ് മോട്ടോറുകള്‍ പമ്പ്ഹൗസിന് സമീപത്തേക്ക് മാറ്റിയത്.