വിനോദ് ജയിച്ചപ്പോള്‍ പിറന്നത് ചോലനായ്ക്കരുടെ പുതുചരിതം

Posted on: May 22, 2013 1:51 am | Last updated: May 22, 2013 at 1:51 am
SHARE

കോഴിക്കോട്: പത്തനംതിട്ട വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന് ഹ്യുമാനിറ്റീസില്‍ 70 ശതമാനം മാര്‍ക്കോടെ വിനോദ് പ്ലസ്ടു പാസായപ്പോള്‍ പിറന്നത് ചോലനായ്ക്കരുടെ പുതിയ ചരിത്രം. കിര്‍ത്താഡ്‌സ് ക്യാമ്പസില്‍ തുടങ്ങിയ വംശീയ വൈദ്യന്മാരുടെ ക്യാമ്പില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം വിനോദായിരുന്നു. സംസ്ഥാനത്തെ ഏറെ പിന്നാക്കം നില്‍ക്കുന്ന പട്ടികവര്‍ഗ വിഭാഗമായ ചോലനായ്ക്കരില്‍ നിന്ന് ആദ്യം പ്ലസ്ടു പാസായത് സമുദായത്തിനാകെ പ്രചോദനമാകാനായി മന്ത്രി പി കെ ജയലക്ഷ്മി ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.
നിലമ്പൂര്‍ ചോലനായ്ക്ക കോളനിയിലെ കൂലിപ്പണിക്കാരായ മണ്ണള ചെല്ലന്റെയും വിജയയുടെയും മകനാണ് വിനോദ്. നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ നിന്ന് 60 ശതമാനത്തിലേറെ മാര്‍ക്ക് നേടിയാണ് എസ് എസ് എല്‍ സി പാസായത്. ബി എ ഇക്കണോമിക്‌സില്‍ മികച്ച വിജയമാണ് വിനോദിന്റെ അടുത്ത ലക്ഷ്യം. പഠനത്തില്‍ മിടുക്കികളായ മൂന്ന് അനുജത്തിമാരും ചേട്ടന്റെ വഴിയെ ഉണ്ടാകുമെന്നാണ് നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രതീക്ഷ.