Connect with us

Kozhikode

ട്രെയിന്‍ കയറാന്‍ മുഖ്യമന്ത്രിക്ക് ഓടേണ്ടി വന്ന സാഹചര്യം: അന്വേഷണമാരംഭിച്ചു

Published

|

Last Updated

കൊയിലാണ്ടി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ട്രെയിന്‍ യാത്ര സംബന്ധിച്ച് സുരക്ഷാ വീഴ്ചയുണ്ടായോ എന്ന കാര്യത്തില്‍ പോലീസും സി ആര്‍ പി എഫും അന്വേഷണമാരംഭിച്ചു. വടകര സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി. കെ കെ മൊയ്തീന്‍കുട്ടിയും പാലക്കാട് ആര്‍ പി എഫ് കമാണ്ടറുമാണ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 9.40ന് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസില്‍ കയറിയത്. വണ്ടി പുറപ്പെടാന്‍ നിമിഷങ്ങള്‍ മാത്രം ഉള്ളപ്പോഴാണ് മുഖ്യമന്ത്രിയും സംഘവും സ്റ്റേഷനില്‍ എത്തിയത്. വണ്ടിയില്‍ കയറാന്‍ മുഖ്യമന്ത്രിക്ക് തിടുക്കപ്പെട്ട് ഓടേണ്ടി വന്നു. മുഖ്യമന്ത്രി വണ്ടിയില്‍ കയറുന്ന വിവരം മുന്‍കൂട്ടി അറിയിച്ചില്ലെന്നാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം.
ചെറുവണ്ണൂരില്‍ പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം രാത്രി 9.20നാണ് കൊയിലാണ്ടിയില്‍ കെ ശിവരാമന്‍ അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി എത്തിയത്.
സമയം വൈകിയതിനാല്‍ വടകരയില്‍ നിന്നും കൊയിലാണ്ടിയില്‍ നിന്നും മുഖ്യമന്ത്രി വണ്ടി കയറാന്‍ സാധ്യതയുണ്ടെന്ന വിവരം റെയില്‍വേ അധികൃതരെ ആരും അറിയിച്ചില്ലത്രെ. കൊയിലാണ്ടിയിലെ പരിപാടിക്ക് ശേഷം കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തി മാവേലി എക്‌സ്പ്രസില്‍ കയറാനായിരുന്നു ആദ്യ തീരുമാനം. അപ്പോഴേക്കും വണ്ടി കൊയിലാണ്ടിയില്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞ് മുഖ്യമന്ത്രിയുടെ വാഹനം കൊയിലാണ്ടി സ്റ്റേഷനിലേക്ക് തിരിച്ചു. മുഖ്യമന്ത്രി എത്തുമ്പോള്‍ വണ്ടി പുറപ്പെടാന്‍ രണ്ട് മിനിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്റ്റേഷന്‍ മാസ്റ്റര്‍ സിഗ്‌നല്‍ വൈകിപ്പിച്ചത് കൊണ്ട് മാത്രമാണ് മുഖ്യമന്ത്രിക്ക് വണ്ടിയില്‍ കയറാനായത്.

Latest