മണാശ്ശേരി- കൂളിമാട് റോഡ് പരിഷ്‌കരണ പ്രവൃത്തി നീളുന്നു

Posted on: May 22, 2013 1:35 am | Last updated: May 22, 2013 at 1:35 am
SHARE

മുക്കം: 2010 ഡിസംബറില്‍ ആരംഭിച്ച മണാശ്ശേരി, കൂളിമാട് റോഡിന്റെ പരിഷ്‌കരണ പ്രവൃത്തി നീളുന്നു. കഴിഞ്ഞ മഴക്കാലത്തിന് മുമ്പ് തീര്‍ക്കേണ്ടിയിരുന്നതായിരുന്നു പ്രവൃത്തി. മണാശ്ശേരി മുതല്‍ പുല്‍പ്പറമ്പ് വരെയുള്ള ഭാഗങ്ങളില്‍ റോഡിന്റെ ഉയരക്കുറവ് പരിഹരിക്കുന്നതിനും ആറ് കലുങ്കുകള്‍ നിര്‍മിക്കുന്നതിനും വേണ്ടിയാണ് ജില്ലാ പഞ്ചായത്ത് ആദ്യ പ്രവൃത്തിക്ക് 43 ലക്ഷം രൂപ അനുവദിച്ചത്.
പൊറ്റശ്ശേരി വയല്‍ ഭാഗത്ത് റോഡില്‍ മണ്ണിട്ടുയര്‍ത്തുന്ന പ്രവൃത്തി ആരംഭിച്ചെങ്കിലും പിന്നീട് നിലച്ചു. കഴിഞ്ഞ വര്‍ഷക്കാലം മുഴുവന്‍ ചെളിയില്‍ മുങ്ങിയാണ് പ്രദേശത്തുകാര്‍ യാത്ര ചെയ്തത്. നാട്ടുകാര്‍ നിരന്തരം ആവശ്യങ്ങളുന്നയിച്ച് ജില്ലാ പഞ്ചായത്ത്, കലക്ടര്‍, ജനപ്രതിനിധികള്‍ എന്നിവരെ സമീപിച്ചെങ്കിലും ഒരു മാറ്റവുമുണ്ടായില്ല. പിന്നീട് ഉപരോധ സമരം നടത്തിയതിനെ തുടര്‍ന്ന് റോഡിന്റെ വശം കെട്ടാനാരംഭിച്ചു.
എന്നാല്‍, റോഡ്, കലുങ്ക് പ്രവൃത്തികള്‍ ആരംഭിച്ചില്ല. മാസങ്ങള്‍ക്കു ശേഷം ഇപ്പോള്‍ റോഡിന്റെ സോളിംഗ്, ഒരു കലുങ്കിന്റെ പകുതിഭാഗം പ്രവൃത്തി എന്നിവ കഴിഞ്ഞു. ബാക്കിയുള്ള രണ്ട് കലുങ്കുകളുടെ നിര്‍മാണവും റോഡ് ടാറിംഗും ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. കരാറുകാരനാണ് പ്രവര്‍ത്തി അകാരണമായി നീട്ടിക്കൊണ്ടുപോകുന്നതെന്നും റോഡ് ഉപരോധിച്ചവര്‍ക്കെതിരെ കേസെടുത്തതായും നാട്ടുകാര്‍ പറയുന്നു.
ഈ റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയായാല്‍ മാത്രമെ മണാശ്ശേരി -ചേന്ദമംഗല്ലൂര്‍ -കവിലട എയര്‍പോര്‍ട്ട് റോഡിന്റെ പ്രവൃത്തിക്കായി പൊതുമരാമത്ത് വകുപ്പിന് ഏറ്റെടുക്കാനാകൂ.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പ്രവൃത്തി തീര്‍ക്കുന്ന മുറക്ക് റോഡ് പി ഡബ്ല്യു ഡി ഏറ്റെടുക്കും. ആറ് കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ ഈ റോഡിനായി നീക്കി വെച്ചിരിക്കുന്നത്.