Connect with us

Kozhikode

ചെമ്പുകടവില്‍ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശം

Published

|

Last Updated

താമരശ്ശേരി: കോടഞ്ചേരിയിലെ ചെമ്പുകടവ് അംബേദ്കര്‍ ആദിവാസി കോളനിയില്‍ ക്ഷയരോഗം ബാധിച്ച് മരിച്ച യുവാവിന്റെ കുടുംബത്തെ മന്ത്രി പി കെ ജയലക്ഷ്മി സന്ദര്‍ശിച്ചു. കോളനിയില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനത്തിന് സ്ഥലം എം എല്‍ എ യുടെ നേതൃത്വത്തില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. നാലര കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ചെമ്പുകടവ് -അംബേദ്കര്‍ കോളനി റോഡ് മന്ത്രി തുറന്നുകൊടുത്തു.
കാട്ടുപണിയ വിഭാഗത്തില്‍പ്പെട്ട 24 കുടുംബങ്ങളാണ് അംബേദ്കര്‍ കോളനിയില്‍ താമസിക്കുന്നത്. ആറ് മാസത്തിലേറെയായി കുടിവെള്ളമില്ലെന്നും ചെമ്പുകടവ് പുഴയിലെ മലിനമായ വെള്ളം തലച്ചുമടായി എത്തിച്ചാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്നും കോളനി നിവാസികള്‍ മന്ത്രിയെ അറിയിച്ചു. വീടുകളില്‍ ഫര്‍ണീച്ചറുകളോ, പാത്രങ്ങളോ ആവശ്യത്തിനില്ല. തുടര്‍ വിദ്യാഭ്യാസത്തിന് താത്പര്യമുള്ളവര്‍ക്ക് അവസരമൊരുക്കാനും കുടിവെള്ളമെത്തിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും കോളനി വാസികള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.
കോളനിയിലെ പ്രധാന പ്രശ്‌നം മദ്യമാണെന്നും ആദിവാസികളെ മദ്യത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കലാണ് പ്രധാനമെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കോടഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സി മോയിന്‍കുട്ടി എം എല്‍ എ മന്ത്രിയോട് ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് അംഗം വി.ഡി ജോസഫ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍ ബ്ലോക്ക് പഞ്ചായത്തംഗം ഇ കെ വിജയന്‍, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, ട്രൈബല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.