ബോളിവുഡ് + ഐ പി എല്‍ = വാതുവെപ്പ്‌

Posted on: May 22, 2013 12:31 am | Last updated: May 22, 2013 at 12:31 am
SHARE

മുംബൈ: ഐ പി എല്‍ വാതുവെപ്പില്‍ വിന്ദു ധാരാസിംഗ് പിടിയിലായതോടെ ബോളിവുഡ് കുലുങ്ങി. ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തിയ ഐ പി എല്‍, നിശാപാര്‍ട്ടികളില്‍ മാത്രമല്ല വാതുവെപ്പിലും ഇവരെ ഒരുമിപ്പിക്കുന്നുവെന്ന വ്യക്തമായ സൂചനയാണ് വിന്ദു ധാരാ സിംഗിന്റെ അറസ്റ്റ്.
ഹര്‍ഭജന്‍ സിംഗ്, മഹേന്ദ്ര സിംഗ് ധോണി എന്നിവരുമായി അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് വിന്ദു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മത്സരങ്ങള്‍ കാണാനെത്തുന്ന സന്ദര്‍ഭങ്ങളില്‍ ധോണിയുടെ ഭാര്യ സാക്ഷിയുടെ സുഹൃദ്‌വലയത്തിലായിരുന്നു വിന്ദുവിന് സ്ഥാനം. ഹര്‍ഭജനുമൊത്ത് പലതവണ സ്വകാര്യസ്ഥാപനങ്ങളുടെ ചടങ്ങുകളില്‍ സംബന്ധിച്ച വിന്ദു ക്രിക്കറ്റിനെയും ബോളിവുഡിനെയും വാതുവെപ്പിനെയും ബന്ധിപ്പിക്കുന്ന മുഖ്യ കണ്ണിയാണെന്നാണ് മുംബൈ പോലീസിന്റെ നിഗമനം. ശ്രീശാന്തുള്‍പ്പെടെയുള്ളവര്‍ പിടിയിലായപ്പോള്‍ തന്നെ, വാതുവെപ്പിന്റെ ഞെട്ടിക്കുന്ന പിന്നാമ്പുറ കഥകള്‍ പുറത്തു വന്നിരുന്നു. ബോളിവുഡ് ബന്ധങ്ങളിലേക്ക് തുടക്കം മുതല്‍ വിരല്‍ചൂണ്ടപ്പെട്ടിരുന്നു. ബോളിവുഡില്‍ കാസ്റ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന വ്യക്തി ശ്രീശാന്തിന് മെയില്‍ ചെയ്തു കൊടുത്ത മോഡലുകളുടെ നിരവധി ചിത്രങ്ങള്‍ പിടിച്ചെടുത്ത ലാപ്‌ടോപില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഹൈദരാബാദില്‍ തുടങ്ങാനുദ്ദേശിക്കുന്ന വസ്ത്രവ്യാപാരത്തിനാവശ്യമായ മോഡലുകളുടെ ചിത്രങ്ങള്‍ എന്നാണ് ചോദ്യം ചെയ്യലില്‍ ശ്രീശാന്ത് പറഞ്ഞതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എസ്36 എന്ന ബ്രാന്‍ഡ് വസ്ത്ര വ്യാപാരശൃംഖല തുടങ്ങാന്‍ ശ്രീശാന്തിന് പദ്ധതിയുണ്ടായിരുന്നുവത്രെ. ബാന്ദ്രയിലെ രണ്ട് മോഡലുകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടറെയും പോലീസ് ചോദ്യം ചെയ്യും. ഇന്ത്യന്‍ ക്രിക്കറ്റുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയ ഹിന്ദി സിനിമാ വ്യവസായം ഐ പി എല്ലിന്റെ വരവോടെയാണ് അതിന്റെ ദൃഢത വെളിപ്പെടുത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ സ്വന്തമാക്കിയത് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും നടി ജൂഹി ചൗളയും ചേര്‍ന്നാണ്.
പഞ്ചാബ് കിംഗ്‌സ് ഇലവന്റെ ഉടസ്ഥരിലൊരാള്‍ പ്രമുഖ നടി പ്രീതി സിന്റയാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ മേധാവി ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയിലൂടെ ആഗോള ശ്രദ്ധ നേടിയ ബോളിവുഡ് നടി ശില്‍പ്പാ ഷെട്ടിയും.
ഓരോ മത്സര ശേഷവും നടക്കുന്ന ഐ പി എല്‍ പാര്‍ട്ടികളില്‍ സിനിമാ ലോകത്തെ പ്രമുഖര്‍ അണിനിരക്കുന്നു.
വിന്ദു ധാരാ സിംഗിനെ പോലുള്ള വാതുവെപ്പ് മാഫിയയുടെ ഇടനിലക്കാര്‍ അവരുടെ സാധ്യതകള്‍ വലിയ തോതില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഏവര്‍ക്കും സ്വീകാര്യനായ വ്യക്തിയായിരുന്നു വിന്ദു. ബോളിവുഡ് താരമെങ്കിലും ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പ്രോത്സാഹിപ്പിക്കാനായിരുന്നു അദ്ദേഹം പറന്നെത്തിയിരുന്നത്.