Connect with us

Kerala

നിരോധം നിലനില്‍ക്കെ പാന്‍ ഉത്പന്നങ്ങളുടെ വില്‍പ്പന സജീവം

Published

|

Last Updated

കോഴിക്കോട്: പോലീസ് റെയ്ഡും കച്ചവടക്കാര്‍ക്കെതിരായ നടപടികളും തുടരുമ്പോഴും സംസ്ഥാനത്ത് പുകയില ഉത്പന്നങ്ങളുടെ ഉപഭോഗവും വ്യാപാരവും നിര്‍ലോഭം തുടരുന്നു. പാന്‍പരാഗ്, ചൈനികൈനി, ഹാന്‍സ്, മധു, കൂള്‍കൂള്‍, ഗണേശ്, വിസ്സ് തുടങ്ങി നിരോധം നിലനില്‍ക്കുന്ന ഉത്പന്നങ്ങളുടെ വിപണനം രഹസ്യമായിട്ടാണെങ്കിലും ഇപ്പോഴും തകൃതിയായി സംസ്ഥാനത്ത് നടക്കുന്നുണ്ട്. നിര്‍മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്ന അന്യ സംസ്ഥാനക്കാരായ തൊഴിലാളികളില്‍ നല്ലൊരു ഭാഗവും എത്ര വിലകൊടുത്തും ഇത്തരം ഉത്പനങ്ങള്‍ വാങ്ങാന്‍ തയ്യാറാണെന്നതാണ് പല കച്ചവടക്കാരെയും രഹസ്യമായി ഇവ വില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. പാന്‍ ഉത്പന്നങ്ങള്‍ നിരോധമേര്‍പ്പെടുത്തിയിട്ടില്ലാത്ത സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ച് നല്‍കുന്നതിന് ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി കച്ചവടക്കാര്‍ തന്നെ സമ്മതിക്കുന്നു. കൂടാതെ നാട്ടില്‍ പോയി തിരിച്ചുവരുന്ന അന്യ സംസ്ഥാനക്കാരായ തൊഴിലാളികളില്‍ ചിലര്‍ ട്രെയിന്‍ മാര്‍ഗം പാന്‍ ഉത്പന്നങ്ങള്‍ സംസ്ഥാനത്തേക്ക് കടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ദിവസം പാലക്കാട് ഒലവങ്കോടിനടുത്ത് കണ്ണൂര്‍ – കോയമ്പത്തൂര്‍ പാസഞ്ചറില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന അഞ്ഞൂറ് കിലോ പുകയില ഉത്പന്നങ്ങള്‍ ആര്‍ പി എഫ് അധികൃതര്‍ പിടികൂടിയിരുന്നു. ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശാനുസരണം കോട്ടയം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കേരളാ വളന്ററി ഹെല്‍ത്ത് സര്‍വീസസ് എന്ന സംഘടന പാന്‍പരാഗ് ഉത്പന്നങ്ങളുടെ വില്‍പ്പന സംബന്ധിച്ച് നടത്തിയ പഠനത്തെ തുടര്‍ന്ന് ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റും പോലീസും ചേര്‍ന്ന് ഒരു ടാസ്‌ക് ഫോസിന് രൂപം നല്‍കിയിരുന്നു. പൊതുജനങ്ങളുടെ സഹായത്തോടെ പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന തടയാനും ബോധവത്കരണം ശക്തമാക്കാനുമായിരുന്നു ടാസ്‌ക് ഫോസിന്റെ ലക്ഷ്യം. എന്നാല്‍, മയക്കുമരുന്ന് വില്‍ക്കുന്ന അതേ ലോബി തന്നെ അതീവ രഹസ്യമായി ലക്ഷങ്ങളുടെ പാന്‍ ഉത്പന്നങ്ങളാണ് കേരളത്തില്‍ വിറ്റഴിക്കുന്നത്.
ഇതേ സംഘടന നടത്തിയ പഠനത്തില്‍ പാന്‍ ഉത്പന്നങ്ങള്‍ ട്രെയിന്‍ മാര്‍ഗവും അന്യസംസ്ഥാനത്ത് നിന്നെത്തുന്ന ലോറികളിലും വന്‍തോതില്‍ കേരളത്തിലെത്തുന്നതായി കണ്ടെത്തിയിരുന്നു. നേരത്തെ പോലീസും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുമൊക്കെ പല സ്ഥലങ്ങളിലും മിന്നല്‍ റെയ്ഡുകളും മറ്റും നടത്തിയിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി അധികൃതര്‍ അലസ സമീപനം സ്വീകരിച്ചിരിക്കുന്നതിനാലാണ് വില്‍പ്പന ശക്തമായിരിക്കുന്നത്.
ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് കേരളമുള്‍പ്പെടെയുള്ള പതിനാല് സംസ്ഥാനങ്ങളില്‍ പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന നിരോധിച്ചിട്ടുണ്ട്. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ മെയ് മുതല്‍ നിരോധം നിലവില്‍ വന്നു. കര്‍ണാടക, ഒഡീഷ നിരോധം നിലനില്‍ക്കുന്ന ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് പാന്‍ ഉത്പന്നങ്ങള്‍ വ്യാപകമായി നിര്‍മിക്കുന്നത്.
കര്‍ണാടകയില്‍ നിന്നാണ് അതിര്‍ത്തി കടന്ന് വന്‍തോതില്‍ പാന്‍ ഉത്പന്നങ്ങള്‍ കേരളത്തിലെത്തുന്നത്. സംസ്ഥാനത്ത് 35 മുതല്‍ നാല്‍പ്പത് ലക്ഷം ആളുകളും പുകയില ഉത്പന്നങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണെന്ന് കണക്കുകള്‍ പറയുന്നു. ഇവരില്‍ പകുതിയിലേറെയും യുവാക്കളാണ്.
2011ല്‍ തിരുവന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിലെ ഓങ്കോളജി വിഭാഗം തലവന്‍ ഡോ. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ സംസ്ഥാനത്തെ 63 ശതമാനം പേരിലും കണ്ടുവരുന്ന ഓറല്‍ കാന്‍സറിന് കാരണം പാന്‍മസാലയും പുകയില മുറുക്കുമാണെന്ന് കണ്ടെത്തിയിരുന്നു.

Latest