കോണ്‍ഗ്രസ്സില്‍ ഭിന്നത രൂക്ഷം; ഐ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനെ സമീപിക്കും

Posted on: May 21, 2013 11:58 pm | Last updated: May 23, 2013 at 12:15 am
SHARE

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകളില്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ അപമാനിച്ചെന്ന് ആരോപിച്ച് ഐ വിഭാഗം ഹൈക്കമാന്‍ഡിനെ സമീപിക്കും. രമേശിന് മാന്യമായ പരിഗണന നല്‍കി മന്ത്രിസഭയിലെടുക്കണമെന്നും ഇതിനായി ഹൈക്കമാന്‍ഡ് ഇടപെടണമെന്നും ആവശ്യപ്പെടും. അതേസമയം, സര്‍ക്കാറുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ശക്തമായി ഇടപെടണമെന്നും പാര്‍ട്ടിയോട് ആലോചിക്കാതെയുള്ള സര്‍ക്കാറിന്റെ നയപരമായ തീരുമാനങ്ങള്‍ അംഗീകരിക്കേണ്ടതില്ലെന്നും ഐ ഗ്രൂപ്പ് തീരുമാനിച്ചു. കെ പി സി സി പ്രസിഡന്റ് എന്ന നിലയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന നിര്‍ദേശം അടുപ്പമുള്ള നേതാക്കള്‍ രമേശിന് നല്‍കിയിട്ടുണ്ട്. കെ ബി ഗണേഷ്‌കുമാറിന്റെ തിരിച്ചുവരവ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ട്ടി തലത്തില്‍ ആലോചിച്ച ശേഷം മാത്രം തീരുമാനിച്ചാല്‍ മതിയെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. മുഖ്യമന്ത്രിയെടുക്കുന്ന തീരുമാനങ്ങളൊന്നും യോജിപ്പിന്റെ പേരില്‍ ഇനി അംഗീകരിക്കേണ്ടെന്നും ഐ വിഭാഗം ധാരണയിലെത്തിയിട്ടുണ്ട്.

കെ പി സി സി പ്രസിഡന്റും മുഖ്യമന്ത്രിയും യോജിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി നിരന്തരം പ്രസ്താവന നടത്തുന്നത് തന്റെ പോക്ക് സുഗമമാക്കാന്‍ വേണ്ടിയാണെന്നാണ് ഐ വിഭാഗം പറയുന്നത്. രമേശ് മന്ത്രിസഭയിലെത്തുന്ന സാഹചര്യം വന്നപ്പോള്‍ അനാവശ്യ വിവാദമുണ്ടാക്കി അപമാനിച്ചു. ഇതിനെ അതേ നാണയത്തില്‍ നേരിടണമെന്നും ഐ വിഭാഗം തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി നേരിട്ട് ഇനി ഒരു ചര്‍ച്ച നടത്തില്ല. വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് രമേശിന് മാന്യമായ പരിഗണന നല്‍കണം. എട്ട് വര്‍ഷം കെ പി സി സിയെ നയിച്ച് ഉമ്മന്‍ ചാണ്ടിക്ക് എല്ലാ പിന്തുണയും നല്‍കിയിട്ടും ഒടുവില്‍ പിന്നില്‍ നിന്ന് കുത്തിയെന്നാണ് ഐ വിഭാഗത്തിന്റെ പരാതി. പരോക്ഷമായി ഐ ഗ്രൂപ്പ് നേതാക്കള്‍ ഇത് പ്രകടിപ്പിക്കുന്നുമുണ്ട്.
അതേസമയം, രമേശിനെ മന്ത്രിസഭയില്‍ കൊണ്ടുവരാനുള്ള നീക്കവും ആര്‍ ബാലകൃഷ്ണ പിള്ളക്ക് കാബിനറ്റ് റാങ്ക് നല്‍കിയതും എന്‍ എസ് എസുമായുണ്ടാക്കിയ ധാരണയനുസരിച്ചാണെന്ന് വ്യക്തമായി. രമേശിന്റെ മന്ത്രിസഭാ പ്രവേശം തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് നേരത്തെ നിലപാടെടുത്തിരുന്ന ജി സുകുമാരന്‍ നായര്‍ ഇന്നലെ അദ്ദേഹത്തെ മന്ത്രിയാക്കാത്തതിന് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തുവന്നു. ആന്റണിയെയും കരുണാകരനെയും പിന്നില്‍ നിന്ന് കുത്തിയത് പോലെ രമേശിനെയും ഉമ്മന്‍ ചാണ്ടി കുത്തിയെന്നാണ് സുകുമാരന്‍ നായരുടെ അഭിപ്രായപ്രകടനം.
എന്‍ എസ് എസ് സമ്മര്‍ദത്തിനൊടുവിലാണ് മുന്നാക്ക വിഭാഗ കോര്‍പറേഷന്‍ രൂപവത്കരിച്ചതും അതിന്റെ ചെയര്‍മാന്‍ പദവിക്ക് കാബിനറ്റ് റാങ്ക് നല്‍കിയതും. ആര്‍ ബാലകൃഷ്ണ പിള്ളയെ തത്സ്ഥാനത്തേക്ക് നിര്‍ദേശിച്ചതും എന്‍ എസ് എസ് താത്പര്യം മുന്‍നിര്‍ത്തി തന്നെ. എന്‍ എസ് എസ് സമ്മര്‍ദം മുറുകിയതോടെയാണ് ഗണേഷിനെ മന്ത്രിയാക്കാന്‍ പിള്ള സമ്മതം മൂളിയതും.
പിള്ളയുടെ തടസ്സം നീങ്ങി തിരിച്ചുവരവ് ചര്‍ച്ച സജീവമായതോടെയാണ് എതിര്‍പ്പുകള്‍ തുടങ്ങിയത്. ഗണേഷിന്റെ ഒഴിവ് രമേശിന്റെ മന്ത്രിസഭാ പ്രവേശത്തിന് സഹായകമാകുമെന്ന് കണക്കുകൂട്ടുന്ന കോണ്‍ഗ്രസിലെ ഐ വിഭാഗത്തിലെ ചിലര്‍ക്ക് ശക്തമായ എതിര്‍പ്പാണുള്ളത്. ഈ എതിര്‍പ്പ് അവര്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുമുണ്ട്. ഗണേഷിന്റെ തിരിച്ചുവരവ് മുഖ്യമന്ത്രിയാണ് കൂടുതല്‍ ആഗ്രഹിക്കുന്നതെന്ന ബോധ്യവും ഇവര്‍ക്കുണ്ട്. നിലവിലുള്ള സമവാക്യങ്ങള്‍ തെറ്റാതിരിക്കാനും പകരക്കാരനെ കണ്ടെത്തുമ്പോഴുണ്ടാകുന്ന എതിര്‍പ്പുകള്‍ ഒഴിവാക്കാനും ഗണേഷ് തിരിച്ചുവരുന്നത് സഹായിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ മനസ്സിലുള്ളതെന്നറിയുന്നു.
അതിനിടെ, ഗണേഷിനെതിരെ പി സി ജോര്‍ജ് വീണ്ടും പരസ്യമായി രംഗത്തുവരിക കൂടി ചെയ്തതോടെ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിലും യു ഡി എഫിലും കൂടുതല്‍ തീയും പുകയും ഉണ്ടാകുമെന്നുറപ്പ്.