Connect with us

Gulf

കുറ്റവാളികളെ കൈമാറാനുള്ള ഇന്ത്യ-യുഎഇ കരാര്‍ നിയമമായി

Published

|

Last Updated

ദുബൈ: കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യ-യുഎഇ സര്‍ക്കാരുകള്‍ തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഒപ്പുവെച്ചു. 2011 നവംബറില്‍ ന്യൂഡല്‍ഹിയില്‍ വെച്ചാണ് കരാര്‍ അംഗീകരിച്ചത്. ഫെഡറല്‍ നിയമം 29/2013 എന്ന ശീര്‍ഷകത്തിലാണ് ഈ നിയമം പരാമര്‍ശിക്കുക. ഇക്കാര്യം ഔദ്യോഗികമായി ഗസറ്റില്‍ വിജ്ഞാപനമായി. കുറ്റകൃത്യങ്ങള്‍ ചെയ്ത് ശിക്ഷ വിധിക്കപ്പെട്ടവര്‍ക്ക് അവരുടെ ഹിതമനുസരിച്ച് അവശേഷിക്കുന്ന ശിക്ഷാ കാലയളവ് സ്വന്തം രാജ്യത്തുള്ള ജയിലുകളില്‍ കഴിച്ചുകൂട്ടാം. ജയിലില്‍ കഴിയുന്ന വ്യക്തിക്ക് സ്വന്തം നാട്ടില്‍ ബാക്കിയുള്ള ശിക്ഷാകാലയളവ് ചെലവഴിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട മന്ത്രാലയം മുഖേന അപേക്ഷിക്കണമെന്ന് ഈ നിയമത്തില്‍ പരാമര്‍ശിക്കുന്നു.
ഇത്തരത്തില്‍ കുറ്റവാളികളെ കൈമാറുമ്പോള്‍ പാലിക്കപ്പെടേണ്ട നിബന്ധനകള്‍ കരാറില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. കുറ്റവാളിയെ ഏറ്റെടുക്കുന്ന രാജ്യത്തിന്റെ പൗരത്വം തെളിയിക്കപ്പെട്ടിരിക്കുക, വധശിക്ഷ വിധിക്കപ്പെട്ട ആളാകാതിരിക്കുക, കുറ്റവാളിക്കെതിരെയുള്ള വിധി അന്തിമവും മാറ്റങ്ങള്‍ക്ക് സാധ്യതയില്ലാത്തതുമായിരിക്കുക, ചുരുങ്ങിയത് ആറ് മാസമെങ്കിലും ശിക്ഷാ കാലയളവ് ബാക്കിയുണ്ടായിരിക്കുക, ഏതൊരു കാര്യത്തിനാണോ ശിക്ഷിക്കപ്പെട്ടത് അത് ഏറ്റെടുക്കുന്ന രാജ്യത്തും ശിക്ഷാ നടപടികള്‍ക്ക് മതിയായ കുറ്റകൃത്യമായിരിക്കുക, സൈനിക നിയമങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യമാകാതിരിക്കുക, കൈമാറ്റം ഇരുരാജ്യങ്ങളിലേതെങ്കിലും ഒന്നിന്റെ പൊതുസുരക്ഷയെ ഒരുതരത്തിലും ബാധിക്കുന്നതാകാതിരിക്കുക, സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കുറ്റവാളിയില്‍ നിന്നോ അദ്ദേഹത്തിന്റെ നിയമാനുസൃതമുള്ള പ്രതിനിധിയില്‍ നിന്നോ സമ്മതമുണ്ടായിരിക്കുക, ഇരു രാജ്യങ്ങളും നയതന്ത്ര തലത്തില്‍ കൈമാറ്റത്തിന് അംഗീകാരം നല്‍കുക എന്നിവ നിബന്ധനകളില്‍ ചിലതാണ്.
ഏറ്റെടുക്കുന്ന രാജ്യം കുറ്റവാളിക്ക് ശിക്ഷ വിധിക്കപ്പെട്ട രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരുന്ന ശിക്ഷയുടെ സ്വഭാവവും അതിന്റെ കാലാവധിയും പ്രത്യേകം പരിഗണിക്കേണ്ടതാണ്. കൈമാറ്റത്തിന് ശേഷം ഏതെങ്കിലും സാഹചര്യത്തില്‍ ശിക്ഷയുടെ സ്വഭാവത്തിലോ കാലയളവിലോ ശിക്ഷ വിധിച്ച് നാട്ടിലെ കോടതി പുനര്‍വിചിന്തനം നടത്തി ഇളവ് വിധിക്കുന്ന പക്ഷം അക്കാര്യം രേഖാമൂലം മറ്റേ രാജ്യത്തെ അറിയിക്കേണ്ടതാണ്. അതനുസരിച്ച് കുറ്റവാളിയോട് സമീപിക്കേണ്ടതുമാണ്. കൈമാറ്റത്തിന് വരുന്ന സാമ്പത്തിക ബാധ്യത, ഏറ്റെടുക്കുന്ന രാജ്യം വഹിക്കണം. വേണമെങ്കില്‍ കുറ്റവാളിയില്‍ നിന്നും ഈടാക്കാവുന്നതാണെന്നും നിയമം അനുശാസിക്കുന്നു.

Latest