കറാച്ചിയിലെ റീപോളിംഗ്; ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി വിജയത്തിലേക്ക്

Posted on: May 21, 2013 6:00 am | Last updated: May 21, 2013 at 8:09 am
SHARE

imran khanകറാച്ചി: റീപോളിംഗ് നടന്ന പാക്കിസ്ഥാനിലെ വാണിജ്യ നഗരമായ കറാച്ചിയില്‍ ഇമ്രാന്‍ ഖാന്റെ പാക് തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പി ടി ഐ) വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ട്. പി ടി ഐയുടെ ആരിഫ് അല്‍വിക്ക് 17,489 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പ്രധാന എതിരാളിയായ ജമാഅത്തെ ഇസ്‌ലാമിയുടെ നഈമത്തുല്ലാ ഖാന് കേവലം 446 വോട്ടുകള്‍ക്കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നുവെന്ന് പാക് മാധ്യമങ്ങള്‍ പുറത്തുവിട്ട അനൗദ്യോഗിക റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തങ്ങള്‍ ഇവിടെ വോട്ട് ബഹിഷ്‌കരിച്ചിരുന്നുവെന്നാണ് ജമാഅത്ത് നേതാക്കള്‍ പറയുന്നത്. മെയ് 11ന് നടന്ന തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്ന കറാച്ചിയിലെ 43 ബൂത്തുകളിലാണ് റീപോളിംഗ് നടന്നത്. നൂറ് ശതമാനത്തിലേറെ പോളിംഗ് രേഖപ്പെടുത്തിയ ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പി ടി ഐ വ്യാപക പ്രക്ഷോഭം നടത്തിയതിനെ തുടര്‍ന്നായിരുന്നു റീപോളിംഗ്.
ആക്രമണ ഭീതി നിലനില്‍ക്കെയാണ് കറാച്ചിയില്‍ കനത്ത സുരക്ഷയില്‍ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പി ടി ഐയുടെ നേതാവ് സഹ്‌റാ ശാഹിദ് ഹുസൈന്‍ കൊല്ലപ്പെട്ടത് കടുത്ത പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. സഹ്‌റയുടെ ദാരുണമായ കൊലപാതകം തിരഞ്ഞെടുപ്പില്‍ പി ടി ഐക്ക് ഗുണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണ ഭീതിയെ തുടര്‍ന്ന് കനത്ത സുരക്ഷക്കിടെയാണ് തിരഞ്ഞെടുപ്പ് നടന്നത്.
അതിനിടെ, സഹ്‌റയുടെ കൊലപാതകത്തിന് പിന്നില്‍ എം ക്യു എം ആണെന്ന് ആരോപിച്ച് പി ടി ഐ വ്യാപക പ്രക്ഷോഭം നടത്തി. എന്നാല്‍ ആരോപണം എം ക്യു എം പാര്‍ട്ടി വക്താവ് തള്ളിക്കളഞ്ഞു. ആരോപണത്തെ തുടര്‍ന്ന് പി ടി ഐക്കും ഇമ്രാന്‍ ഖാനുമെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ എം ക്യു എം പാര്‍ട്ടി ആഹ്വാനം ചെയ്തു. ഇതോടെ ഇരു പാര്‍ട്ടികളും തമ്മില്‍ കനത്ത ഏറ്റുമുട്ടലിന് സാധ്യതയുള്ളതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here