സുന്നികള്‍ക്കെതിരെയുള്ള അക്രമം: പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് എസ് എം എ

Posted on: May 21, 2013 7:51 am | Last updated: May 21, 2013 at 7:51 am
SHARE

മലപ്പുറം: സുന്നികള്‍ക്കെതിരെ ജില്ലയുടെ പലഭാഗത്തും അക്രമങ്ങള്‍ നടക്കുമ്പോഴും പോലീസ് കാണിക്കുന്ന നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് സുന്നിമാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. പലസ്ഥലത്തും നടന്ന അക്രമങ്ങളില്‍ ശക്തമായ നടപടി പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാതിരിക്കുന്നത് അക്രമികള്‍ക്ക് വീണ്ടും അഴിഞ്ഞാടാന്‍ അവസരം സൃഷ്ടിക്കുകയാണ്.
ചീക്കോട്, പയ്യനാട,് വടക്കാങ്ങര, കരിപ്പൂര്‍, പറമ്പില്‍പീടിക എന്നീ സ്ഥങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടും പോലീസിന്റെ ഭാഗത്ത് നിന്നുള്ള നടപടിയുടെ കുറവ് വീണ്ടും അക്രമം നടത്താന്‍ കുറ്റവാളികളെ പ്രേരിപ്പിക്കുകയാണ്. മാര്‍ച്ച് 10ന് കൂട്ടാവില്‍ എസ് എസ് എഫ് ഓഫീസില്‍ കയറി വടിവാള്‍, ഇരുമ്പൂകമ്പി, പൈപ്പ് തുടങ്ങിയ മാരകായുധങ്ങളുമായി സുന്നി പ്രവര്‍ത്തകരെ വെട്ടിയും അടിച്ചും മാരകമായി പരുക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതികള്‍ പലചടങ്ങുകളിലും പരസ്യമായി പ്രത്യക്ഷപെട്ടിട്ടും ഒരാളെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികള്‍ പരസ്യമായി വെല്ലുവിളി നടത്തി വിലസുകയാണ്. ഇവരെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷക്കണമെന്നും അല്ലാത്തപക്ഷം സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
എസ് എം എ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ എം എ റഹീം, ജില്ലാ വൈസ് പ്രസിഡന്റ് കെ എം കാസിംകോയ, ട്രഷറര്‍ അബ്ദുഹാജി വേങ്ങര, സി പി അബ്ദുല്ല മുസ്‌ലിയാര്‍ കൂട്ടാവ് എന്നിവരാണ് നിവേദനം സമര്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here