രമേശ്-ഉമ്മന്‍ ചാണ്ടി ചര്‍ച്ചയില്‍ സമവായമായില്ല

Posted on: May 21, 2013 7:45 am | Last updated: May 21, 2013 at 5:45 pm
SHARE

ramesh chennithalaoommen chandl

തിരുവനന്തപുരം:രമേശ് ചെന്നിത്തലയെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാനുള്ള ചര്‍ച്ചകള്‍ വഴിമുട്ടി. വകുപ്പിനെ ചൊല്ലി ഗ്രൂപ്പുകള്‍ക്കിടയിലുള്ള തര്‍ക്കമാണ് കാരണം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഇന്നലെ കൂടിക്കാഴ്ച നടത്തിയെങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞില്ല. ആഭ്യന്തര വകുപ്പോ ഉപ മുഖ്യമന്ത്രിപദമോ വേണമെന്ന ഐ ഗ്രൂപ്പിന്റെ ആവശ്യം മുഖ്യമന്ത്രി തന്നെ തള്ളിയെന്നാണ് സൂചന. ഐ ഗ്രൂപ്പിന്റെ ആവശ്യം രമേശ് ഉന്നയിച്ചെങ്കിലും എ ഗ്രൂപ്പിന് ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആഭ്യന്തര വകുപ്പ് ലഭിക്കാതെ മന്ത്രിസഭയിലേക്ക് വരില്ലെന്ന സൂചന രമേശും നല്‍കിയതായി അറിയുന്നു. അതേസമയം, പുനഃസംഘടന ഉള്‍പ്പെടെ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌തെന്ന് രമേശ് ചെന്നിത്തലയും പുനഃസംഘടന ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ 45 മിനുട്ട് നേരം അടച്ചിട്ട മുറിയിലായിരുന്നു ചര്‍ച്ച. കഴിഞ്ഞ രണ്ട് ദിവസമായി നിലനിന്നിരുന്ന വിവാദങ്ങള്‍ക്കൊടുവിലാണ് മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് രമേശ്- മുഖ്യമന്ത്രി കൂടിക്കാഴ്ച നടന്നത്.
മന്ത്രിസഭാ പ്രവേശനത്തിന്റെ പേരു പറഞ്ഞ് തന്നെ നാടുനീളെ അപമാനിക്കുകയാണെന്ന് രമേശ് മുഖ്യമന്ത്രിയോട് പറഞ്ഞു. ഇക്കാര്യത്തില്‍ തനിക്കുള്ള പ്രതിഷേധവും ദുഃഖവും രമേശ് പങ്കുവെച്ചു. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല താനെന്നും മന്ത്രിസഭാ പുനഃസംഘടനയിലേക്ക് തന്റെ പേര് വലിച്ചിഴച്ച് അപമാനിക്കുന്നത് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും രമേശ് മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിസഭാ പുനഃസംഘടന വേണമെങ്കില്‍ തനിക്ക് ഉപ മുഖ്യമന്ത്രിപദവും ആഭ്യന്തര വകുപ്പും നല്‍കണമെന്നാണ് തനിക്കൊപ്പം നില്‍ക്കുന്നവരുടെ നിലപാട്. ഇതിന് തയ്യാറെങ്കില്‍ ചര്‍ച്ചയാകാമെന്നും രമേശ് വ്യക്തമാക്കി. ഇതേക്കുറിച്ച് ആലോചിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആഭ്യന്തര വകുപ്പ് വിട്ടുനല്‍കുന്നതില്‍ എ ഗ്രൂപ്പിലുള്ള എതിര്‍പ്പ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയ രമേശ് മാധ്യമങ്ങളോട് കാര്യമായി പ്രതികരിച്ചില്ല. ‘പുനഃസംഘടനയെക്കുറിച്ച് സംസാരിച്ചു. ബാക്കി കാര്യങ്ങള്‍ മുഖ്യമന്ത്രി പറയുമെന്നാ’യിരുന്നു രമേശിന്റെ പ്രതികരണം.
തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി സമഗ്രമായ മന്ത്രിസഭാ പുനഃസംഘടനയില്ലെന്ന് വ്യക്തമാക്കി. മന്ത്രിസഭാ പുനഃസംഘടനയടക്കമുള്ള കാര്യങ്ങള്‍ തങ്ങള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍, പുനഃസംഘടന അജന്‍ഡയിലില്ല. കെ പി സി സി പ്രസിഡന്റിന്റെ മന്ത്രിസഭാ പ്രവേശനം ചര്‍ച്ച ചെയ്തിട്ടില്ല. മന്ത്രിസഭയിലേക്ക് വരണമെന്ന് അദ്ദേഹം ആരോടും പറഞ്ഞിട്ടില്ല. താനും പറഞ്ഞിട്ടില്ല. ഇതൊക്കെ മാധ്യമസൃഷ്ടിയാണ്. രമേശ് ചെന്നിത്തലക്ക് മന്ത്രിസഭയിലേക്ക് വരണമെങ്കില്‍ ആരുടെയും സഹായം ആവശ്യമില്ല. എപ്പോള്‍ വേണമെങ്കിലും വരാം. എന്നാല്‍ അദ്ദേഹം അങ്ങനെയൊരാവശ്യം ഉന്നയിച്ചിട്ടില്ല. മന്ത്രിയെക്കാളും വലിയ പദവിയാണ് കെ പി സി സി പ്രസിഡന്റിന്റെത്. മുഖ്യമന്ത്രിയേക്കാളും പാര്‍ട്ടിയില്‍ കെ പി സി സി പ്രസിഡന്റിനാണ് വലിയ സ്ഥാനം. കെ പി സി സി പ്രസിഡന്റാണ് അവസാന വാക്ക്. ഇതിന് മുകളില്‍ എ ഐ സി സി പ്രസിഡന്റ് മാത്രമേയുള്ളു. തങ്ങള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ല. നിലവിലുള്ള ഒരു ഒഴിവ് നികത്തും. യു ഡി എഫ് ഇതിന് തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനം ചര്‍ച്ച ചെയ്തിട്ടില്ല. കോണ്‍ഗ്രസിന്റെ ഒരു മന്ത്രി വരണമെങ്കില്‍ അതേക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. അഖിലേന്ത്യാ പാര്‍ട്ടിയായതിനാല്‍ കേന്ദ്ര നേതൃത്വവുമായൊക്കെ അത് ചര്‍ച്ച ചെയ്യേണ്ടിവരും. ഇക്കാര്യങ്ങള്‍ ആലോചിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here