Connect with us

Sports

ശ്രീശാന്തിനെതിരെ നിര്‍ണായക തെളിവുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി: വാതുവെപ്പ് സംബന്ധിച്ച് ശ്രീശാന്തിന്റെ ലാപ്‌ടോപില്‍ നിന്ന് പോലീസിന് നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചു. ഇതില്‍ വാതുവെപ്പുകാരുടെ ഒപ്പമുള്ള ചിത്രങ്ങളും ഉള്‍പ്പെടുന്നു. ലാപ്‌ടോപില്‍ നിന്നും സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നതായി പോലീസ് അറിയിച്ചു.

വാതുവെപ്പുകാരന്‍ ജൂപ്പിറ്ററുമായുള്ള ശ്രീശാന്തിന്റെ അടുപ്പം തെളിയിക്കുന്ന വിവരങ്ങള്‍ ലാപ്‌ടോപ്, മൊബൈല്‍ പരിശോധനയില്‍ ലഭിച്ചതായാണ് അറിവ്. ജൂപ്പിറ്ററിനൊപ്പമുള്ള ശ്രീശാന്തിന്റെ ഫോട്ടോകള്‍ ലാപ്‌ടോപില്‍ നിന്നും ലഭിച്ചതായാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജൂപ്പിറ്ററിനോടും ജിജുവിനോടും നടത്തിയ സംഭാഷണ രേഖകള്‍ പക്ഷേ മായ്ച്ചുകളഞ്ഞിട്ടുണ്ട്. ഇത് തിരിച്ചുപിടിക്കാനായി മുംബൈ പോലീസ് വിദഗ്ധ സഹായം തേടിയിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ ചില പേരുകള്‍ രഹസ്യ കോഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നമ്പറുകളും പരിശോധിച്ചുവരികയാണ്. ശ്രീശാന്തിന് മോഡലുകളുടെ ഫോട്ടോയും വിവരങ്ങളും അയച്ചു നല്‍കിയ ഒരു ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറും നിരീക്ഷണത്തിലാണ്.
അതിനിടെ, ഇന്ത്യന്‍ ടീമിലെ മുതിര്‍ന്ന താരങ്ങള്‍ വാതുവെപ്പുകാരില്‍ നിന്ന് പാരിതോഷികങ്ങള്‍ വാങ്ങിയെന്ന് ശ്രീശാന്ത് മൊഴി നല്‍കി. ആഡംബര കാറുകള്‍ ഉള്‍പ്പടെയുള്ള സമ്മാനങ്ങള്‍ താരങ്ങള്‍ കൈപ്പറ്റിയതായി ശ്രീശാന്ത് അന്വേഷണ സംഘത്തോട് പറഞ്ഞു. ഹമ്മര്‍ ഉള്‍പ്പെടെയുള്ള ആഡംബര കാറുകള്‍ താരങ്ങള്‍ പാരിതോഷികമായി വാങ്ങിയതായി മൊഴി നല്‍കിയ ശ്രീശാന്ത,് താരങ്ങളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ചില കളിക്കാര്‍ നിരന്തരം വാതുവെപ്പുകാരുമായി ബന്ധപ്പെടാറുണ്ട്. താരങ്ങള്‍ക്ക് സ്ത്രീകളെ കാഴ്ചവെക്കുന്നത് പതിവാണെന്നും ശ്രീശാന്ത് മൊഴി നല്‍കി. എന്നാല്‍, താന്‍ കുടുങ്ങിയ സ്ഥിതിക്ക് മറ്റ് താരങ്ങളെ കൂടി കുടുക്കാന്‍ ശ്രീശാന്ത് കള്ളം പറയുകയാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനിടെ ശ്രീശാന്ത് വീണ്ടും പൊട്ടിക്കരഞ്ഞു. സെല്ലിലെ സൗകര്യം പോരെന്ന് പറഞ്ഞ ശ്രീശാന്തിനെ എ സി സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, മോശം പെരുമാറ്റത്തെ തുടര്‍ന്ന് അറസ്റ്റിന് മുന്‍പ് തന്നെ ശ്രീശാന്തിനെ രാജസ്ഥാന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതായി സൂചനയുണ്ട്. കരാര്‍ പ്രകാരമുള്ള തുക മുഴുവന്‍ മുന്‍കൂട്ടി നല്‍കിയതിന് ശേഷമായിരുന്നു ശ്രീശാന്തിനെ ഒഴിവാക്കിയത്. ശ്രീശാന്ത് സഹകളിക്കാരോട് മോശമായി പെരുമാറാറുണ്ടായിരുന്നു. നായകന്‍ ദ്രാവിഡുമായി ശ്രീശാന്ത് തട്ടിക്കയറിയതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ മീഡിയം പേസര്‍മാരില്‍ ഒരാളാണ് താനെന്നും തന്നെ ടീമില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും പറഞ്ഞായിരുന്നു തട്ടിക്കയറിയത്. ശ്രീശാന്ത് ഒത്തുകളിച്ചതായി ദ്രാവിഡിന് സംശയമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
വാതുവെപ്പുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി ഇന്നലെ പിടിയിലായി. വിദര്‍ഭയുടെ മുന്‍ രഞ്ജി താരം മനീഷ് ഗുഡോവ, സുനില്‍ ഭാട്ടിയ, കിരണ്‍ ഡോളി എന്നിവരെ ഔറംഗബാദില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 17 ആയി. മുന്‍ റെയില്‍വേ താരം ബാബു റാം യാദവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.