Connect with us

Editorial

കസ്റ്റഡിയിലെ 'സൂര്യാഘാത' മരണങ്ങള്‍

Published

|

Last Updated

siraj copyഉത്തര്‍പ്രദേശില്‍ അടുത്ത ദിവസങ്ങളിലായി രണ്ട് കസ്റ്റഡി മരണങ്ങള്‍ നടന്നു. കൊലപാതക കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബല്‍ബീര്‍, തീവ്രവാദ കേസില്‍ അറസ്റ്റിലായ ഖാലിദ് മുജാഹിദ് എന്നിവരാണ് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. കുറ്റം സമ്മതിപ്പിക്കാന്‍ പോലീസ് നടത്തിയ ക്രൂരമായ പീഡനം മൂലമാണ് ഇറ്റാവ സ്വദേശിയായ ബല്‍ബീന്‍ മരിച്ചതെങ്കില്‍ ലക്‌നോ കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടുപോകും വഴി സൂര്യാഘാതത്തെ തുടര്‍ന്നാണ് ഖാലിദ് മുജാഹിദിന്റെ മരണമെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ പോലീസ് പീഡനമാണ് ഖാലിദിന്റെ മരണകാരണമെന്നും മൃതദേഹത്തില്‍ മര്‍ദനത്തിന്റെ അടയാളങ്ങളുണ്ടെന്നും ബന്ധുക്കളും മനുഷ്യാവകാശ സംഘടനകളും പറയുന്നു. ഇതുസംബന്ധിച്ച ഖാലിദിന്റെ അമ്മാവന്റെ പരാതിയില്‍ മുന്‍ ഡി ജി പി വിക്രംസിംഗ്, ഡി ജി പി ബ്രിജ്‌ലാല്‍, ഭീകരവാദ വിരുദ്ധ സേന, പ്രത്യേക ദൗത്യസേനാ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 42 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ബാരാബങ്കി പോലീസ് കേസെടുത്ത#േിട്ടുണ്ട്. അന്വേഷണം സി ബി ഐക്ക് വിടണമെന്ന് യു പി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കയുമാണ്.
യു പിയിലുണ്ടായ വിവിധ സ്‌ഫോടനങ്ങളില്‍ പ്രതി ചേര്‍ത്താണ് 2007ല്‍ ഖാലിദ് മുജാഹിദിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തില്‍ നിന്ന് ആയുധ ശേഖരം പിടിച്ചെടുത്തതായും പോലീസ് പറയുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ആര്‍ ഡി നിമേഷ് കമ്മീഷന്‍ പോലീസ് വാദത്തെ നിരാകരിക്കുകയും ഖാലിദ് നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതടിസ്ഥാനത്തില്‍ ലക്‌നോ ഹൈക്കോടതിയില്‍ നടന്നു വരുന്ന കേസില്‍ ഖാലിദ് പോലീസിനെതിരെ സാക്ഷി പറയാനിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം. മൃതശരീരത്തില്‍ മര്‍ദനത്തിന്റെയും വായില്‍ നിന്നും ചെവിയില്‍ നിന്നും രക്തമൊഴുകിയതിന്റെയും പാടുകള്‍ കണ്ടതായി ദൃക്‌സാക്ഷികളുടെ മൊഴി കുടി ചേര്‍ത്തുവായിക്കുമ്പോള്‍ മരണത്തില്‍ അസ്വഭാവികത വ്യക്തമാണ്.
കുറ്റം സമ്മതിപ്പിക്കാനായി ബല്‍ബീറിന്റെ ശരീരത്തില്‍ ആസിഡും പെട്രോളും കുത്തിവെച്ചതായും മര്‍ദനമുറകളുടെ അടയാളങ്ങള്‍ ശരീരത്തിലുണ്ടെന്നും ബന്ധുക്കള്‍ പരാതിപ്പെടുന്നു. എ എസ് ഐ ഉള്‍പ്പെടെ നാല് പോലൂസുദ്യോഗസ്ഥര്‍ ഈ സംഭവത്തിലും സസ്‌പെന്‍ഷനിലാണ്. കേസന്വേഷണ മേഖലയില്‍ നിരവധി പരിഷ്‌കരണങ്ങളും ശാസ്ത്രീയ സംവിധാനങ്ങളും നടപ്പില്‍ വന്നിട്ടും ലോക്കപ്പില്‍ മൂന്നാം മുറകള്‍ക്കും പോലീസ് മര്‍ദനത്തെ തുടര്‍ന്നുള്ള കസ്റ്റഡി മരണങ്ങള്‍ക്കും മാറ്റമില്ലെന്നത് ലജ്ജാകരമാണ്. പ്രതിയെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പ്രതിയാക്കുകയും ലോക്കപ്പില്‍ നിഷ്ഠൂര മര്‍ദനമഴിച്ചുവിട്ടു ചെയ്യാത്ത കുറ്റം സമ്മതിപ്പിക്കുകയും ചെയ്യുകയെന്ന പ്രാകൃത രീതിയാണ് പോലീസുകാരില്‍ നല്ലൊരു വിഭാഗവും ഇപ്പോഴും അനുവര്‍ത്തിച്ചു വരുന്നത്. കോടതികള്‍ ഇതിനെതിരെ താക്കീത് ചെയ്യാറുണ്ടെങ്കിലും രാജ്യത്തിന് തന്നെ കളങ്കമേല്‍പ്പിക്കുന്ന ഈ രീതി കൈയൊഴിക്കാന്‍ അവര്‍ക്ക് വൈമനസ്യം. ഇതൊന്നുമില്ലെങ്കില്‍ പിന്നെന്ത് പോലീസ് എന്ന മുരടന്‍ ചിന്താഗതിക്കാര്‍ പോലുമുണ്ട് ഈ ഗണത്തില്‍. പോലീസിലെ ഇത്തരം ക്രിമിനലുകള്‍ക്കെതിരെ കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കുന്നതിന് പകരം സംരക്ഷിക്കുന്ന നിലപാടാണ് അധികൃതരില്‍ നിന്നുണ്ടാകുന്നതെന്നതാണ് ഇതിനൊരു കാരണം. എന്തിന് ഒരാളുടെ ജോലി കളയണമെന്നായിരിക്കും മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും മനോഭാവം. നീതിനിര്‍വഹണത്തില്‍ ഇത്തരം മനോഗതികള്‍ക്ക് സ്ഥാനമില്ലെന്ന പ്രാഥമിക പാഠം പോലും അവര്‍ വിസ്മരിക്കുന്നു. പോലീസ് പീഡനം മൂലം രാജ്യത്ത് നൂറുകണക്കിനാളുകള്‍ മരിച്ചിട്ടുണ്ടെങ്കിലും ഇപ്പേരില്‍ ശിക്ഷിക്കപ്പെട്ടവര്‍ നന്നേ വിരളം.
പോലീസിലെ വര്‍ഗീയതയാണ് മറ്റൊരു കാരണം. സൈനിക, പോലീസ് വിഭാഗങ്ങളെ വര്‍ഗീയവത്കരിക്കുന്നതിന് സംഘ്പരിവാര്‍ പ്രസ്ഥാനങ്ങള്‍ കാലങ്ങളായി ആസൂത്രിത നീക്കങ്ങള്‍ നടത്തി വരികയാണ്. തദ്ഫലമായി ഈ മേഖലകളില്‍ ഭൂരിപക്ഷ വര്‍ഗീയത ആധിപത്യം നേടുകയും ന്യൂനപക്ഷ വിഭാഗങ്ങളും മതേതര ചിന്താഗതിക്കാരും തഴയപ്പെടുകയുമായിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിശേഷിച്ചും. രാജ്യത്ത് നടക്കുന്ന വിധ്വംസക, നശീകരണ സംഭവങ്ങളില്‍ നിരപരാധികളായ ന്യൂനപക്ഷ മതസ്ഥര്‍ പ്രതികളാക്കപ്പെടുന്നതിന്റെ പശ്ചാത്തലമിതാണ്. ആഭ്യന്തര മന്ത്രാലയം തന്നെ ഇക്കാര്യം തുറന്നു സമ്മതിക്കുകയും ഇത് തടയാന്‍ നടപടികളാരംഭിക്കുകയും ചെയ്തിട്ടുമുണ്ട്.
ഭരണകൂടങ്ങള്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ കസ്റ്റഡി മരണങ്ങള്‍ക്കറുതി വരുത്താന്‍ പ്രയാസമില്ല. പോലീസിന്റെ വീഴ്ചകളും കുറ്റകൃത്യങ്ങളും പുറംലോകമറിയുന്നത് ആഭ്യന്തര വകുപ്പിന് നാണക്കേടെന്ന ചിന്തയില്‍ അവ തമസ്‌കരിക്കാനും കുറ്റവാളികളെ രക്ഷിക്കാനുമുള്ള ശ്രമം അവസാനിപ്പിച്ച് മുഖം നോക്കാതെ നീതിയും നിയമവും നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് മാത്രം.

Latest