കേരളത്തിന്റെ ആരോഗ്യം

Posted on: May 21, 2013 1:13 am | Last updated: May 21, 2013 at 4:54 pm
SHARE

ശിശുമരണനിരക്ക്, മാതൃമരണനിരക്ക്, സ്ത്രീ,പുരുഷ അനുപാതം, പ്രജനന നിരക്ക് തുടങ്ങിയ ആരോഗ്യ സൂചികകളില്‍ നമ്മുടെ സംസ്ഥാനം വികസിത രാജ്യങ്ങളുടെതിന് തുല്യമായ നേട്ടം കൈവരിച്ചുകഴിഞ്ഞു. പ്രതിരോധ കുത്തിവെപ്പ്, കുടുംബാസൂത്രണം, ആയുര്‍ദൈര്‍ഘ്യം എന്നിങ്ങനെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മേഖലകളിലും ഇതര സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ്. എന്നാല്‍ ഒട്ടേറെ വെല്ലുവിളികളും സംജാതമായിക്കഴിഞ്ഞു. ജീവിതശൈലീ രോഗങ്ങളുടെ വ്യാപനം, പകര്‍ച്ചവ്യാധികള്‍, മലേറിയ പോലുള്ള രോഗങ്ങളുടെ തിരിച്ചുവരവ്, റോഡപകടങ്ങള്‍, വര്‍ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, കൂടിക്കൊണ്ടിരിക്കുന്ന വൃദ്ധ ജനസംഖ്യ എന്നിവ ഉദാഹരണം.
എല്ലാവര്‍ക്കും ആരോഗ്യം; അതിനുതകുന്ന ആരോഗ്യമേഖല – ഇതാണ് നമ്മുടെ ലക്ഷ്യം. ആരോഗ്യത്തിനുള്ള അവകാശം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പരിശ്രമങ്ങളും സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. ആരോഗ്യരംഗത്തെ ആഗോള നേട്ടങ്ങളെല്ലാം ഇന്ന് കേരളത്തില്‍ ലഭ്യമാണ്. എന്നാലത് സാധാരണക്കാരില്‍ പലര്‍ക്കും അപ്രാപ്യമാണ്. അത് കേരളത്തിലുള്ള സര്‍ക്കാര്‍ ആശുപത്രികളിലൂടെ ലഭ്യമാക്കാനുതകുന്ന വിധത്തിലുള്ള കര്‍മപരിപാടികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്.
സംസ്ഥാനത്ത് നിലവിലുള്ള മാനസികാരോഗ്യ ചികിത്സാ സൗകര്യങ്ങളെപ്പറ്റിയും ചികിത്സയുടെ ആവശ്യകതയെപ്പറ്റിയും വിശകലനം ചെയ്യുന്ന മാനസികാരോഗ്യ നയവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മാനസികാരോഗ്യ ചികിത്സയെ പൊതുചികിത്സാ രംഗത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഘട്ടംഘട്ടമായി ‘കേരള അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഫോര്‍ ഹോസ്പിറ്റല്‍സ്’ പദ്ധതി നടപ്പിലാക്കുകയാണ്. ഇപ്പോള്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും ഡയാലിസിസ് സൗകര്യമുണ്ട്.
വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ റേഡിയേഷന്‍ സുരക്ഷാ വിഭാഗങ്ങള്‍, ഡയറക്ടറേറ്റ് ഓഫ് റേഡിയേഷന്‍ സേഫ്ടി മുഖാന്തിരം ശക്തിപ്പെടുത്തി. ആറായിരത്തോളം എക്‌സ്-റേ, സി ടി സ്‌കാന്‍, മാമോഗ്രാഫി, കാത്‌ലാബ് യൂനിറ്റുകളില്‍ 80 ശതമാനത്തിലും റേഡിയേഷന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. 1250 യൂനിറ്റുകള്‍ക്ക് കേന്ദ്ര അറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡിന്റെ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ ലഭ്യമാക്കിക്കൊണ്ട് സംസ്ഥാനം ദേശീയ മാതൃക സൃഷ്ടിച്ചു.
1983 നു മുമ്പ് ആരംഭിച്ച അഞ്ച് മെഡിക്കല്‍ കോളജുകള്‍ മാത്രമാണ് നമ്മുടെ സര്‍ക്കാര്‍ മേഖലയിലുള്ളത്. പുതിയ എട്ട് ഗവ. മെഡിക്കല്‍ കോളജുകള്‍ കൂടി ആരംഭിക്കുകയാണ്. എല്ലാ ജില്ലകളിലും ഗവ. മെഡിക്കല്‍ കോളജുകള്‍ തുടങ്ങാനാണ് തീരുമാനം. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം തന്നെ ക്ലാസ്സുകളാരംഭിക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന മുഴുവന്‍ രോഗികള്‍ക്കും എ പി എല്‍, ബി പി എല്‍ വ്യത്യാസമില്ലാതെ ജനറിക് മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായി അഞ്ച് മെഡിക്കല്‍ കോളജുകളിലും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജനറല്‍ ആശുപത്രികളിലും ഇവയുടെ വിതരണം ആരംഭിച്ചു. എല്ലാ ആശുപത്രികളിലും ജൂണ്‍, ജൂലൈ മാസത്തോടെ വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിലവാരം കുറഞ്ഞതും നിരോധിച്ചതുമായ മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അതിവേഗം രജിസ്റ്റര്‍ ചെയ്ത ഗുണഭേക്താക്കളെ അറിയിക്കുന്നതിനായി എസ് എം എസ് സംവിധാനം ഏര്‍പ്പെടുത്തി.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവചികിത്സയും നവജാതശിശുവിന്റെ 30 ദിവസം വരെയുള്ള ആരോഗ്യപരിരക്ഷയും സൗജന്യമാക്കിക്കൊണ്ടുള്ള ‘അമ്മയും കുഞ്ഞും’ പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു. ചികിത്സാച്ചെലവ് മാത്രമല്ല സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍, മരുന്നുകള്‍, ആവശ്യമെങ്കില്‍ രക്തം, വീട്ടില്‍ നിന്നും ആശുപത്രിയിലേക്കും തിരിച്ചുമുള്ള യാത്ര, പ്രസവത്തോടനുബന്ധിച്ചുള്ള ആശുപത്രിയിലെ താമസം, ഭക്ഷണം, ഗര്‍ഭകാലത്തും പ്രസവശേഷം 42 ദിവസംവരെയുമുള്ള ചികിത്സാ ചെലവുകള്‍ എന്നിവയെല്ലാം പദ്ധതി പ്രകാരം സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. പുറമേ 1200 രൂപയുടെ പ്രത്യേക ധനസഹായവും നല്‍കുന്നുണ്ട്.
നവജാത ശിശുക്കളിലെ ജനിതകരോഗങ്ങളായ ബുദ്ധിമാന്ദ്യം, ഓട്ടിസം, അപസ്മാരം, തൈറോയ്ഡ് മുതലായവ നേരത്തെ കണ്ടുപിടിക്കുന്നതിനുള്ള പുതിയ പദ്ധതിയാണ് ന്യൂബോണ്‍ സ്‌ക്രീനിംഗ്. 44 സര്‍ക്കാര്‍ ആശുപത്രികളിലാണ് ആദ്യ ഘട്ടത്തില്‍ ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. മൂന്ന് ദിവസം പ്രായമായ കുഞ്ഞുങ്ങളുടെ രക്ത സാമ്പിള്‍ പി എച്ച് ലാബില്‍ പരിശോധിച്ചാണ് ജനിതകരോഗങ്ങള്‍ ഉണ്ടോയെന്ന് നിര്‍ണയിക്കുന്നത്. പരിശോധനാ ഫലം പോസിറ്റീവെങ്കില്‍, മെഡിക്കല്‍ കോളജുകളില്‍ വിദഗ്ദ്ധ ചികിത്സ നല്‍കും.
പ്രമേഹരോഗത്തിന്റെ തലസ്ഥാനമായാണ് കേരളം അറിയപ്പെടുന്നത്. 27 ശതമാനം പുരുഷന്മാരും 19 ശതമാനം സ്ത്രീകളും പ്രമേഹരോഗികളാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 42 ശതമാനം പുരുഷന്മാരെയും 38 ശതമാനം സ്ത്രീകളെയും രക്താദിസമ്മര്‍ദം ബാധിച്ചിരിക്കുകയാണ്. 50 ശതമാനത്തിലധികം മരണങ്ങള്‍ക്കും കാരണം ഇവയുള്‍പ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളത്രേ. ഇവയെ ഫലപ്രദമായി നേരിടുന്നതിന് ‘അമൃതം ആരോഗ്യം’ പദ്ധതി സംസ്ഥാനത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കിവരികയാണ്. ഇതുപ്രകാരം സബ്‌സെന്റര്‍തലം മുതല്‍ക്കുതന്നെ രോഗനിര്‍ണയം നടത്തി വിദഗധ ചികിത്സ ലഭ്യമാക്കിവരുന്നുണ്ട്.
സര്‍ക്കാര്‍ മേഖലയില്‍ എട്ട് ജില്ലകളിലെ സ്ഥാപനങ്ങളില്‍ മാത്രമാണ് ക്യാന്‍സര്‍ ചികിത്സാ സൗകര്യം ഉണ്ടായിരുന്നത്. അഞ്ച് മെഡിക്കല്‍ കോളജുകള്‍, തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്റര്‍, തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവയാണ് അവ. രോഗികളുടെ ബാഹുല്യവും അവരുടെ പല വിധങ്ങളായ പ്രയാസങ്ങളും കണക്കിലെടുത്ത് എല്ലാ ജില്ലകളിലേക്കും ക്യാന്‍സര്‍ ചികിത്സാ സൗകര്യം വ്യാപകമാക്കുകയാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് പുതിയ ക്യാന്‍സര്‍ കെയര്‍ സെന്ററുകള്‍ ആരംഭിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here