Connect with us

Palakkad

വാഹനങ്ങള്‍ തടഞ്ഞ് പിരിവ് പാടില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്

Published

|

Last Updated

പാലക്കാട്: ക്ഷേത്രോത്സവങ്ങള്‍ക്ക് വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പിരിവു നടത്തുന്നത് ശരിയല്ലെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കെ എ ചന്ദ്രന്‍. ക്ഷേത്രപിരിവിന് കമ്മീഷന്‍ വ്യവസ്ഥ പാടുണ്ടോ എന്നും ചിന്തിക്കണം. വിശ്വാസത്തിനു ഭൂഷണമല്ലാത്ത ഇത്തരം കാര്യങ്ങളുണ്ടാകാതിരിക്കാന്‍ ക്ഷേത്രകമ്മിറ്റിക്കാരും വിശ്വാസികളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം മീറ്റ് ദ പ്രസില്‍ പറഞ്ഞു.
ക്ഷേത്രങ്ങള്‍ക്ക് അര്‍ഹതപ്പെട്ട മൂവായിരം ഏക്കറോളം സ്ഥലം പാട്ടക്കാലാവധി കഴിഞ്ഞതായുണ്ട്. എന്നാല്‍, ഇവയുടെ നടത്തിപ്പിനുള്ള സംവിധാനം ഇന്ന് ദേവസ്വം ബോര്‍ഡിനില്ല. മതിയായ ജീവനക്കാരെയും നിയോഗിക്കേണ്ടതുണ്ട്. സി, ഡി ഗ്രൂപ്പുകളിലെ ക്ഷേത്രങ്ങള്‍ക്കുള്ള ഗ്രാന്റ് എത്രയും പെട്ടെന്ന് കൊടുത്തു തീര്‍ക്കാന്‍ നടപടി സ്വീകരിക്കും. ഇത്തരം ക്ഷേത്രങ്ങളിലെ ഭൂരിഭാഗം ജീവനക്കാര്‍ക്കും രണ്ടു വര്‍ഷമായി ശമ്പളം മുടങ്ങിയിരിക്കുകയാണ്. ഇവര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ ശ്രമിക്കും.
വെളിച്ചപ്പാട് എന്നൊരു തസ്തിക തൃശൂരിനപ്പുറത്തേക്ക് ഇല്ല. ഇക്കാര്യം സര്‍ക്കാരിനെ ബോധ്യപ്പെടുത്തി അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കും.ക്ഷേത്രക്കുളങ്ങളും കിണറുകളും ഒരു കാരണവശാലും അന്യാധീനപ്പെടാന്‍ ഇടവരരുത്. സര്‍ക്കാരിന്റെ വരള്‍ച്ചാഫണ്ട് ഉപയോഗപ്പെടുത്തി ഇവ നന്നാക്കുന്നതിന് നിവേദനം നല്‍കും. ചില ക്ഷേത്ര കമ്മിറ്റിക്കാര്‍ സര്‍ക്കാര്‍ സഹായം സ്വീകരിക്കാന്‍ വിമുഖത കാട്ടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.