ഐ എന്‍ എല്ലിന്റെ മുന്നണി പ്രവേശത്തില്‍ തീരുമാനം ഈ മാസം

Posted on: May 20, 2013 11:00 pm | Last updated: May 21, 2013 at 1:55 am
SHARE

കണ്ണൂര്‍: ഇന്ത്യന്‍ നാഷനല്‍ ലീഗിന്റെ ഇടതുമുന്നണി പ്രവേശം സംബന്ധിച്ച് ഈ മാസം അവസാനം ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. സംസ്ഥാന സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇന്ന് ഐ എന്‍ എല്ലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ശേഷം ഇടതുമുന്നണി പ്രവേശന കാര്യത്തില്‍ തീരുമാനമാകുമെന്നാണ് സൂചന. സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ശേഷം ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.
തുടര്‍ന്ന് ഐ എന്‍ എല്‍ നേതാക്കള്‍ ഇടതുമുന്നണി നേതാക്കളുമായി ചര്‍ച്ച നടത്തും. ഇതിനു ശേഷം അടുത്ത എല്‍ ഡി എഫ് യോഗത്തില്‍ ഐ എന്‍ എല്ലിനെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനമുണ്ടായേക്കുമെന്നാണ് കരുതുന്നത്.
ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഐ എന്‍ എല്‍ നേരത്തെ ഔദ്യോഗികമായി മുന്നണി നേതൃത്വത്തിന് കത്ത് നല്‍കുകയും എല്‍ ഡി എഫ് നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് സി പി എമ്മിലുണ്ടായ സംഘടനാ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായില്ല. ഐ എന്‍ എല്ലിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ നേരത്തെ ഉണ്ടായ എതിര്‍പ്പ് ഇപ്പോള്‍ ഇല്ല.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഇപ്പോള്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. നേരത്തെ ഐ എന്‍ എല്ലിനോട് താത്പര്യം കാണിക്കാതിരുന്ന സി പി ഐയും മൃദുസമീപനം സ്വീകരിച്ചിരിക്കുകയാണ്. വി എസിന്റെ നിലപാട് മാറ്റമാണ് ഇപ്പോള്‍ ഐ എന്‍ എല്ലിന്റെ മുന്നണി പ്രവേശത്തിന് അനുകൂല ഘടകമായി മാറിയത്. മാത്രമല്ല ഇന്ന് നടക്കുന്ന ഐ എന്‍ എല്ലിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതും വി എസാണ്. സി പി എം ഉള്‍പ്പെടെ മുന്നണിയിലെ എല്ലാ ഘടകകക്ഷികളുടെയും നേതാക്കള്‍ മാര്‍ച്ചില്‍ പ്രസംഗിക്കുന്നുണ്ട്.
ഇടതുമുന്നണി പ്രവേശത്തില്‍ ഔദ്യോഗിക തീരുമാനമെടുക്കുന്നതിന് തൊട്ടുമുമ്പ് നടക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഐ എന്‍ എല്ലിന്റെ ശക്തിപ്രകടനമായി മാറ്റാനുള്ള ഒരുക്കത്തിലാണ് നേതാക്കള്‍. എല്‍ ഡി എഫിലെ ഘടക കക്ഷി നേതാക്കളെല്ലാം അണിനിരക്കുമെന്നതുകൊണ്ട് തന്നെ ഐ എന്‍ എല്ലിന്റെ സംഘടനാബലം അവരെ ബോധ്യപ്പെടുത്തുന്നത് കൂടിയാകും മാര്‍ച്ച്.
രൂപവത്കരണ കാലം മുതല്‍ ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഐ എന്‍ എല്ലിനെ മുന്നണിയില്‍ ഘടക കക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വം എല്ലാ ഘടക കക്ഷികളുടെയും നേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. 1994ല്‍ ഐ എന്‍ എല്‍ രൂപവത്കരിച്ചതിനു ശേഷം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒഴിച്ച് ഐ എന്‍ എല്‍ ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. മുന്നണിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു 2010ല്‍ നടന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഐ എന്‍ എല്‍ ഇടത് ബന്ധം വിച്ഛേദിച്ചത്. ഇത് ഐ എന്‍ എല്ലില്‍ പിളര്‍പ്പിനുമിടയാക്കി. മുന്നണി ബന്ധം വിച്ഛേദിച്ചതില്‍ എതിര്‍പ്പുള്ളവര്‍ ഐ എന്‍ എല്‍ സെക്യുലറായി നിലകൊണ്ടു. പിന്നീട് ഇവര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയെങ്കിലും മുസ്‌ലിം ലീഗിനോട് താത്പര്യമുള്ള പി എം എ സലാമിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ലീഗില്‍ ലയിക്കുകയും ചെയ്തു.
ഐ എന്‍ എല്ലിനെ ഘടക കക്ഷിയാക്കുന്ന കാര്യം മുന്നണി നേതൃത്വം ഇപ്പോള്‍ തത്വത്തില്‍ അംഗീകരിച്ചതായാണ് സൂചന. ഇതിന്റെ ഭാഗമായി മുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമര പരിപാടികളില്‍ ഐ എന്‍ എല്ലിനെ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം നടന്ന കലക്ടറേറ്റ് മാര്‍ച്ചുകളില്‍ ഐ എന്‍ എല്ലിനെയും ഉള്‍പ്പെടുത്തിയത് മുന്നണി പ്രവേശത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
മുന്നണി പ്രവേശത്തോടെ ഐ എന്‍ എല്ലിലേക്ക് കുറെക്കൂടി ഗ്രൂപ്പുകള്‍ കടന്നുവരുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പി ഡി പിയിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രാജിവെച്ച സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനകം ഐ എന്‍ എല്ലില്‍ ചേര്‍ന്നിട്ടുണ്ട്.
നേരത്തെ പി എം എ സലാമിന്റെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗില്‍ ലയിച്ചപ്പോള്‍ കൂടെ പോയവരില്‍ ഒരു വിഭാഗവും തിരിച്ചുവരുമെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here