ആരുഷി വധം: സംഭവം നടക്കുമ്പോള്‍ ഗാഢനിദ്രയിലായിരുന്നുവെന്ന് രാജേഷ് തല്‍വാര്‍

Posted on: May 20, 2013 4:10 am | Last updated: May 21, 2013 at 1:28 am
SHARE

ഗാസിയാബാദ്: മകള്‍ ആരുഷിയും വീട്ടുവേലക്കാരന്‍ ഹേംരാജും കൊല്ലപ്പെട്ട സമയം താന്‍ ഗാഢ ഉറക്കത്തിലായിരുന്നുവെന്ന് ഡോ. രാജേഷ് തല്‍വാര്‍. ആ സമയം താന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുകയാണെന്ന നെറ്റ് റൂട്ടര്‍ ശരിയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സി ബി ഐ നെറ്റ് റൂട്ടര്‍ തെളിവായി ഹാജരാക്കിയിരുന്നു.
313ാം വകുപ്പ് പ്രകാരമാണ് തല്‍വാറിന്റെ മൊഴി രേഖപ്പെടുത്തിയത്. ഇതുപ്രകാരം ജഡ്ജിക്ക് കുറ്റാരോപിതനോട് നേരിട്ട് ചോദ്യം ചോദിക്കാനും സാഹചര്യങ്ങളെ സംബന്ധിച്ച് വിശദീകരിക്കാനും അവകാശമുണ്ടാകും. ഇതനുസരിച്ച് സ്‌പെഷ്യല്‍ സി ബി ഐ ജഡ്ജി എസ് ലാല്‍ ഇരുനൂറിലേറെ ചോദ്യങ്ങള്‍ തല്‍വാറിനോട് ചോദിക്കുകയും സ്വന്തം ഭാഗങ്ങള്‍ വിശദീകരിക്കാന്‍ അവസരം നല്‍കുകയും ചെയ്തതായി തല്‍വാറിന്റെ അഭിഭാഷകന്‍ മനോജ് സിസോദിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കൊലപാതകങ്ങള്‍ നടന്ന മെയ് 15ലെ രാത്രിയില്‍ മുറിയില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നുവല്ലോയെന്ന് തല്‍വാറിനോട് ജഡ്ജി ചോദിച്ചു. അന്ന് രാത്രി കൃത്യമായ ഇടവേളകളില്‍ തല്‍വാര്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നുവെന്നും അതിനാല്‍ അദ്ദേഹം ഗാഢ നിദ്രയിലായിരുന്നുവെന്ന വാദം നിലനില്‍ക്കില്ലെന്നുമാണ് സി ബി ഐയുടെ നിലപാട്. എന്നാല്‍ പതിനൊന്നരക്ക് ശേഷം താന്‍ ഗാഢ ഉറക്കത്തിലായിരുന്നുവെന്നും ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നില്ലെന്നും തല്‍വാര്‍ കോടതിയില്‍ പറഞ്ഞു. സംഭവസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയതിനും കമ്പ്യൂട്ടറുകള്‍ സ്വിച്ച് ഓഫ് ചെയ്തതിനും ശേഷവും മെയ് 16ന് രാവിലെ ആറിനും ഉച്ചക്ക് ഒന്നിനും ഇടക്ക് ഇന്റര്‍നെറ്റ് ഉപയോഗിച്ചതായി റൂട്ടറില്‍ കാണിക്കുന്നുണ്ട്. മെയ് 16ന് ഇന്റര്‍നെറ്റ് കണക്ടിംഗില്‍ തകരാറ് നടന്നതായി റൂട്ടറില്‍ തെളിയുന്നു. അതിനാല്‍, തല്‍വാര്‍ ഉണര്‍ന്നിരുന്നുവെന്നതിന് തെളിവായി റൂട്ടര്‍ കാണിക്കുന്നത് ശരിയല്ലെന്നാണ് അഡ്വ. സിസോദിയയുടെ വാദം.
ഹേംരാജിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ സംബന്ധിച്ചും തല്‍വാറിനോട് ചോദിച്ചു. മരണത്തിന് തൊട്ടുമുമ്പ് ഹേംരാജ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍, ഇതിനെ സംബന്ധിച്ച് തനിക്ക് ഒന്നും പറയാനില്ലെന്ന് തല്‍വാര്‍ പറഞ്ഞു. ഇതിന് പിന്നീട് മറുപടി നല്‍കുമെന്നും തല്‍വാര്‍ കോടതിയെ അറിയിച്ചു.