വയനാടന്‍ സുഗന്ധ നെല്ലിനങ്ങളുടെ ഈറ്റില്ലത്തില്‍ വയലാകെ തരിശ് കിടക്കുന്നു

Posted on: May 20, 2013 6:00 am | Last updated: May 19, 2013 at 11:22 pm
SHARE

പുല്‍പള്ളി: രാജ്യത്തിനകത്തും പുറത്തും വയനാടന്‍ നെല്ലിനങ്ങള്‍ക്ക് ഖ്യാതിനേടിക്കൊടുത്ത തനത് ഇനങ്ങളായ ഗന്ധകശാലയുടെയും ജീരകശാലയുടെയും ഈറ്റില്ലത്തില്‍ ഇത്തവണ വയലുകള്‍ തരിശായി കിടക്കുന്നു. കേരളത്തിനും കര്‍ണാടകത്തിനും അതിരിട്ട് കിഴക്കോട്ട് ഒഴുകുന്ന കബനി നദിയോട് ചേര്‍ന്ന പാക്കം, ചേകാടി പ്രദേശങ്ങളില്‍ ഇത്രത്തോളം വരള്‍ച്ചയും ജലക്ഷാമവും ഇതുവരെ അനുഭവത്തിലില്ലെന്ന് പഴമക്കാര്‍ പറയുന്നു. പാക്കം, ചേകാടി പ്രദേശങ്ങളില്‍ പരമ്പരാഗതമായി ജീരകശാലയും ഗന്ധകശാലയും കൃഷിയിറക്കുന്നവര്‍ക്ക് പാരമ്പര്യം ഏറെയുണ്ട്. മംഗലാപുരത്ത് നിന്ന് നാല് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കുടിയേറിയ എടനാടന്‍ ചെട്ടിമാര്‍ക്കാണ് ഈ രണ്ടിനങ്ങളുടെയും കുത്തകയുണ്ടായിരുന്നത്. പിന്നീടാണിത് ജില്ലയുടെ പല ഭാഗത്തേക്കും എത്തിയത്. ചുറ്റും വനവും സുലഭമായി ജലവും കൊണ്ട് അനുഗ്രഹീത പ്രദേശമായിരുന്നു പാക്കവും ചേകാടിയും. കാലത്തിനൊപ്പം കര്‍ഷകരില്‍ മഹാഭൂരിപക്ഷവും അത്യുല്‍പ്പാദന ശേഷിയുള്ള വിത്തിനങ്ങള്‍ക്ക് പിന്നാലെ പോയപ്പോഴും പഴമ കാത്ത് ജീരകശാലയും ഗന്ധകശാലയും കൂടുതലായി കൃഷിയിറക്കിയിരുന്ന പാടങ്ങളായിരുന്നു ചേകാടിയിലേത്. ചേകാടിയിലും പാക്കത്തുമായി ഇത്തവണ മുന്നൂറ് ഏക്കറോളം പാടത്ത് പുഞ്ചകൃഷി ചെയ്യാനായില്ല. കബനിയില്‍ നിന്നുള്ള ലിഫ്ട് ഇറിഗേഷന്‍ വെള്ളവും ഇവിടെ ലഭിച്ചില്ല. ഉണങ്ങി വരണ്ട പാടത്ത് വിത്തിട്ട് പാഴാക്കാന്‍ പരമ്പരാഗത കര്‍ഷകര്‍ക്ക് മനസ് വന്നില്ല. മടിച്ചിട്ടാണെങ്കിലും ഇവര്‍ ഇത്തവണ നെല്‍വയലില്‍ വാഴയും ഇഞ്ചിയും നടുകയായിരുന്നു. എന്നിട്ടും ഇരുനൂറ് ഏക്കറോളം വയലാണ് തരിശായി കിടക്കുന്നത്. പുഴയ്ക്ക് അപ്പുറം കര്‍ണാടക അതിര്‍ത്തിയില്‍ മഴ വെള്ള കൊയ്ത്തിലൂടെ കൃഷിക്കുള്ള വെള്ളം കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രാപ്തരാക്കുന്ന കര്‍ഷകരെ നോക്കി നെടുവീര്‍പ്പിടുകയാണ് ചേകാടിയിലേയും പാക്കത്തെയും പരമ്പരാഗത നെല്‍കൃഷിക്കാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here