അഹാഡ്‌സ് മാതൃകയില്‍ ആദിവാസി വികസന പദ്ധതി പ്രഖ്യാപനത്തില്‍ ഒതുങ്ങി

Posted on: May 20, 2013 6:00 am | Last updated: May 19, 2013 at 11:20 pm
SHARE

കല്‍പ്പറ്റ: അട്ടപ്പാടി ഹില്‍ ഏരിയ ഡെവലപ്പ്‌മെന്റ് സൊസൈറ്റി മാതൃകയില്‍ വയനാട് ജില്ലയില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സമഗ്ര ആദിവാസി വികസന പദ്ധതി പ്രഖ്യാപനത്തില്‍ ഒതുങ്ങി.
2011ല്‍ ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനം ജില്ലയില്‍ ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. പത്ത് വര്‍ഷം കൊണ്ട് 1000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നത്. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെയും സര്‍ക്കാറിന്റെയും വിശദമായ പരിശോധനയ്ക്ക് ശേഷം കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയതുമാണ്. എന്നാല്‍ ജപ്പാന്‍ ഗവണ്മെന്റ് പദ്ധതി നടത്തിപ്പിനുള്ള ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ തുടര്‍ നടപടി ഉണ്ടാവാത്തതാണ് വയനാട്ടില്‍ ഇനിയും ആരംഭിക്കാന്‍ കഴിയാത്തതിന് കാരണം. അട്ടപ്പാടിയില്‍ 12 വര്‍ഷം കൊണ്ട് ആദിവാസി ഊരുകളില്‍ കൈവരിക്കാനായ നേട്ടങ്ങള്‍ പരിഗണിച്ചാണ് വയനാട്ടില്‍ ഈ മാതൃകയില്‍ ആദിവാസി വികസന പദ്ധതി ആവിഷ്‌ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അഹാര്‍ഡ്‌സിനെ ചുമതലപ്പെടുത്തിയത്.
എന്നാല്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന സ്വകാര്യ കമ്പനിയായ സ്വിസ്‌ലോണിന് ആദിവാസി ഭൂമി കൈമാറുന്നതില്‍ അഹാഡ്‌സിലെ ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇടനിലക്കാരായത് ഈ സ്ഥാപനത്തിന് തന്നെ ദുഷ്‌പ്പേര് ഉണ്ടാക്കിയിരുന്നു. ഇതും വയനാട്ടിലെ പദ്ധതി മുടങ്ങാന്‍ കാരണമായി. 2010ല്‍ പട്ടികവര്‍ഗ വികസന വകുപ്പും ത്രിതല പഞ്ചായത്തുകളും ചേര്‍ന്ന് നടത്തിയ കുടുംബതല സര്‍വെയുടെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് പഠനങ്ങളുടെയും അടിസ്ഥാനത്തിനാലാണ് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്. ജില്ലയിലെ 2160 ആദിവാസി കോളനികളിലായി 36000 കുടുംബങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ആദിവാസി ജനസംഖ്യ 1.52 ലക്ഷമാണ്. ഇതില്‍ അയ്യായിരത്തോളം കുടുംബങ്ങള്‍ക്ക് വീടില്ല. സ്വന്തമായി വീടുണ്ടെങ്കിലും വാസയോഗ്യമല്ലാത്തതാണ് എണ്ണായിരത്തോളം കൂരകള്‍. ഇവര്‍ക്കെല്ലാം ആവശ്യാധിഷ്ഠിത വീടാണ് അഹാര്‍ഡ്‌സ് നിര്‍മിക്കാന്‍ ഉദ്ദേശിച്ചത്. ഒന്‍പത് മാതൃകയിലുള്ള വീടുകളാണ് അഹാര്‍ഡ്‌സിന്റേത്. ഓരോ കുടുംബത്തിലേയും അംഗങ്ങള്‍, വിദ്യാര്‍ഥികളുടെ പഠന സൗകര്യം എന്നിവയെല്ലാം വീട് നിര്‍മാണത്തില്‍ പരിഗണിക്കും. 50 ശതമാനം സ്ത്രീ പങ്കാളിത്തത്തോടെ ഊരുകളില്‍ രൂപീകരിക്കുന്ന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട് നിര്‍മാണം അടക്കമുള്ള വികസന പ്രവൃത്തികള്‍ നടപ്പാക്കാനാണ് ലക്ഷ്യമാക്കിയിരുന്നത്. ഊരുകളില്‍ കമ്യൂണിറ്റി റിസോഴ്‌സ് സെന്റര്‍, മണ്ണ്-ജല സംരക്ഷണം, കാര്‍ഷിക വികസനം തുടങ്ങിയവയ്ക്കും പ്രോജക്ടില്‍ ഫണ്ട് ഉള്‍പ്പെടുത്തിരുന്നു.
വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അംഗീകാരത്തിന് മുന്‍പെ മാതൃകാ പ്രോജക്ട് തെരഞ്ഞെടുത്ത അഞ്ച് കേന്ദ്രങ്ങളില്‍ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. തുടക്കത്തില്‍ കല്‍പറ്റ മുനിസിപ്പാലിറ്റിയിലെ ഓണിവയല്‍, തിരുനെല്ലി പഞ്ചായത്തിലെ മാന്താനം അടിയ കോളനി, സുല്‍ത്താന്‍ ബത്തേരി പഞ്ചായത്തിലെ പൂവഞ്ചി കോളനി, പൊഴുതന ഗ്രാമ പഞ്ചായത്തിലെ ഭൂദാനം കാട്ടുനായ്ക്ക കോളനി, സുന്ധഗിരി എന്നിവയെയാണ് പൈലറ്റ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയത്.
ഇതില്‍ ഓണിവയല്‍ കോളനിയില്‍ അഹാര്‍ഡ്‌സ് പ്രോജക്ടിന് കാക്കാതെ മുനിസിപ്പാലിറ്റി ഫഌറ്റ് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. 2010ല്‍ ലക്കിടിയില്‍ പ്രോജക്ട് ക്യാംപ് ഓഫീസ് തുറന്നതല്ലാതെ ഒരു പ്രവര്‍ത്തനവും ആരംഭിച്ചില്ല. ഇപ്പോള്‍ ഈ ഓഫീസ് മാറാല പിടിച്ചുകിടക്കുകയാണ്.