ആധാര്‍ കാര്‍ഡും ചതിച്ചു; മറിയക്കുട്ടി കൊലപാതക അന്വേഷണം വീണ്ടും വഴിമുട്ടി

Posted on: May 20, 2013 6:00 am | Last updated: May 19, 2013 at 11:18 pm
SHARE

ചെറുപുഴ: കാക്കയം ചാന്‍ പടത്തടത്തെ കൂട്ടമാക്കാന്‍ മറിയക്കുട്ടി (55) കൊലപാതക അന്വേഷണം വീണ്ടും വഴിമുട്ടുന്നു. അന്വേഷണത്തില്‍ അവസാന പിടിവള്ളിയായ ആധാര്‍ കാര്‍ഡും ചതിച്ചു. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കൊലയാളിയെ കണ്ടെത്തുവാനുള്ള ശ്രമം പരാജയപ്പെട്ടു.
കൊല നടന്ന സ്ഥലത്ത് നിന്നും കൊലയാളിയുടെതെന്ന് സംശയിക്കുന്ന വിരലടയാളം ക്രൈം ബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇത് ആധാര്‍ കാര്‍ഡിലെ വിരലടയാളങ്ങളുമായി താരതമ്യം ചെയ്ത് കൊലയാളിയെ കണ്ടെത്താനായിരുന്നു ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. സന്തോഷിന്റെയും സി ഐ. കുഞ്ഞുമോയിന്‍കുട്ടിയുടെയും നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തീരുമാനം. ഇതുപ്രകാരം തിരുവനന്തപുരത്തെ ആധാര്‍ ഡയറക്ടറുടെ സഹായത്തോടെ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ആധാര്‍ കാര്‍ഡില്‍ നിന്നും തുമ്പൊന്നും ലഭിച്ചില്ലെന്നാണ് സൂചന. ഇതോടെ ഒരു വര്‍ഷത്തോളമായി നടക്കുന്ന അന്വേഷണം വഴിമുട്ടിയ നിലയിലാണ്. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി. സന്തോഷ്, ടി പി ചന്ദ്രശേഖരന്‍ കൊലപാതക കേസും അന്വേഷിക്കുന്നതോടെ മറിയക്കുട്ടി കൊലപാതകം അന്വേഷണം പൂര്‍ണമായും കൈയൊഴിഞ്ഞ നിലയിലാണ്.
2012 മാര്‍ച്ച് നാലിനാണ് മറിയക്കുട്ടിയെ വീട്ടിനുള്ളില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ലോക്കല്‍ പോലീസും, എസ് പി യുടെ ക്രൈംസ്‌ക്വോഡും അന്വേഷണം നടത്തിയെങ്കിലും യാതൊരു പുരോഗതിയും കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപവത്കരിക്കുകയും പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ട് പോവുകയും ചെയ്തപ്പോഴാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.
എന്നാല്‍ കേസ് ഏറ്റെടുത്ത് മാസങ്ങളായിട്ടും ഇതുവരെ പ്രതിയെക്കുറിച്ച് സൂചനപോലും ലഭിച്ചില്ല. കൊലപാതകം നടന്ന സ്ഥലത്തുനിന്നും ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചിരുന്നെങ്കിലും പ്രതിയെ കണ്ടെത്താന്‍ പോലീസ് ആദ്യംമുതലെ മടികാണിക്കുകയായിരുന്നു. കേസ് അട്ടിമറിക്കാന്‍ ആദ്യംമുതലെ തന്നെ ഉന്നത ബന്ധമുള്ളവര്‍ ശ്രമിക്കുന്നതായി ആരോപണം ഉണ്ടായിരുന്നു. ഇതെല്ലാം ശരിവെക്കുന്ന രീതിയിലായിരുന്നു പോലീസ് അന്വേഷണവും.
കൊല നടന്ന് മൂന്നാം ദിവസം തന്നെ പോലീസ് വീട് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. ഇതിലൂടെ വീടിനുള്ളിലെ എല്ലാ തെളിവുകളും നശിപ്പിക്കുവാന്‍ പോലീസ് സഹായിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. ഇങ്ങനെയിരിക്കുമ്പോള്‍ തന്നെ കണ്ണൂര്‍ എസ് പി. രാഹുല്‍ ആര്‍ നായര്‍, ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. കുഞ്ഞുമോയിന്‍ കുട്ടി തുടങ്ങി എല്ലാ ഉദ്യോഗസ്ഥരും തെളിവെടുപ്പ് നടത്തിയ വീട്ടില്‍ നിന്നും രണ്ടാം ദിവസം മറിയക്കുട്ടിയുടെ മാല കണ്ടെത്തിയതും ദുരൂഹതയേറ്റുന്നുണ്ട്. ഒടുവില്‍ ആക്ഷന്‍ കമ്മറ്റി ഭാരവാഹിയായ പഞ്ചായത്ത് മെമ്പറോട് സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ഒരു ബന്ധു ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.
മലയോരത്തെ നടുക്കിയ കൊലപാതകം തെളിയിക്കാത്ത പോലീസ് നടപടി പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here