പ്രാണി ശല്യം ; ഒന്‍പതംഗ കുടുംബം വീട് പൊളിച്ചു മാറ്റി

Posted on: May 20, 2013 6:00 am | Last updated: May 19, 2013 at 11:15 pm
SHARE

ഒറ്റപ്പാലം: വേങ്ങശേരിയില്‍ കോട്ടെരുമ എന്ന ചെറു പ്രാണിയുടെ ശല്യം സഹിക്കാനാകാതെ ഒന്‍പതംഗ കുടുംബം സ്വന്തം വീട് പൊളിച്ചു മാറ്റി. അകവണ്ട നെച്ചിക്കാട്ടില്‍ മണികണ്ഠന്റെ വീടാണ് എസ്‌കേവേറ്റര്‍ ഉപയോഗിച്ച് പൊളിച്ചു മാറ്റിയത്.
വേനല്‍ തുടങ്ങിയതോടെയാണ് പ്രാണി ശല്യം വര്‍ധിച്ചത്. പ്രതിദിനം എണ്ണം വര്‍ധിച്ച് പ്രാണികള്‍ വീടുമുഴുവന്‍ കൈയടക്കി. മേല്‍ക്കൂരയിലും ചുമരുകളിലും കോട്ടെരുമ എന്ന പ്രാണി തിങ്ങിനിറഞ്ഞ് ഭക്ഷണം പാകം ചെയ്യാനോ കഴിക്കാനോ ഉറങ്ങാനോ ചെയ്യാനാകാത്ത അവസ്ഥ. ഇതോടെ മണികണ്ഠനും കുട്ടികളും സഹോദരങ്ങളും അടങ്ങിയ 9 അംഗ കുടുംബം ബന്ധുവീടുകളിലായിരുന്നു താമസം.
ദിവസങ്ങള്‍ക്ക് ശേഷവും അവസ്ഥക്ക് മാറ്റമുണ്ടായില്ല. പ്രാണികളെ തുരത്താന്‍ ശ്രമിച്ച എല്ലാ ശ്രമങ്ങളും വിഫലമായി. ഒടുവില്‍ സഹികെട്ട് ഓടുമേഞ്ഞ തറവാട് വീട് പൊളിച്ചു നീക്കുകയായിരുന്നു വീട് പൊളിച്ചു മാറ്റിയ സ്ഥലത്ത് താല്‍ക്കാലികമായി നിര്‍മിച്ച ഷെഡിലേക്ക് താമസം മാറാനൊരുങ്ങുകയാണ് ഈ കുടുംബം. സമീപത്തെ പല വീടുകളിലും ഇവയുടെ ശല്യമുണ്ടെങ്കിലും ഇത്ര രൂക്ഷമല്ല.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും പ്രതിരോധമാര്‍ഗം ഇല്ലെന്നുപദേശിച്ച് മടങ്ങുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here