Connect with us

Editors Pick

വില്‍പ്പന കേന്ദ്രങ്ങളിലെ സിഗരറ്റ് പരസ്യങ്ങള്‍ ആപത്കരമെന്ന് പഠനങ്ങള്‍

Published

|

Last Updated

തിരുവനന്തപുരം: പുകവലി പ്രോത്സാഹിപ്പിക്കാന്‍ വില്‍പ്പന കേന്ദ്രങ്ങളിലെ പരസ്യങ്ങള്‍ കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടും നിരോധിക്കപ്പെട്ട ഇത്തരം പരസ്യങ്ങള്‍ കേരളത്തില്‍ വ്യാപകമാകുന്നു. ഇത്തരം പരസ്യങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സിഗററ്റ് വാങ്ങുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് രാജ്യാന്തര തലത്തില്‍ നടത്തിയ ഒരു സര്‍വേ വ്യക്തമാക്കുന്നത്.

ഓക്‌സ്‌ഫോര്‍ഡ് ജേണലായ ഹെല്‍ത്ത് എജ്യൂക്കേഷന്‍ റിസര്‍ച്ചില്‍ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് വില്‍പ്പന കേന്ദ്രങ്ങളിലെ പരസ്യങ്ങള്‍ ഗണ്യമായി നിയന്ത്രിക്കപ്പെട്ട കാനഡയില്‍ ഇത്തരം പരസ്യങ്ങള്‍ ശ്രദ്ധിക്കുന്നവരുടെ എണ്ണവും സിഗരറ്റ് വില്‍പ്പനയും ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. 2006 മുതല്‍ 2010 വരെ നടത്തിയ സര്‍വേയനുസരിച്ച് വില്‍പ്പന കേന്ദ്രങ്ങളിലെ പരസ്യങ്ങള്‍ ശ്രദ്ധിച്ചവരുടെ എണ്ണം 74.1 ശതമാനത്തില്‍നിന്ന് 6.1 ശതമാനത്തിലേക്കാണ് താഴ്ന്നത്.
പരസ്യങ്ങളുടെ ഉപയോഗം 40.3ല്‍ നിന്ന് 14.1 ആയി കുറഞ്ഞു. ആസ്‌ട്രേലിയയില്‍ പരസ്യം ശ്രദ്ധിക്കുന്നവരുടെ എണ്ണം 73.9ല്‍ നിന്ന് 42.9 ആയാണ് കുറഞ്ഞത്. മറ്റ് തരത്തിലുള്ള പരസ്യങ്ങളും പുകവലി പ്രോത്സാഹന സമ്പ്രദായങ്ങളും ഈ സമയത്ത് ഈ രാജ്യങ്ങളില്‍ കുറച്ചിരുന്നു.
അതേസമയം പരസ്യങ്ങള്‍ക്ക് നിയന്ത്രണമില്ലാതിരുന്ന ബ്രിട്ടനിലും അമേരിക്കയിലും വില്‍പ്പന കേന്ദ്രങ്ങളിലെ പരസ്യങ്ങള്‍ ശ്രദ്ധിക്കുന്നവരുടെ എണ്ണം ഉയര്‍ന്ന നിലയിലായിരുന്നു. വില്‍പ്പന കേന്ദ്രങ്ങളിലെ പരസ്യങ്ങളുടെ സ്വാധീനം പഠിക്കാനായി നാല് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. പരസ്യങ്ങള്‍ക്ക് നിയന്ത്രണങ്ങളുള്ള ആസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളും നിയന്ത്രണങ്ങളില്ലാത്ത ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളും തമ്മിലുള്ള താരതമ്യ പഠനമാണ് നടന്നത്. പ്രമുഖ പുകയില നിയന്ത്രണ ഗവേഷകരായ ഡോ. എല്‍ ലീ, ഡോ. ആര്‍ ബോര്‍ലാന്‍ഡ്, ഡോ. ഡി ഹാമണ്ട്, ഡോ. കെ എം കമ്മിംഗ്‌സ്, ഡോ. ജെ എഫ് ത്രാഷര്‍ എന്നിവരും ആര്‍നോള്‍ഡ് സ്‌കൂള്‍ ഓഫ ്പബ്ലിക് ഹെല്‍ത്ത്, യൂനിവേഴ്‌സിറ്റി സൗത്ത് കാലിഫോര്‍ണിയ എന്നീ സ്ഥാപനങ്ങളുമാണ് പഠനത്തില്‍ സഹകരിച്ചത്.
കേരളത്തില്‍ വില്‍പ്പന കേന്ദ്രങ്ങളില്‍ പരസ്യങ്ങള്‍ ഉപയോഗിക്കുന്നത് നിയമലംഘനമാണെന്ന് റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടറും ടുബാക്കോ ഫ്രീ കേരള വൈസ് ചെയര്‍മാനുമായ ഡോ. പോള്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. സിഗററ്റ് ബ്രാന്‍ഡ് ചിത്രങ്ങളോടെയും വിവരണങ്ങളോടെയുമുള്ള പരസ്യങ്ങള്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നു മാത്രമല്ല പുകവലിയില്‍നിന്ന് പിന്തിരിയാനാഗ്രഹിക്കുന്നവര്‍ക്ക് തടസ്സമാകുകയും ചെയ്യുന്നുണ്ട്. ഒരു തവണ കൂടി മാത്രം എന്നു പറഞ്ഞ് വീണ്ടും പുകവലിയിലേക്ക് പോകുകയാണ് പലരും ചെയ്യുന്നത്. ഏതു തരത്തിലുള്ള പുകയില ഉപയോഗവും ക്യാന്‍സറും ഹൃദ്രോഗങ്ങളും ഉണ്ടാക്കാന്‍ പോന്നതാണെന്ന് ് ഡോ. പോള്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.
ബ്രാന്‍ഡ് പാക്ക് പരസ്യങ്ങളും ബ്രാന്‍ഡ് പേരുകളും ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ബി സതീശന്‍ ചൂണ്ടിക്കാട്ടി. കോട്പ എന്ന പേരിലറിയപ്പെടുന്ന പുകയില നിയന്ത്രണ നിയമത്തിന്റെ അഞ്ചാം വകുപ്പനുസരിച്ച് സിഗരറ്റ് ബ്രാന്‍ഡ് പാക്കറ്റ് ചിത്രങ്ങളും ബ്രാന്‍ഡ് പേരുകളും വില്‍പ്പന കേന്ദ്രങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല. “പുകയില ക്യാന്‍സറിന് കാരണമാകുന്നു, “പുകയില കൊല്ലും” തുടങ്ങിയ മുന്നറിയിപ്പ് വാചകങ്ങള്‍ അതതു ഭാഷയില്‍ 20 സെന്റിമീറ്റര്‍ നീളത്തിലും 15 സെന്റിമീറ്റര്‍ വീതിയിലുമുള്ള കറുത്ത അക്ഷര വലിപ്പത്തില്‍ വെളുത്ത പശ്ചാത്തലത്തില്‍ ബോര്‍ഡിന്റെ മുകളില്‍ രേഖപ്പെടുത്തിയിരിക്കണം എന്നാണ് നിയമം.

 

---- facebook comment plugin here -----

Latest