Connect with us

Articles

ചരമശയ്യയിലായ ബിരുദങ്ങളും ഒരു ഡല്‍ഹി പരീക്ഷണവും

Published

|

Last Updated

സ്വയംഭരണാവകാശമുള്ള കോളജുകള്‍ കേരളത്തില്‍ ഒരു യാഥാര്‍ഥ്യമാകാന്‍ പോകുന്നെന്നാണ് മന്ത്രിസഭാ തീരുമാനം വിശദീകരിച്ചു മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. ആരൊക്കെ, എന്തൊക്കെ താത്പര്യക്കാരാണ് ഇതിനായുള്ള വിലപേശലിനിറങ്ങിത്തിരിക്കുക എന്ന കാര്യവും നമുക്കൊക്കെ ഏറെക്കുറെ അറിയാവുന്നതാണ്. ഇതൊരു ലേലം വിളിയുടെ മുന്നറിയിപ്പാണ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവന്‍ ഇപ്പോള്‍ തന്നെ വീര്‍ത്ത സഞ്ചികളുമായി തലസ്ഥാനത്തേക്കു പുറപ്പെട്ടുകഴിഞ്ഞു. ഈ അധ്യയന വര്‍ഷം തന്നെ സ്വാശ്രയ കോളജുകള്‍ എന്ന ബിരുദ നിര്‍മാണ ഫാക്ടറികള്‍ സംസ്ഥാനത്തു നിലവില്‍ വരും. വൈകാതെ സ്വകാര്യ സര്‍വകലാശാലകളും വിദേശ സര്‍വകലാശാകളും ഒക്കെ പ്രവര്‍ത്തിച്ചു തുടങ്ങും. നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം ആകെ കാള കയറിയ പാത്രക്കട പോലെ അലങ്കോലമാകും. ഇതോടെ കേരളമാകെ ബിരുദാനന്തര ബിരുദധാരികളെ കൊണ്ടും പി എച്ച് ഡിക്കാരെക്കൊണ്ടും നിറയും. മറ്റേതൊരു കച്ചവടത്തേക്കാളും ലാഭകരമായ ഒരു കച്ചവടമായി വിദ്യാഭ്യാസം ഇപ്പോഴേ മാറിക്കഴിഞ്ഞു. ഇതിന്റെ ഫലമെന്താണെന്നും ഇതിനകം വെളിവായിക്കഴിഞ്ഞിട്ടുമുണ്ട്. പണ്ട് നിരക്ഷരന്മാരായിരുന്നു നമ്മുടെ പ്രശ്‌നമെങ്കില്‍ ഇപ്പോള്‍ സാക്ഷരരാക്ഷസന്മാരാണ് നമ്മുടെ പ്രശ്‌നം.
ഈ പശ്ചാത്തലത്തില്‍ വേണം നമ്മുടെ പ്രശസ്ത സര്‍വകലാശാലകളില്‍ ഒന്നായ ഡല്‍ഹി സര്‍വകലാശാല അതിന്റെ ബിരുദതല പാഠ്യപദ്ധതിയില്‍ ദൂരവ്യാപകമായ പരിവര്‍ത്തനങ്ങള്‍ക്കു വഴിയൊരുക്കുന്ന ചില ഉടച്ചുവാര്‍ക്കലിനു തയ്യാറെടുക്കുന്നത്. വിമര്‍ശവും പ്രശംസയും ഒപ്പം ക്ഷണിച്ചു വരുത്തിയ ഈ പരിപാടിയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ വരികയുണ്ടായി. ഇത്തരം പൊളിച്ചടക്കല്‍ വളരെ വേഗത്തിലായിപ്പോയി എന്നും വേണ്ടത്ര സമയം എടുത്ത് അധ്യാപകരും വിദ്യാര്‍ഥികളും ഒക്കെയായി ചര്‍ച്ച നടത്തിയില്ല എന്നുമായിരുന്നു വിമര്‍ശം ഉയര്‍ന്നുവന്നത്. പുതിയ പരിഷ്‌കാരങ്ങള്‍ എന്തു നടപ്പിലാക്കപ്പെടുമ്പോഴും വിമര്‍ശവും എതിര്‍പ്പും സ്വാഭാവികം. അനുദിനം മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഡല്‍ഹി സര്‍വകലാശാലാ മാതൃകയിലുള്ള ഒരുടച്ചുവാര്‍ക്കലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എങ്കിലും ആരംഭിക്കാന്‍ സമയമായിരിക്കുന്നു.
ഡല്‍ഹി സര്‍വകലാശാല ഈ ജൂലൈ മുതല്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയ പരിഷ്‌കാരങ്ങള്‍ ഇവയൊക്കെയാണ്: ഇപ്പോള്‍ സാര്‍വത്രികമായി നിലവിലുള്ള ത്രിവത്സര ബിരുദ കോഴ്‌സുകള്‍ അവസാനിപ്പിക്കുന്നു. പകരം ചതുര്‍വത്സര കോഴ്‌സുകള്‍; അതും ഇന്നത്തെ നിലയിലുള്ള പാരമ്പര്യ വിഷയങ്ങള്‍ ഐച്ഛികമായി പഠിക്കുന്ന രീതിയിലായിരിക്കുകയില്ല. ഇന്ന് ബി എ, ബി എസ് സി, ബി കോം ഇങ്ങനെയുള്ള തരംതിരിവുകള്‍ കൂടാതെ ഏറെക്കുറെ എല്ലാ വിഭാഗത്തിലും പെട്ട പ്രധാന വിഷയങ്ങളും പുറമെ, ഇംഗ്ലീഷും മറ്റൊരു അംഗീകൃത ഇന്ത്യന്‍ ഭാഷയും നാല് വര്‍ഷം കൊണ്ട് പഠിച്ച് ഇന്നത്തെ ബാച്ചിലര്‍ ഡിഗ്രികളുടെ സ്ഥാനത്ത് ബാകലൊറെയ്റ്റ് (ആമരരൗഹമൗൃലമലേ) എന്ന ബിരുദമായിരിക്കും ഇനിമേല്‍ നാല് വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കു ലഭിക്കുക. ഇതിനായി 11 അടിസ്ഥാന കോഴ്‌സുകള്‍ (സെമസ്റ്ററുകള്‍) വിദ്യാര്‍ഥികള്‍ പൂര്‍ത്തീകരിക്കേണ്ടിവരും. ആദ്യത്തെ രണ്ട് വര്‍ഷങ്ങളില്‍ തന്നെ ഇവയില്‍ ഭൂരിഭാഗവും പൂര്‍ത്തിയാക്കേണ്ടിവരും.
ഇന്നത്തെ നമ്മുടെ ബിരുദതല പഠനത്തിനു ശതാബ്ദങ്ങളുടെ പഴക്കമുണ്ട്. ശാസ്ത്ര വിഷയങ്ങള്‍, മാനവികതാ വിഷയങ്ങള്‍, കൊമേഴ്‌സ്യല്‍ വിഷയങ്ങള്‍ എന്നീ മൂന്ന് പ്രധാന വിഭജനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ത്രിവത്സര കോഴ്‌സുകള്‍ ആണ് പൂനെയിലെ പഴയ പാരമ്പര്യ സര്‍വകലാശാലകളെ മാതൃകയാക്കി നമ്മളും പിന്തുടര്‍ന്നുപോന്നത്. ഇന്നത്തെ ജ്ഞാന സമ്പത്തിന്റെ പെരുപ്പം പരിഗണിക്കുമ്പോള്‍ ഈ വിഭജനത്തിനു യാതൊരു സാധൂകരണവും ഇല്ല. നിര്‍ദിഷ്ട പരിഷ്‌കരണ പദ്ധതിയിലെ പുതിയ നിര്‍ദേശപ്രകാരം അടിസ്ഥാന സെമസ്റ്ററുകളില്‍ രണ്ടെണ്ണം, ഭാഷ, സാഹിത്യം, സൃഷ്ടിപരത (ഒന്ന് ഇംഗ്ലീഷിലും മറ്റൊന്നു ഹിന്ദിയിലോ മറ്റ് ഇന്ത്യന്‍ ഭാഷയിലോ) വിവരസാങ്കേതിക വിദ്യ, ബിസിനസ്സ് സംരംഭകത്വവും മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റും പ്രവര്‍ത്തനവും പൗരത്വപരിശീലനവും, സൈക്കോളജി ആശയ വിനിയമയവും വ്യക്തിത്വശേഷി വര്‍ധിപ്പിക്കലും, സാമൂഹിക സാമ്പത്തിക മേഖലയിലെ തരം തിരിവുകള്‍, ശാസ്ത്രവും ജീവിതവും ചരിത്രവും സംസ്‌കാരവും ഗണിതശാസ്ത്ര പരിചയം, പരിസ്ഥിതിക പഠനവും പൊതുജനാരോഗ്യവും ഇതാണ് മറ്റ് ഒമ്പത് കോഴ്‌സുകള്‍. ഇത്രയേറെ വിഷയങ്ങള്‍ ഒറ്റയടിക്കോ എന്നു ആശ്ചര്യം തോന്നാം. എന്നാല്‍ ഇപ്പറഞ്ഞ അടിസ്ഥാന വിഷയങ്ങളെക്കുറിച്ചു കേവല ധാരണ പോലും ഇല്ലാത്ത ഒരു വ്യക്തിയെ ബിരുദധാരി, കലാശാലാ വിദ്യാഭ്യാസം ലഭിച്ച വ്യക്തി എന്നൊക്കെ വിശേഷിപ്പിക്കുന്നതിലെന്തര്‍ഥമാണുള്ളത്? ഇതൊന്നും കൂടാതെ ചടങ്ങനുസരിച്ച് ഏതെങ്കിലും ഒരു വിഷയം പ്രത്യേകമായി പഠിച്ചു എന്ന പേരും പറഞ്ഞു യാതൊന്നും പഠിക്കാതെ പുറത്തിറങ്ങുന്ന ഇന്നത്തെ നമ്മുടെ ബിരുദധാരികളുടെ സാമാന്യ നിലവാരം എത്ര മോശമാണെന്ന കാര്യം കൂടി പരിഗണിച്ചു വേണം ഈ പുതിയ പരിഷ്‌കാര നിര്‍ദേശത്തിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്താന്‍.
വിമര്‍ശകരുടെ അഭിപ്രായം ഇതു വിദ്യാര്‍ഥികളുടെ പഠനഭാരം വര്‍ധിപ്പിക്കും അധ്യാപകരുടെ തൊഴില്‍ഭാരം ഇരട്ടിപ്പിക്കും എന്നൊക്കെയാണ്. ഇതില്‍ രണ്ടാമതു പറഞ്ഞ കാര്യത്തില്‍ വിഷമിക്കാനൊന്നുമില്ല. അധ്യാപകര്‍ ഇപ്പോള്‍ തന്നെ അവരുടെ അധ്വാനഭാരത്തിന്റെ എത്രയോ ഇരട്ടി പ്രതിഫലം പറ്റുന്നവരാണ്. അതിനാല്‍ ന്യായമായും അവരുടെ അധ്വാനഭാരം പതിന്മടങ്ങ് വര്‍ധിപ്പിക്കുന്ന ഏതു പരിഷ്‌കരണത്തെയും പൊതുസമൂഹം സ്വാഗതം ചെയ്യുക തന്നെ ചെയ്യും. വിദ്യാര്‍ഥികളുടെ കാര്യം എടുത്താല്‍ ബി എ, ബി എസ് സി, ബി കോം പരീക്ഷകള്‍ പാസ്സാകാന്‍ മൂന്ന് സുദീര്‍ഘ വര്‍ഷങ്ങള്‍ ഒരു കോളജ് ക്യാമ്പസില്‍ തടവുകാരനായി കഴിയേണ്ട യാതൊരു കാര്യവും ഇല്ല. ഇപ്പോഴത്തെ ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ സമ്പ്രദായം നിലവില്‍ വരുന്നതിന് മുമ്പു തന്നെ രണ്ടോ മൂന്നോ ഏറിയാല്‍ നാലോ ആഴ്ചകള്‍ നിര്‍ദിഷ്ട സിലബസ,് അനുസരിച്ചുള്ള പാഠ്യഭാഗങ്ങള്‍ അരിച്ചുപെറുക്കി വായിച്ചാല്‍ തന്നെ ഒരു ഫസ്റ്റ് ക്ലാസ്സോടെ, സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും വിജയിക്കാവുന്നത്ര ലഘുവാണ് നമ്മുടെ ബിരുദ പരീക്ഷകള്‍ എന്നു കൃത്യമായി തെളിയിച്ച എത്രയോ പേര്‍ നമുക്കിടയില്‍ ഉണ്ട്. ഇതറിയാതെ നേരെ ചെന്നു കോളജില്‍ ചേര്‍ന്നു മൂന്ന് വര്‍ഷം ചെലവഴിക്കുന്നതിലെ ബുദ്ധിശൂന്യത ഇനിയെങ്കിലും അനുഭവസ്ഥര്‍ പുതിയ തലമുറയെ ബോധവത്കരിക്കാന്‍ മുന്നോട്ടുവരേണ്ടതുണ്ട്.
ഡല്‍ഹി യൂനിവേഴ്‌സിറ്റി നടപ്പിലാക്കാന്‍ പോകുന്ന ഈ പുതിയ പദ്ധതി വിദ്യാര്‍ഥികളെ നിര്‍ബന്ധമായും നാല് വര്‍ഷവും ഒരു ബിരുദ പരീക്ഷയുടെ കുറ്റിയില്‍ കെട്ടിയിടുന്നില്ല. സ്വന്തം അഭിരുചികളുടെയും പഠനശേഷിയുടെയും അടിസ്ഥാനത്തില്‍ യഥാക്രമം രണ്ട് വര്‍ഷം, മൂന്ന് വര്‍ഷം, നാല് വര്‍ഷം ഈ കാലയളവില്‍ പഠനം നിറുത്തി ആവശ്യമെങ്കില്‍ ജീവിതായോധന മേഖലയില്‍ പ്രവേശിക്കാന്‍ ഇതു വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്നു. രണ്ടാം വര്‍ഷം പഠനം അവസാനിപ്പിക്കുന്നവര്‍ക്ക് അസോഷ്യറ്റ്ബാക്ക എന്ന ബിരുദം ലഭിക്കും. ഓഫീസ് അസിസ്റ്റന്റ് തുടങ്ങിയ താഴ്ന്ന നിലവാരത്തിലുള്ള ഉദ്യോഗങ്ങളില്‍ പ്രവേശിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ പരീക്ഷാ യോഗ്യത ധാരാളം മതിയാകും. മൂന്നാം വര്‍ഷം പഠനം നിര്‍ത്തണമെന്നുള്ളവര്‍ക്ക് സെക്കാലോയെറ്റ് എന്ന ബിരുദം ലഭിക്കും. ഇതു നമ്മുടെ പഴയ ബാച്ചിലര്‍ ബിരുദത്തിനു തുല്യമായിരിക്കും. പഠനം നാലാം വര്‍ഷം വരെ നീട്ടി ബിരുദതല വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബക്കാലോറെയറ്റ് ഓണേഴ്‌സ് ബിരുദം ലഭിക്കും. ഇത്തരക്കാര്‍ക്ക് തങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷം പഠിച്ച വിഷയങ്ങളില്‍ ഏതിലാണോ കൂടുതല്‍ അഭിരുചിയും താത്പര്യവും എന്ന് അവര്‍ക്ക് ഇതിനകം തന്നെ ബോധ്യമായിക്കഴിഞ്ഞിരിക്കും. ആ വിഷയത്തില്‍ അവര്‍ക്ക് മാസ്റ്റര്‍ ബിരുദത്തിനും ഗവേഷണ ബിരുദത്തിനും പഠിക്കാന്‍ അവസരം ലഭിക്കും. ഇത്തരം ഒരു സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നതോടെ നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം ഇന്നത്തേതിലും എത്രയോ അധികം അര്‍ഥവത്തായി തീരും.
മേല്‍പ്പറഞ്ഞ തരത്തിലുള്ള നാല് വര്‍ഷ മുഴുവന്‍ സമയ പഠന പരിപാടി ഏതാണ്ട് 20 മുഖ്യവിഷയങ്ങളും ആറ് ഉപവിഷയങ്ങളും അഞ്ച് പ്രായോഗിക പരിശീലന പരിപാടികളും ഉള്‍പ്പെടെ ആകെ മുപ്പത്തി ഒന്ന് വിഷയങ്ങളുമായി ഉള്ള ഇടപെടലിനാണ് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നത്.
നമ്മുടെ ഓരോ സര്‍വകലാശാലയും തത്വത്തിലല്ലെങ്കിലും പ്രയോഗത്തില്‍ ഓരോ സ്വയം ഭരണ റിപ്പബ്ലിക്കുകളായിരിക്കുകയും അവയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഓരോ കോളജും മറ്റൊരു സ്വയം ഭരണ പ്രവിശ്യയായി മാറുകയും ചെയ്തിരിക്കുന്ന ഇന്നത്തെ അക്കാദമിക് പരിസരത്ത് ഇത്തരം പരിഷ്‌കാരങ്ങള്‍ എങ്ങനെ ഫലപ്രദമായി നടപ്പിലാക്കും എന്നത് ഒരു പ്രശ്‌നം തന്നെ എന്ന് സമ്മതിക്കുന്നു. അഫിലിയേറ്റഡ് കോളജുകള്‍ ഓരോ സ്വയംഭരണ പ്രവിശ്യകളാണെങ്കില്‍ അഫിലിയേറ്റഡ് കോളജുകളിലെ ഡിപ്പാര്‍ട്ട്‌മെന്റുകളും മേധാവികളും അവരവരുടെതായ സ്വന്തം ഭാവനാ ലോകത്ത് വിരഹിക്കുന്നവരും ഇന്റര്‍ഡിസിപ്ലിനറി അഥവാ വിഷയാന്തര സമ്പര്‍ക്ക പഠനത്തിന്റെ അനിവാര്യതയെക്കുറിച്ച് തീര്‍ത്തും ബോധമില്ലാത്തവരും ആണ്. ഇത്തരക്കാര്‍ കൂടിയിരിക്കുന്ന ഒരു കലാശാല അഥവാ ഉന്നത വിദ്യാഭ്യാസ സ്ഥാപനം പൊതുസമൂഹത്തില്‍ ഗുണപരമായി യാതൊന്നും ഉത്പാദിപ്പിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
ബി എ എന്നാല്‍ ബൂച്ചെര്‍ ഓഫ് ആര്‍ട്‌സ് എന്നും എം എ എന്നാല്‍ മര്‍ഡര്‍ ഓഫ് ആര്‍ട്‌സ് എന്നുമുള്ള നിലയില്‍ ആക്ഷേപഹാസ്യപരമായ പരികല്‍പ്പനയോടെ നമ്മുടെ കലാശാലാ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവരെ നോക്കി ആര്‍ക്കും പുച്ഛത്തോടെ അഭിസംബോധന ചെയ്യാവുന്ന തരത്തില്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസ സമൂഹത്തിന്റെ നിലവാരം ഇടിഞ്ഞിട്ടു കാലം എത്രയോ ആയി. ഇതില്‍ ആര്‍ക്ക് ആരെയാണ് കുറ്റപ്പെടുത്താനാകുക?
നമ്മുടെ സാധാരണ കോളജുകളില്‍ നിന്നു പ്രിഡിഗ്രി വേര്‍പെടുത്തിയതോടെ കോളജുകളില്‍ ആകെ ഒരു തരം ശ്മശാന മൂകത തളം കെട്ടിനില്‍ക്കുകയാണ്. ഡിഗ്രി കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കുന്നവരില്‍ അധിക പേരും പെണ്‍കുട്ടികളാണ്. ആണ്‍കുട്ടികളിലധികവും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കു പിന്നാലെ പായുന്നു. പെണ്‍കുട്ടികളുടെ ഡിഗ്രി പഠനം, പഠന വിഷയത്തോടുള്ള കൂറിനേക്കാള്‍ വിവാഹപ്രായം വരെയുള്ള സമയം തള്ളിനീക്കലാണ്. പരീക്ഷാ വിജയം എന്നത് കുട്ടികളുടെ എന്നതിലും അധികം അധ്യാപകരുടെ അതിജീവിതോപാധിയായി മാറിയിട്ടുണ്ട്. ലൈബ്രറിയും ലബോറട്ടറിയും കുട്ടികളുടെ പഠനത്തെ തൃപ്തിപ്പെടുത്തുക എന്നതിലുപരി യു ജി സി മാനദണ്ഡങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള അലങ്കാര സ്ഥാപനങ്ങളായിട്ടുണ്ട്. സ്വന്തം ഐച്ഛികവിഷയവുമായി ബന്ധപ്പെട്ട ക്ലാസിക്കുകളുമായി പരിചയം നേടാത്ത വിദ്യാര്‍ഥികളെ നമുക്കു വെറുതെ വിടാം. ഇവയുമായി പരിചയപ്പെടാത്ത അധ്യാപകരെ നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യും? പരീക്ഷാ കടലാസില്‍ ശരിയുത്തരവുമായി വിദൂരസാമ്യം ഉള്ള എന്തെങ്കിലും എഴുതിയാല്‍ പോലും മുഴുവന്‍ മാര്‍ക്കും നല്‍കണം എന്ന മാര്‍ഗനിര്‍ദേശം നിലവിലുള്ളപ്പോള്‍ പരീക്ഷ തോല്‍ക്കുക എന്നതിലും എളുപ്പം ജയിക്കുക തന്നെ. ഈ പശ്ചാത്തലത്തില്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റി നടപ്പിലാക്കാന്‍ പോകുന്ന പരിഷ്‌കാരത്തില്‍നിന്നും നമുക്കും വല്ലതും പകര്‍ത്താനുണ്ടോ എന്ന അന്വേഷണം പ്രസക്തമാകുന്നു.

 

---- facebook comment plugin here -----

Latest