101 കുട്ടികളുടെ ഹൃദയ ശാസ്ത്രക്രിയ നടത്തും

Posted on: May 19, 2013 6:17 pm | Last updated: May 19, 2013 at 6:17 pm
SHARE

ദുബൈ: ഡോ. കെ പി ഹുസൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ ഹെല്‍പിംഗ് ഹാന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് 101 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തും.
തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ശസ്ത്രക്രിയ സ്‌പോണ്‍സര്‍ ചെയ്യാന്‍ നിരവധി പേര്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് ഡോ. കെ പി ഹുസൈന്‍ അറിയിച്ചു. ഐ സി ഡബ്ല്യു സി കണ്‍വീനര്‍ കെ കുമാര്‍ ഉദ്ഘാടനം ചെയ്തു. പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. സാജന്‍ കോശി, ഡോ. ശിഹാദ്, ജാഫര്‍ വിണിമേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നിര്‍ധരായ 101 കുട്ടികളുടെ ശസ്ത്രക്രിയ സ്‌പോണ്‍സര്‍ ചെയ്യാന്‍ യോഗത്തില്‍ പങ്കെടുത്ത വ്യാവസായിക സാമൂഹിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ മുന്നോട്ടുവന്നു.
സമൂഹത്തിന് താഴേക്കിടയിലുള്ള നിത്യച്ചെലവിനു പോലും വഴികാണാനാകാത്ത കുടുംബത്തിലെ 10 വയസിന് താഴെയുള്ള കുട്ടികളെയാണ് ശസ്ത്രക്രിയക്ക് തിരഞ്ഞെടുത്തത്. ഹെല്‍പിംഗ് ഹാന്റ് ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു യൂനിറ്റ് ആണ് സുഹൃദയ. 20 വര്‍ഷമായി ഹെല്‍പിംഗ് ഹാന്റ് പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചെയ്തുവരുന്നു.
ദിനംപ്രതി രണ്ടായിരം നിര്‍ധനര്‍ക്ക് മരുന്ന് വിതരണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടക്കുന്നുണ്ട്. കിഡ്‌നി ഏര്‍ളി ഇവാല്യുവേഷന്‍ (കെ ഇ ഇ) സ്‌കീം ഹെല്‍പിംഗ് ഹാന്റിന്റെ പദ്ധതികളാണ്. ഇതുവരെയായി നൂറോളം കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ നടത്തുവാന്‍ സാധിച്ചിട്ടുണ്ടെന്ന് ഡോ. ശിഹാദ് അറിയിച്ചു.
ബശീര്‍ പടിയത്ത്, കെ കുമാര്‍, ശംസുദ്ദീന്‍ പാരമൗണ്ട്, കെ വി ശംസുദ്ദീന്‍, തോമസ്, ആലിക്കോയ ഹാജി, റഫീഖ് പുനത്തില്‍, അബ്ദുല്‍ ഖാദര്‍ പനക്കാട്ട്, സബാ ജോസഫ് എന്നിവരെ ഡോ. കെ പി ഹുസൈന്‍ അഭിനന്ദിച്ചു.
പരിപാടിയില്‍ നാട്ടില്‍ നിന്നും റശീദ് തോട്ടത്തില്‍, ലത്തീഫ്, നിയാസ്, മുജീബ്, ഇസ്ഹാഖ്, സാദിഖ്, സലീം സംബന്ധിച്ചു.