വിനോദ സഞ്ചാരം: അറബ് മേഖലയില്‍ യു എ ഇക്ക് ഒന്നാം സ്ഥാനം

Posted on: May 19, 2013 6:16 pm | Last updated: May 19, 2013 at 6:16 pm
SHARE

ദുബൈ : വിനോദ സഞ്ചാരത്തില്‍ അറബ് മേഖലയില്‍ ഒന്നാം സ്ഥാനം യു എ ഇ ക്ക്. ഈജിപ്തിനെയും സഊദി അറേബ്യയെയും പിന്തള്ളിയാണ് ഈ നേട്ടം. ലോക തലത്തില്‍ 31-ാം സ്ഥാനവുമാണ്. ഈജിപ്ത് 32-ാം സ്ഥാനത്തോടെ തൊട്ടുപിന്നിലുണ്ട്. സഊദി അറേബ്യക്ക് 35-ാം സ്ഥാനമാണ്. യുനൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ കണക്കു പ്രകാരമാണിത്. അതേസമയം മധ്യപൗരസ്ത്യദേശത്തുള്ള തുര്‍ക്കിക്ക് 12-ാം സ്ഥാനമുണ്ട്. 2,570 കോടി ഡോളറാണ് വിനോദസഞ്ചാരത്തിലൂടെ തുര്‍ക്കിയുടെ വരവ്.

യു എ ഇക്ക് 1,000 കോടി ഡോളറിന്റെ വരുമാനമുണ്ട്. ഹോട്ടല്‍, എയര്‍ ട്രാവല്‍ എന്നീ മേഖലകളുടെ വരുമാനം ഉള്‍പ്പെടെയാണിത്. 1.4 കോടി അതിഥികളെ യു എ ഇ ഹോട്ടലുകള്‍ സ്വീകരിച്ചു. വരുമാനം 2,100 കോടി ദിര്‍ഹം.

ദുബൈ ഹോട്ടലുകളും അപ്പാര്‍ട്ട്‌മെന്റുകളും ഒരു കോടി അതിഥികളെ സ്വീകരിച്ചു. വിനോദസഞ്ചാര മേഖല യു എ ഇയുടെ ആഭ്യന്തരോത്പാദനത്തിന്റെ 14 ശതമാനം പങ്കുവഹിക്കുന്നുവെന്ന് യു എ ഇ മന്ത്രി റീം അല്‍ ഹാശിമി പറഞ്ഞു.

രാജ്യാന്തര ശരാശരി ഒമ്പത് ശതമാനമാണ്. യു എ ഇ അതിനെ കവച്ചുവെക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ എത്തുകയും പോവുകയും ചെയ്യുന്നത് ദുബൈയില്‍ നിന്നാണ്. ലോകത്തിന്റെ മൂന്നിലൊന്ന് ജനസംഖ്യയെ ഇത് ബന്ധിപ്പിക്കുന്നു. 220 നഗരങ്ങളുമായി ദുബൈക്ക് നിരന്തരം ബന്ധമുണ്ടെന്നും മന്ത്രി പറഞ്ഞു. 2012-13 ലാണ് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ യു എ ഇയിലെത്തിയതെന്ന് ടി ആര്‍ ഐ ഹോസ്പിറ്റാലിറ്റി എം ഡി പീറ്റര്‍ ഗോദാര്‍ദ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണ് ദുബൈ. അതേസമയം അറബ് വസന്തം കാരണം മധ്യപൗരസ്ത്യദേശത്തേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ഇടിവ് വന്നിട്ടുണ്ട്.

2011ല്‍ 5.5 കോടി ആളുകള്‍ എത്തിയിരുന്നു. 2012ല്‍ 5.2 കോടിയായി കുറഞ്ഞു. ഈജിപ്തിന് പ്രത്യേകമായി പിന്നോട്ടടി നേരിട്ടു-പീറ്റര്‍ ഗോദാര്‍ദ് അറിയിച്ചു.
വരും വര്‍ഷങ്ങളില്‍ യു എ ഇയിലേക്കുള്ള വിനോദ സഞ്ചാരികള്‍ വര്‍ധിക്കുമെന്ന് ആല്‍ഫാ ടൂര്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഗസ്സന്‍ ആദിരി പറഞ്ഞു.