Connect with us

Sports

വാതുവെപ്പ് മാഫിയ ഒരുക്കിയത് തേന്‍ കെണി

Published

|

Last Updated

ന്യൂഡല്‍ഹി: ചാരസുന്ദരിമാരെ ഉപയോഗിച്ച് എതിര്‍രാഷ്ട്രങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്ന ഹണി ട്രാപ് (തേന്‍ കെണി) ആണ് ഐ പി എല്‍ വാതുവെപ്പ് സംഘം കളിക്കാരെ കുടുക്കാന്‍ ഉപയോഗിച്ചതെന്ന് ഡല്‍ഹി പോലീസ്. നിശാപാര്‍ട്ടികളിലൂടെ പരിചയപ്പെടുന്ന വാതുവെപ്പ് സംഘം ക്രിക്കറ്റ് താരങ്ങളെ തങ്ങളുടെ വരുതിയിലേക്ക് അവര്‍ പോലും അറിയാതെ കൊണ്ടു വന്നത് സ്ത്രീകളെ (വാതുവെപ്പ് ഭാഷയില്‍ എസ്‌കോര്‍ട്‌സ്) തരപ്പെടുത്തിക്കൊടുത്തു കൊണ്ട്.
പിടിയിലായ കളിക്കാര്‍ക്ക് ഈ വര്‍ഷാദ്യം ആറിലേറെ തവണ സ്ത്രീകളെ വാതുവെപ്പ് സംഘം തരപ്പെടുത്തിക്കൊടുത്തു. ഇവിടെ വലിയൊരു ചതിയും ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. ക്രിക്കറ്റ് താരങ്ങളോ സ്ത്രീകളോ അറിയാതെ ഇവര്‍ ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി. വാതുവെപ്പിലേക്ക് കളിക്കാരെ ആകര്‍ഷിക്കാന്‍ സാധിച്ചില്ലെങ്കില്‍ ബ്ലാക്‌മെയില്‍ ചെയ്യുക എന്ന ദുരുദ്ദേശ്യമായിരുന്നു ഇതിന് പിറകിലെന്ന് ഡല്‍ഹി പോലീസ് ചൂണ്ടിക്കാട്ടുന്നു. ഗുഡ്ഗാവിലെ ഒരു വീട്ടില്‍ വെച്ചായിരുന്നു ഈ ഹണിട്രാപ്. ഇതിലുള്‍പ്പെട്ട പെണ്‍വാണിഭ റാക്കറ്റുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.
എന്നാല്‍, സ്ത്രീകള്‍ക്ക് വാതുവെപ്പുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിരീക്ഷണം. സ്ത്രീകള്‍ പോലും അറിയാതെയാണ് വാതുവെപ്പുകാര്‍ കെണിയൊരുക്കിയത്. വിവരങ്ങള്‍ ചോര്‍ന്നുപോകാതിരിക്കാനുള്ള സൂക്ഷമതയാകാം ഇതെന്ന് പോലീസ് നിരീക്ഷിക്കുന്നു.
ഇത്തരത്തില്‍ രഹസ്യമായി തയ്യാറാക്കിയ വീഡിയോ ദൃശ്യങ്ങള്‍ വാതുവെപ്പ് സംഘത്തിന് ഉപകരിച്ചുവെന്ന് പോലീസ് വെളിപ്പെടുത്തി. രാജസ്ഥാന്‍ റോയല്‍സ് താരം അജിത് ചാന്ദില വാതുവെപ്പ് അടയാളം കാണിക്കാന്‍ മറന്നുപോയപ്പോള്‍ ഇരുപത് ലക്ഷം മടക്കിച്ചോദിച്ചത് ഈ ടേപ് കാണിച്ചാണ്. അപ്പോള്‍ മാത്രമാണ്, തങ്ങളുള്‍പ്പെട്ടിരിക്കുന്നത് ദുബൈയിലെ വാതുവെപ്പ് മാഫിയയുടെ കരങ്ങളിലാണെന്ന് ചാന്ദില മനസ്സിലാക്കുന്നതെന്ന് പിടിയിലായ വാതുവെപ്പുകാര്‍ പോലീസിന് മൊഴി നല്‍കി. ഹണി ട്രാപ് കെട്ടുകഥയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ ചിരിച്ചു കൊണ്ട് നല്‍കിയ മറുപടി ഇതായിരുന്നു: www.iplt20 probably meant “women,wealth and wine t20 tournament (പെണ്ണും ധനവും മദ്യവും അതാണ് ഐ പി എല്‍ എന്ന് സാരം). ശ്രീശാന്തും ജിജുവും പിടിക്കപ്പെടുന്നത് സ്ത്രീകള്‍ക്കൊപ്പമാണെന്ന് നീരജ് കുമാര്‍ പറഞ്ഞു.
ക്രിക്കറ്റില്‍ മാത്രമല്ല എല്ലാ ബിഗ് സ്‌പോര്‍ട്‌സിലും ഹണി ട്രാപ്പുണ്ടെന്ന് നീരജ് കുമാര്‍ പറഞ്ഞു. അതേ സമയം, പിടിയിലായ കളിക്കാരുടെ അഭിഭാഷകര്‍ സ്ത്രീബന്ധം നിഷേധിച്ചു.