Connect with us

International

ഉത്തര കൊറിയ ഹ്രസ്വ ദൂര മിസൈലുകള്‍ വിക്ഷേപിച്ചു

Published

|

Last Updated

സിയോള്‍: ഉത്തര കൊറിയ ഹ്രസ്വദൂര മിസൈലുകള്‍ വിക്ഷേപിച്ചു. ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ വിക്ഷേപണത്തിന്റെ ലക്ഷ്യമെന്തെന്നത് അവ്യക്തമാണ്. ഇന്നലെ രാവിലെ തുടരെത്തുടരെയായി മൂന്ന് വിക്ഷേപണങ്ങളാണ് ഉത്തര കൊറിയന്‍ സൈന്യം നടത്തിയിട്ടുണ്ടെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു. ദക്ഷിണ കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തര കൊറിയയുടെ കിഴിക്കന്‍ തീരദേശ പ്രദേശത്താണ് വിക്ഷേപണം നടന്നത്.
സംഭവത്തെ കുറിച്ച് ഉത്തര കൊറിയ പ്രതികരിച്ചിട്ടില്ല. ചെറിയ ഇടവേളക്ക് ശേഷം വീണ്ടും പ്രകോപനങ്ങള്‍ സൃഷ്ടിച്ച് കൊണ്ടാണ് ഉത്തര കൊറിയയുടെ പുതിയ നടപടി. സൈനിക പരിശീലനത്തിന്റെ ഭാഗമായാണ് വിക്ഷേപണം നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തി മേഖലയിലെ സാഹചര്യം വീണ്ടും വഷളായിരിക്കുകയാണെന്നും ആവശ്യമെങ്കില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും ദക്ഷിണ കൊറിയ മുന്നറിയപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കയുമായി നടന്ന സംയ്ക്ത സൈനിക ആഭ്യാസം ദക്ഷിണ കൊറിയ അവസാനിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് ഉത്തര കൊറിയ പ്രകോപനപരമായ നീക്കം നടത്തുന്നത്.
ബാലിസ്റ്റിക് മിസൈലുകളും പരീക്ഷിച്ചിട്ടുണ്ടെന്നാണ് അല്‍ജസീറ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര കൊറിയയുടെ കെ എന്‍ 02 വിഭാഗത്തില്‍ പെട്ട മിസൈലുകളാണ് വിക്ഷേപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തര കൊറിയ മൂന്നാം ആണവ പരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് യു എന്‍ കനത്ത ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് കൊറിയന്‍ മേഖലയില്‍ യുദ്ധസമാന സാഹചര്യം ഉണ്ടായത്.
ഉപരോധത്തെ ദക്ഷിണ കൊറിയ പിന്തുണക്കുകയും അമേരിക്കയുമായി സഹകരിച്ച് സൈനിക അഭ്യാസം നടത്തുകയും ചെയ്തത് ഉത്തര കൊറിയയെ ഏറെ പ്രകോപിപ്പിച്ചു. ഇതിന് ശേഷം അതിര്‍ത്തി മേഖലകളില്‍ ഇരുരാജ്യങ്ങളും കനത്ത സൈനിക സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.
പുതിയ മിസൈല്‍ വിക്ഷേപണം നടന്നിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെ ദക്ഷിണ കൊറിയന്‍ സൈനിക മേധാവികള്‍ അതിര്‍ത്തികളില്‍ കനത്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest