Connect with us

Malappuram

ചുട്ടുപൊള്ളി മലപ്പുറം

Published

|

Last Updated

VBK26-DROUGHT-STANDAL_9507f

മലപ്പുറം/നിലമ്പൂര്‍: കനത്ത വെയിലില്‍ മലപ്പുറം ഉരുകുന്നു. കൃഷിയിടങ്ങളിലെ കൃഷികളെല്ലാം തന്നെ കരിഞ്ഞുണങ്ങി. മുമ്പെങ്ങും ഇല്ലാത്ത വിധം വേനല്‍ കത്തികൊണ്ടിരിക്കുകയാണ്. മലയോര മേഖലകളില്‍ പോലും കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണ് മലയോര നിവാസികള്‍.
പലരും കുടിവെള്ളം ലഭിക്കാത്തത് കാരണം ബന്ധു വീടുകളില്‍ അഭയം തേടി കൊണ്ടിരിക്കുന്നു. ഇനിയും വേനലിന്റെ കാഠിന്യം തുടര്‍ന്നാല്‍ കാട്ടിലെ മൃഗങ്ങള്‍ തന്നെ നാട്ടിലിറങ്ങിയേക്കാം. ജില്ലയിലെ പ്രധാന പുഴകളായ ഭാരത പുഴ, ചാലിയാര്‍, കടലുണ്ടി പുഴ, പുന്നപ്പുഴ എന്നിവയെല്ലാം വറ്റി വരണ്ടു. പുഴകളോട് അടുത്ത് സ്ഥാപിച്ച കുടിവെള്ള പദ്ധതികളുടെ കിണറില്‍ അര മണിക്കൂര്‍ പോലും പമ്പ് ചെയ്യാനുള്ള വെള്ളം ലഭിക്കുന്നില്ല. ഉള്ള വെള്ളത്തില്‍ തന്നെ മീന്‍ പിടിക്കാന്‍ തോട്ട പൊട്ടിച്ച് ചില സാമൂഹ്യ വിരുദ്ധര്‍ മലിനമാക്കി കൊണ്ടിരിക്കുന്നു. ജില്ലയില്‍ വെള്ളം ലഭിക്കാത്തയിടങ്ങളില്‍ ചില സന്നദ്ധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും കുടിവെള്ളം എത്തിച്ച് നല്‍കുന്നുണ്ട്. എന്നാല്‍ ഇവരുടെ ആവശ്യത്തിന്റെ പകുതി പോലും ഇത് തികയുന്നില്ല. ചില വീട്ടുകാര്‍ രണ്ട് ദിവസത്തിന് വേണ്ട വെള്ളം 1000 രൂപ വരെ കൊടുത്ത് വാങ്ങികൊണ്ടിരിക്കുന്നു. ജില്ലയിലെ ഒട്ടുമിക്ക കിണറുകളും ഇത്തവണ വൃത്തിയാക്കിയെങ്കിലും പേരിന് പോലും വെള്ളം ലഭിക്കുന്നില്ല. എന്നാല്‍ മുമ്പെങ്ങും ഇല്ലാത്ത വിധം കിണര്‍ അപകടങ്ങളും ജില്ലയില്‍ ഇത്തവണ റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. മാത്രമല്ല വേനല്‍ കനത്തതോടെ താപനില ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യ മെറ്റിരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്കണക്ക് പ്രകാരം നിലമ്പൂരില്‍ 35 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മലപ്പുറത്ത് ഇത് 38 ഡിഗ്രിയാണ്. സാധാരണ വേനല്‍കാലത്ത് ശരാശരി 35 ഡിഗ്രി ചൂടാണ് സംസ്ഥാനത്ത് രേഖപ്പെടുത്താറുള്ളതെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു.
രാത്രിയിലെ താപനിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. 21 മുതല്‍ 23 വരെ ശരാശി രേഖപ്പെടുത്താറുള്ള ചൂട് കഴിഞ്ഞ ദിവസങ്ങളിലായി 25 മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തുന്നത്. രേഖപ്പെടുത്തുന്ന ചൂടിനേക്കാള്‍ അനുഭവമേറിയ ചൂട് വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉദാഹരണത്തിന് രേഖപ്പെടുത്തുന്ന ചൂട് 40 ശതമാനം ആണെങ്കില്‍ അത് 42 ആയി അനുഭവപ്പെടുമത്രെ. ഇഫക്ടീവ് ഹിറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ചൂടില്‍ അല്‍പം കുറവുണ്ടെങ്കിലും രാത്രി കാല താപനില വര്‍ധിക്കുകയാണ്.
മേഖലയില്‍ നാമമാത്രമായ വേനല്‍ മഴയാണ് പലയിടങ്ങളിലും ലഭിച്ചത്. ചിലയിടങ്ങളിലാകട്ടെ ഒരുതുള്ളി മഴ പോലും ലഭിച്ചിട്ടില്ല. ചൂടിനോടൊപ്പം ജലസ്രോതസുകള്‍ വറ്റിവരണ്ടത് കുടിവെള്ളക്ഷാമവും രൂക്ഷമാക്കുകയാണ്. ഭൂഗര്‍ഭ ജല വിതാനത്തിലും ക്രമാതീതമായ കുറവാണ് ഉണ്ടായിട്ടുള്ളത്. രണ്ട് മുതല്‍ ആറ് മീറ്റര്‍ വരെയാണ് ഭൂഗര്‍ഭ ജലവിതാനത്തിന്റെ കുറവ് വന്നിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 20 ശതമാനം മഴ അധികം സംസ്ഥാനത്ത് ലഭിച്ചിട്ടുണ്ടെന്നാണ് മെറ്റിരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണക്ക് സൂചിപ്പിക്കുന്നത്.

നിര്‍മാണ മേഖല സ്തംഭനത്തില്‍

കല്‍പകഞ്ചേരി: വെള്ളത്തിന് ക്ഷാമം നേരിട്ടതോടെ കെട്ടിട നിര്‍മാണ മേഖലയും സ്തംഭനത്തിലേക്ക്. ഇതോടെ ഈ മേഖലയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ഒട്ടേറെ പേര്‍ ദുരിതത്തിലായി. വെള്ളം ലഭിക്കുന്ന ചില ഭാഗങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. തൊഴിലാളികളുടെ താമസ സ്ഥലത്തും ആവശ്യത്തിന് വെള്ളം ലഭിക്കാതെ വന്നതോടെ അന്യ സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി കൊണ്ടിരിക്കുകയാണ്. ഇക്കാരണത്താല്‍ ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തത് കാരണം നിര്‍മാണം നടക്കുന്ന ഭാഗങ്ങളിലും പ്രവൃത്തികള്‍ തടസപ്പെടാന്‍ ഇടയാക്കുന്നു. ദാഹ ജലത്തിനായി ജനം നെട്ടോട്ടമോടുന്ന നിലവിലെ സാഹചര്യമുള്ളപ്പോള്‍ പണം നല്‍കിയാല്‍ പോലും നിര്‍മാണ പ്രവൃത്തികള്‍ക്ക് വെള്ളം ലഭിക്കുന്നില്ലെന്ന് തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. നിര്‍മാണ കരാറിലെ കാലാവധി തീരുന്നതിന് മുമ്പായി പൂര്‍ത്തീകരിക്കേണ്ട പൊന്മുണ്ടം പഞ്ചായത്തില്‍ ഇപ്പോള്‍ നടക്കുന്ന സര്‍ക്കാര്‍ പ്രവൃത്തികള്‍ക്ക് പോലും ദൂര സ്ഥലങ്ങളില്‍ നിന്നും വാഹനത്തില്‍ വെള്ളം കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. വീട്, കെട്ടിടം തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ താമസിച്ചിരുന്ന പൊന്മുണ്ടം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ കെട്ടിടങ്ങള്‍ ആളൊഴിഞ്ഞ് കിടക്കുകയാണ്. എന്നാല്‍ അന്യ സംസ്ഥാന തൊഴിലാളികളുടെ വരവ് ഹോട്ടലുകളില്‍ കുറഞ്ഞതോടെയും ആവശ്യത്തിന് വെള്ളം ലഭിക്കാത്തതും ഹോട്ടല്‍ വ്യവസായത്തേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ആനക്കയത്തെ കുടിവെള്ളം മുടക്കി
സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

മഞ്ചേരി: ആനക്കയം പുഴയില്‍ നിന്നും വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസിലേക്ക് വെള്ളമെടുക്കുന്ന കുഴിയില്‍ സാമൂഹ്യ വിരുദ്ധര്‍ വിഷം കലക്കി. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിക്ക് വെള്ളമടിക്കാനെത്തിയ ഓപ്പറേറ്ററാണ് സംഭവം കണ്ടെത്തിയത്. കുഴിയിലെ മത്സ്യങ്ങള്‍ ചത്തുപൊന്തിയിരുന്നു. വെള്ളത്തിന് നിറം മാറ്റവും ദുര്‍ഗന്ധവും അനുഭവപ്പെട്ടിരുന്നു. പുഴയില്‍ നീരൊഴുക്ക് കുറഞ്ഞതോടെ വാട്ടര്‍ അതോറിറ്റി ജെ സി ബി ഉപയോഗിച്ച് നിര്‍മിച്ച കുഴിയാണിത്.
രൂക്ഷമായ കുടിവെള്ള പ്രശ്‌നം നേരിടുന്ന ആനക്കയത്ത് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് വാഹനത്തില്‍ ഒരു കുടുംബത്തിന് മൂന്നു കുടം വെള്ളം വീതം വിതരണം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് സാമൂഹ്യ ദ്രോഹികളുടെ ഈ അഴിഞ്ഞാട്ടം. മീന്‍ പിടിക്കുന്നതിനായി വെള്ളിയാഴ്ച രാത്രി വെള്ളക്കുഴിയില്‍ നഞ്ഞ് കലക്കിയതാണെന്നു കരുതുന്നു. ഇതുസംബന്ധിച്ച് പമ്പ് ഹൗസ് ഓപ്പറേറ്റര്‍ ആമയൂര്‍ പുളിങ്ങോട്ടുപുറം മണക്കാ ശിഹാബുദ്ദീന്റെ പരാതിയില്‍ മഞ്ചേരി പൊലീസ് കേസെടുത്തു. മഞ്ചേരി എസ് ഐ. സി കെ നാസറിന്റെ നേതൃത്വത്തില്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനക്കയച്ചു. കുഴിയിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്ത് ഒഴിവാക്കി. ഇന്നലെ ചേര്‍ന്ന പഞ്ചായത്ത് ബോര്‍ഡ് യോഗം സംഭവത്തെ ശക്തമായി അപലപിക്കുകയും സാമൂഹ്യ ദ്രോഹികളെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പഞ്ചായത്തിലെ 23 വാര്‍ഡുകളിലേക്കും മഞ്ചേരി നഗരസഭയുടെ ഏതാനും പ്രദേശങ്ങളിലേക്കും ആനക്കയം പുഴയിലെ പമ്പ്ഹൗസില്‍ നിന്നാണ് ശുദ്ധജലം വിതരണം ചെയ്യുന്നത്.

മണല്‍ കടത്ത് നിരോധിച്ചിട്ടും
മാഫിയകള്‍ സജീവം

കുറ്റിപ്പുറം: കുടിനീരിന് പുഴ തീരവാസികള്‍ പോലും നെട്ടോട്ടമോടുമ്പോള്‍ അനധികൃത കടവുകളില്‍ നിന്നും മണല്‍കൊള്ള അതിരൂക്ഷമായി തുടരുന്നു. പ്രധാനമായും രാത്രി കാലങ്ങളിലാണ് മണല്‍കൊള്ള നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി മഞ്ചാടി കടവ് പരിസരത്ത് നിന്നും മല്ലൂര്‍കടവ് പ്രദേശങ്ങളില്‍ നിന്നുംപൊലീസിന്റെ നേതൃത്വത്തില്‍ നിളാ സംരക്ഷണ സേന പ്രവര്‍ത്തകര്‍ ഒളിപ്പിച്ച് വച്ച 600 ഓളം ചാക്ക് മണല്‍ പുഴയിലേക്ക് നീക്കം ചെയ്തിരുന്നു.
പുലര്‍ച്ചെ ആഡംബര കാറുകളില്‍ നടക്കുന്ന മണല്‍ കൊള്ള മറ്റ് വാഹനങ്ങള്‍ക്കും അപകടം വിതക്കുന്നത് പതിവായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മണല്‍ ചാക്കുകളുടെ ഭാരം താങ്ങാനാകാതെ റോഡില്‍ കുടുങ്ങിയ കാര്‍ നിള സംരക്ഷണ സേന പ്രവര്‍ത്തകരും കുറ്റിപ്പുറം എസ് ഐ രാജ്‌മോഹനും ചേര്‍ന്നാണ് നീക്കം ചെയ്തത്. കാര്‍ റോഡില്‍ കുടുങ്ങിയതോടെ മാഫിയകള്‍ റോഡിലെത്തി കാര്‍ ഒളിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. പൊലീസിന്റെ സാന്നിധ്യം മനസിലാക്കിയ സംഘം ഓടി രക്ഷപ്പെട്ടെങ്കിലും സംഘമെത്തിയ മോട്ടോര്‍ സൈക്കിള്‍ പൊലീസ് പിടിച്ചെടുത്തു. ഇത്തരം മണല്‍കൊള്ളയില്‍ പ്രതിഷേധിക്കുന്ന പ്രദേശ വാസികളേയും പരിസ്ഥിതി പ്രവര്‍ത്തകരേയും പതിയിരുന്ന് ആക്രമണം നടത്തുന്നുണ്ടെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. അമ്പതിലധികം യുവാക്കളാണ് മണല്‍ കൊള്ള സംഘത്തിലുള്ളത്. ഇതിനാല്‍ പ്രദേശത്ത് മോഷണം പതിവാണെന്നും പരാതിയുണ്ട്.