കൗമാരക്കാരായ പെണ്‍കുട്ടികളില്‍ വിളര്‍ച്ചാ രോഗം കൂടുന്നു

Posted on: May 19, 2013 11:15 am | Last updated: May 19, 2013 at 11:43 am
SHARE

മലപ്പുറം: പെണ്‍കുട്ടികളില്‍ വിളര്‍ച്ചാ രോഗം (അനീമിയ) കൂടുന്നതായി ആരോഗ്യ വകുപ്പ്. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ ആറാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥിനികള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതിനെ തുടര്‍ന്നുണ്ടാകുന്ന വിളര്‍ച്ചാ രോഗം കൂടുന്നതായി കണ്ടെത്തിയത്.

നേരത്തെ സാധാരണക്കാരില്‍ മാത്രം കണ്ടിരുന്ന അസുഖം സാമ്പത്തികമായി ഉയര്‍ന്ന കുടുംബങ്ങളിലെ കുട്ടികളിലും വ്യാപിക്കുന്നതായാണ് കണ്ടെത്തല്‍. ഹീമോ ഗ്ലോബിന്റെ അളവ് പതിനാലര ശതമാനമെങ്കിലും വേണമെന്നിരിക്കെ മിക്ക വിദ്യാര്‍ഥിനികളിലും അളവില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.
പാവപ്പെട്ട കുട്ടികളില്‍ പോഷാകാഹാരക്കുറവാണ് ഈ അവസ്ഥക്ക് കാരണമാകുന്നതെങ്കില്‍ ജീവിതശൈലി മാറ്റമാണ് സാമ്പത്തിക ശേഷിയുള്ളവരുടെ കുട്ടികള്‍ക്ക് രോഗം വരുത്തുന്നത്. ഭക്ഷണത്തില്‍ ഇരുമ്പ്, ജീവകം ബി, ഫോളിക് അമ്ലം എന്നിവയുടെ അപര്യാപ്തതയാണ് ഹീമോഗ്ലോബിന്റെ അളവ് കുറയാനിടയാക്കുന്നത്.
പെണ്‍കുട്ടികളില്‍ വിളര്‍ച്ചാരോഗത്തിന്റെ വ്യാപനം ഇവരുടെ ഭാവി ജീവിതത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രസവത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ക്കിടയാക്കുന്നത് പെണ്‍കുട്ടികളിലെ ഈ വിളര്‍ച്ചയാണ്.
കൗമാരക്കാലത്ത് വിളര്‍ച്ചയുണ്ടാകുന്ന കുട്ടികള്‍ പിന്നീട് വിവാഹ ശേഷം ഗര്‍ഭിണിയാകുമ്പോഴും വിളര്‍ച്ചയുണ്ടാകുന്നതാണ് ഇതിന് കാരണമാകുന്നത്. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ അധ്യയന വര്‍ഷം നടത്തിയ പരിശോധനയില്‍ 30 ശതമാനം പേരില്‍ വിളര്‍ച്ച കണ്ടെത്തിയിട്ടുണ്ട്.
ക്ഷീണം, പഠനത്തോടുള്ള വിരക്തി, കിതപ്പ് എന്നിവയാണ് പ്രാഥമിക രോഗലക്ഷണങ്ങള്‍. വിദ്യാര്‍ഥികളുടെ ആരോഗ്യ സംരക്ഷണത്തിനായി മൂന്ന് വര്‍ഷമായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഹെല്‍ത്ത് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളെ നിരീക്ഷിക്കുകയും അവരുടെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ പഠിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് ചെയ്തു വരുന്നത്. വിളര്‍ച്ച കണ്ടെത്തുന്ന കുട്ടികള്‍ക്ക് അയഡിന്‍ ഗുളിക ഇപ്പോള്‍ നല്‍കുന്നുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്രത്യേക പരിശീലനം നേടിയ ഓരോ ജെ പി എച്ചുമാരെയാണ് ഇതിനായി ആരോഗ്യ വകുപ്പ് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുള്ളത്.