Connect with us

Sports

ഐ പി എല്‍ വാതുവെപ്പ് : ബി സി സി ഐയുടെ അടിയന്തര യോഗം ഇന്ന് ചെന്നൈയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: വാതുവെപ്പിലുള്‍പ്പെട്ട ദുഷിച്ച ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബി സി സി ഐ. അവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റമാണ് ചുമത്തേണ്ടത്. ഇന്ത്യന്‍ ക്രിക്കറ്റിനെയാകെ വഞ്ചിക്കുകയാണ് ചെയ്തത്. ഇവര്‍ക്കെതിരെ എത്ര കടുത്ത നടപടി സ്വീകരിച്ചാലും അത് കുറഞ്ഞുപോകില്ലെന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ പറഞ്ഞു.
ഇന്ന് ചെന്നൈയില്‍ ബി സി സി ഐയുടെ അടിയന്തര വര്‍ക്കിംഗ് കമ്മിറ്റി യോഗം നടക്കാനിരിക്കെയാണ് ശ്രീനിവാസന്‍ വാതുവെപ്പിലുള്‍പ്പെട്ട കളിക്കാര്‍ക്കെതിരെ ആഞ്ഞടിച്ചത്. പ്രാഥമിക നടപടിയെന്നോണം കളിക്കാരെ പുറത്താക്കിയ ബി സി സി ഐ ഇന്ന് ആജിവനാന്ത വിലക്കേര്‍പ്പെടുത്തിയേക്കും.
അതേ സമയം, ശ്രീശാന്തുള്‍പ്പെടെയുള്ള മൂന്ന് കളിക്കാര്‍ക്കെതിരെയും വാതുവെപ്പ് സംഘത്തിനെതിരെയും ബി സി സി ഐ പോലീസില്‍ പരാതിപ്പെടാനും സാധ്യതയുണ്ട്. ബി സി സി ഐയുടെ അഴിമതി വിരുദ്ധ സെല്ലിന്റെ റിപ്പോര്‍ട്ടും ഇന്ന് പുറത്തുവരും.
ഐ പി എല്‍ പാര്‍ട്ടിയെ തൊടുമോ?
ഐ പി എല്‍ സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ 2010 ല്‍ ലളിത് മോഡിയെ ചെയര്‍മാന്‍ സ്ഥാനത്ത് നീക്കിയ ബി സി സി ഐ ചിരായു അമിനെ നിയോഗിച്ചു. ഐ പി എല്ലിനെ അഴിമതിമുക്തമാക്കുക, വിശ്വാസ്യത ഉയര്‍ത്തുക, ദുഷ്‌പ്പേര് കളയുക ഇതൊക്കെയായിരുന്നു പുതിയ ചെയര്‍മാനായി വന്ന ചിരായു അമിന്റെ ദൗത്യം.
മത്സരങ്ങള്‍ക്ക് ശേഷമുള്ള നിശാ പാര്‍ട്ടികള്‍ റദ്ദാക്കുമെന്നായിരുന്നു അന്ന് ചിരായു അമിന്‍ പറഞ്ഞത്. നിശാ പാര്‍ട്ടികളാണ് കളിക്കാരെ വഴിതെറ്റിക്കുന്നതെന്നും, കളിക്കാരുടെ ഫിറ്റ്‌നെസിനെ മാത്രമല്ല ഇത് ബാധിക്കുന്നത്. അപരിചിതര്‍ക്ക് കളിക്കാരെ എളുപ്പം ചാക്കിലാക്കാനും പാര്‍ട്ടികള്‍ വഴിയൊരുക്കുന്നു. ഐ പി എല്‍ മാലിന്യം കഴുകിക്കളയാനുള്ള ഉത്തരവാദിത്വം ബി സി സി ഐക്കാണെന്നും ചിരായു അമിന്‍ പറഞ്ഞു. മൂന്ന് സീസണുകള്‍ കഴിഞ്ഞിട്ടും പാര്‍ട്ടികള്‍ അനുസ്യൂതം നടക്കുന്നു. ആറാം സീസണില്‍ മത്സരം നടന്ന പന്ത്രണ്ട് സെന്ററുകളില്‍ പത്തിലും പാര്‍ട്ടികള്‍ നടന്നു. മാത്രമല്ല, സ്‌പോണ്‍സര്‍മാര്‍ക്ക് വേണ്ടി ചില ഫ്രാഞ്ചൈസികള്‍ കളിക്കാരെ സംഘടിപ്പിച്ച് പ്രത്യേക നിശാപാര്‍ട്ടിയും സംഘടിപ്പിച്ചിട്ടുണ്ട്.
ഇത്തരം പാര്‍ട്ടികള്‍ വലിയ സുരക്ഷയിലാണ് നടക്കുന്നതെന്നാണ് ബന്ധപ്പെട്ടവരുടെ ന്യായീകരണം. ക്ഷണപ്പത്രമില്ലാതെ ആര്‍ക്കും തന്നെ പാര്‍ട്ടി ഹാളിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ലെന്നും ടി വി കമെന്റേറ്റര്‍ക്കോ, മുന്‍ കളിക്കാര്‍ക്കോ പോലും പേര് രേഖപ്പെടുത്തിയ ഇന്‍വിറ്റേഷന്‍ കാര്‍ഡില്ലാതെ പ്രവേശനം സാധിക്കില്ലെന്ന് ഫ്രാഞ്ചൈസി അധികൃതര്‍ അവകാശപ്പെടുന്നു.
എന്നാല്‍, ഐ പി എല്‍ പാര്‍ട്ടിയിലെ കാര്‍ക്കശ്യം പരിശോധിക്കാന്‍ തുനിഞ്ഞ ഒരു വാര്‍ത്താ സ്രോതസ് അവിടെ കണ്ടത് ഒരു ഇന്‍വിറ്റേഷന്‍ കാര്‍ഡില്‍ നിരവധി പേര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതാണ്. സുഹൃത്തുക്കളുടെ സംഘം തന്നെ അവിടെയെത്തുന്നു. ഇവരില്‍ കളിക്കാരുടെ ആരാധകരുണ്ടാകാം, വാതുവെപ്പ് താത്പര്യക്കാരുണ്ടാകാം.
യാതൊരു തരത്തിലുള്ള വിലക്കുകളുമില്ലാത്ത ഐ പി എല്‍ പാര്‍ട്ടികളില്‍ ബോളിവുഡ് താരങ്ങളും രാഷ്ട്രീയക്കാരും പോലീസ് ഉദ്യോഗസ്ഥരും വരെ പങ്കെടുക്കുന്നു. കോര്‍പറേറ്റ് സ്‌പോണ്‍സര്‍മാരും ഈ പാര്‍ട്ടിയുടെ ലഹരിയില്‍ ഉന്‍മത്തരാകുന്നു.
ചിയര്‍ലീഡേഴ്‌സ് പാര്‍ട്ടിയില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നുവെന്ന് ഐ പി എല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട ദക്ഷിണാഫ്രിക്കന്‍ ചിയര്‍ ലീഡര്‍ ഗബ്രിയേല ബ്ലോഗില്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍, പുതിയ വിവാദങ്ങളുടെ സാഹചര്യത്തിലും നിശാ പാര്‍ട്ടികള്‍ നിര്‍ത്തുന്നത് സംബന്ധിച്ച് ഐ പി എല്‍, ബി സി സി ഐ മേധാവികള്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല. ബി സി സി ഐയുടെ നിര്‍ണായക യോഗം എന്ത് തീരുമാനം കൈക്കൊള്ളും എന്നത് ഇന്നറിയാം.

Latest