Connect with us

Sports

റയലിനെ വീഴ്ത്തി അത്‌ലറ്റികോ സ്‌പെയിനില്‍ കിംഗ്‌

Published

|

Last Updated

simeoni

മാഡ്രിഡ്: സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിന് അവസാന പ്രതീക്ഷയായിരുന്ന കിംഗ്‌സ് കപ്പ് (കോപ്പ ഡെല്‍റെ) കിരീടം സ്വന്തം തട്ടകത്തില്‍ വെച്ച് അത്‌ലറ്റിക്കോ മാഡ്രിഡിന് മുമ്പില്‍ അടിയറ വെക്കേണ്ടി വന്നു. സാന്റിയാഗോ ബെര്‍ണാബുവില്‍ നടന്ന ഡെര്‍ബി പോരില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോ അട്ടിമറി വിജയം പിടിച്ചെടുത്തത്. നിശ്ചിത സമയത്ത് ഓരോ ഗോള്‍ നേടി ഇരു ടീമുകളും തുല്ല്യത പാലിച്ചപ്പോള്‍ അധിക സമയത്തിന്റെ എട്ടാം മിനുട്ടില്‍ നേടിയ ഗോളിലാണ് അത്‌ലറ്റിക്കോ റയലിനെ വീഴ്ത്തിയത്. അത്‌ലറ്റിക്കോയുടെ പത്താം കോപ്പ ഡെല്‍റെ കിരീടമാണിത്. 14 വര്‍ഷമായി റയലിനെ കീഴടക്കാന്‍ കഴിയാതിരുന്ന അത്‌ലറ്റിക്കോ കിരീടം നേടിക്കൊണ്ടാണ് കണക്ക് തീര്‍ത്തത്. കളി തുടങ്ങി പതിനാലാം മിനുട്ടില്‍ കോര്‍ണറില്‍ നിന്ന് ലൂക്കാ മോഡ്രിച്ച് തൊടുത്ത പന്ത് ഹെഡ്ഡ് ചെയ്ത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിന് മുന്‍തൂക്കം സമ്മാനിച്ചു. എന്നാല്‍ 35ാം ഡീഗേ കോസ്റ്റയുടെ ഗോളില്‍ അത്‌ലറ്റിക്കോ സമനില പിടിച്ചു. റഡാമല്‍ ഫാല്‍ക്കോയുടെ മുന്നേറ്റത്തിനൊടുവില്‍ പന്ത് ലഭിച്ച കോസ്റ്റ പന്തുമായി മുന്നേറി പ്രതിരോധിക്കാന്‍ നിന്ന റാമോസിനെയും മൈക്കല്‍ എസ്സിയാനെയും മറികടന്ന് ഗോളി ഡീഗോ ലോപ്പസിനെയും കീഴടക്കി വലയിലേക്ക് കടത്തി. രണ്ടാം പകുതിയില്‍ ഇരുപക്ഷത്തും ഗോള്‍ പിറന്നില്ല. കളി അധിക സമയത്തേക്ക് നീണ്ടു. എട്ടാം മിനുട്ടില്‍ ലഭിച്ച കോര്‍ണറില്‍ നിന്ന് മിരാന്‍ഡ നേടിയ ഹെഡ്ഡര്‍ ഗോള്‍ അത്‌ലറ്റിക്കോക്ക് ലീഡ് സമ്മാനിച്ചു. രണ്ടാം ഗോള്‍ വീണതോടെ കളി കൂടുതല്‍ നാടകീയതയിലേക്ക് കടന്നു. 13ാം മിനുട്ടില്‍ മാച്ച് അധികൃതരോട് പ്രകോപനപരമായി പെരുമാറിയ റയല്‍ പരിശീലകന്‍ ജോസെ മൗറീഞ്ഞോക്ക് ഗ്രൗണ്ടില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നു. നാല് കളികളില്‍ നിന്ന് വിലക്കും മൗറീഞ്ഞോയെ തേടിയെത്തി. അധിക സമയത്തെ കളി തീരാന്‍ ആറ് മിനുട്ടുകള്‍ അവശേഷിക്കെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഗാബിയുമായി കൊമ്പുകോര്‍ത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടി വന്നതും റയലിന് ഇരുട്ടടിയായി. രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് അത്‌ലറ്റിക്കോയുടെ ഗാബിയും പുറത്തായതോടെ ഇരു ടീമുകള്‍ക്കും പത്ത് പേരെ വെച്ച് കളി പൂര്‍ത്തിയാക്കേണ്ടി വന്നു.
സീസണില്‍ ഒരു മേജര്‍ കിരീടവുമില്ലാതെ റയല്‍ മാഡ്രിഡ് ടീം തലയും കുമ്പിട്ട് നില്‍ക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും തന്ത്രശാലിയായ ഫുട്‌ബോള്‍ പരിശീലകന്‍ ജോസെ മൗറീഞ്ഞോയെന്ന പോര്‍ച്ചുഗീസുകാരന്റെ ദാരുണമായ വീഴ്ച്ച കൂടിയായി അതിനെ കൂട്ടി വായിക്കണം. ഒരു കിരീടത്തിന്റെയും വെള്ളി വെളിച്ചമില്ലാതെ മൗറീഞ്ഞോ ഹതാശനായി നില്‍ക്കുന്നത് അദ്ദേഹത്തിന്റെ പരിശീലന കരിയറില്‍ ഒരു പക്ഷേ ആദ്യമായിരിക്കും. 2010ല്‍ ഇന്റര്‍ മിലാനില്‍ നിന്ന് വന്‍ തുകക്കാണ് റയലിന്റെ പരിശീലകനായി മൗറീഞ്ഞോയെത്തുന്നത്. 2011ല്‍ കോപ്പ ഡെല്‍റെ കിരീടം ടീമിന് സമ്മാനിച്ച അദ്ദേഹം 2011-12 സീസണില്‍ ലാ ലീഗ കിരീടവും ക്ലബിന്റെ ഷോക്കേസിലെത്തിച്ചു. അതും 100 പോയിന്റുകള്‍ സ്വന്തമാക്കിയാണ് റയല്‍ കഴിഞ്ഞ സീസണ്‍ തങ്ങളുടേതാക്കിയത്. എന്നാല്‍ നടപ്പ് സീസണില്‍ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. ലാ ലീഗ കിരീടം ബാഴ്‌സലോണക്ക് അടിയറ വെച്ച അവര്‍ക്ക് ചാമ്പ്യന്‍സ് ലീഗിലെ കുതിപ്പ് സെമിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. അടുത്ത ചാമ്പ്യന്‍സ് ലീഗിന് ലാ ലീഗയിലെ രണ്ടാം സ്ഥാനത്തോടെ ബര്‍ത്ത് ഉറപ്പിക്കാന്‍ കഴിഞ്ഞത് മാത്രമാണ് ഏക ആശ്വാസം. കിരീട നേട്ടങ്ങളില്ലാത്തതിനൊപ്പം നിരന്തരമായുണ്ടാകുന്ന വിവാദങ്ങളും മൗറീഞ്ഞോയുടെ മേന്മക്ക് കറുത്ത നിറം ചാര്‍ത്തുന്നു. ക്ലബ് അധികൃതരുമായും കളിക്കാരുമായും അത്ര സുഖത്തിലല്ല അദ്ദേഹം. ക്ലബിന്റെ നായകനും വെറ്ററന്‍ താരവുമായ ഇകര്‍ കാസിയസുമായി അകല്‍ച്ചയിലാണ് പരിശീലകനെന്നത് പരസ്യമായ രഹസ്യമാണ്. കാസിയസിന് പകരം ഡീഗോ ലോപ്പസാണ് കഴിഞ്ഞ കുറേ കളികളില്‍ ടീമിന്റെ ഗോള്‍വല കാക്കുന്നത്. ടീമിലെ മറ്റൊരു താരമായ പെപ്പെയുമായും മൗറീഞ്ഞോ ഉടക്കിലാണ്. കാസിയസിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തിനെ ചോദ്യം ചെയ്തതാണ് പെപ്പെയെ മൗറീഞ്ഞോയുടെ കണ്ണിലെ കരടാക്കിയത്. അതിനിടെ സമാന വിഷയത്തില്‍ ബാഴ്‌സലോണയുടെ ഇനിയെസ്റ്റയുമായും പോര്‍ച്ചുഗല്‍ പരിശീലകന്‍ കൊമ്പുകോര്‍ത്തത് വാര്‍ത്തയായിരുന്നു. ഏറ്റവും ഒടുവില്‍ കോപ്പ ഡെല്‍റെ ഫൈനലില്‍ മാച്ച് ഒഫീഷ്യല്‍സുമായുള്ള പ്രശ്‌നം അദ്ദേഹത്തെ കളത്തിന് പുറത്തേക്കുള്ള വഴി കാണിച്ചു, ഒപ്പം നാല് കളികളില്‍ വിലക്കും. റയലിനൊപ്പം മൗറീഞ്ഞോയുടെ അവസാന സീസണാണിതെന്ന് ഉറപ്പാക്കാം. ക്ലബ് തലവന്‍ ഫ്‌ളോറന്റിനോ പെരസ് അത്തരത്തിലുള്ള സൂചനകളാണ് നല്‍കുന്നത്. പാരീസ് സെന്റ് ജര്‍മൈന്‍ പരിശീലകനായ കാര്‍ലോസ് ആന്‍സലോട്ടി മൗറീഞ്ഞോയുടെ പകരക്കാരനാകുമെന്ന് അഭ്യൂഹങ്ങളും നിലനില്‍ക്കുന്നു.

---- facebook comment plugin here -----

Latest