Connect with us

Kozhikode

കുടുംബശ്രീയെ അടുത്തറിയാന്‍ ഹിമാചല്‍പ്രദേശ് മന്ത്രി കോഴിക്കോട്ട്‌

Published

|

Last Updated

കോഴിക്കോട്: രാജ്യത്തിനു തന്നെ മാതൃകയായ കേരള കുടുംബശ്രീയെ അടുത്തറിയാന്‍ ഹിമാചല്‍പ്രദേശ് മന്ത്രി കോഴിക്കോട്ടെത്തി. ഹിമാചല്‍പ്രദേശില്‍ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതലകൂടി വഹിക്കുന്ന പഞ്ചായത്ത്-ഗ്രാമവികസന മന്ത്രി അനില്‍ ശര്‍മയാണ് പ്രത്യേക അകമ്പടിയും മന്ത്രിയുടെ പകിട്ടുമില്ലാതെ സ്വപ്‌നനഗരിയില്‍ നടക്കുന്ന കുടുംബശ്രീ ഭക്ഷ്യ-വിപണന മേളയിലെത്തിയത്.
വയനാട്ടില്‍ നടക്കുന്ന മേള സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി കോഴിക്കോട്ടെത്തിയത്. കേരളത്തിലെ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ മന്ത്രി, കേരള സാമൂഹികനീതി മന്ത്രി ഡോ. എം കെ മുനീറുമായി ചര്‍ച്ച നടത്തി. കേരളവും കുടുംബശ്രീയും തന്നെ അതിശയിപ്പിച്ചതായി മേള കണ്ടിറങ്ങിയ മന്ത്രി പറഞ്ഞു. ഹിമാചല്‍പ്രദേശിലെ സ്ത്രീകളെ സമൂഹത്തിന്റെ മുന്‍പന്തിയിലേക്ക് കൊണ്ടുവരാന്‍ കുടുംബശ്രീ അവിടെ നടപ്പിലാക്കുന്നതിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
കുടുംബശ്രീ വിപണന മേളയില്‍ നിന്ന് ആറന്‍മുള കണ്ണാടി വാങ്ങിയ മന്ത്രി ഭക്ഷ്യമേളയുടെ രുചിയറിഞ്ഞാണ് മടങ്ങിയത്. മന്ത്രിയുടെ സ്‌പെഷ്യല്‍ സെക്രട്ടറി എസ് എച്ച് ചൗഹാന്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ലിബി ജോണ്‍സണ്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കേരള കുടുംബശ്രീയുടെ എല്ലാവിധ പിന്തുണയും ഹിമാചല്‍പ്രദേശിന് നല്‍കുമെന്ന് മന്ത്രി മുനീര്‍ ഉറപ്പുനല്‍കി. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി ഹിമാചല്‍പ്രദേശില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചും മന്ത്രിമാര്‍ ചര്‍ച്ച നടത്തി.

Latest