Connect with us

Kozhikode

'പുകവലിക്കാര്‍ നഗരപരിധിക്കു പുറത്ത്'

Published

|

Last Updated

കോഴിക്കോട്: പൊതുസ്ഥലത്ത് പുകവലിച്ചതിന് കോഴിക്കോട് നഗരത്തിനു വെളിയില്‍ നിന്ന് 844 പേരെ പിടികൂടിയ പോലീസിന് നഗരപരിധിയില്‍ നിന്ന് ഒരാളെപോലും പിടികൂടാനായില്ല. പൊതുസ്ഥലത്ത് പുകവലിച്ചതിന്റെ പേരില്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ പിടിയിലായവരുടെ കണക്കിലാണ് ഈ കൗതുകം.
പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് കോട്പ നിയമപ്രകാരം സ്വീകരിച്ച നടപടികളുടെ വിവരം പോലീസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്പ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തിത്തുടങ്ങിയത്. കഴിഞ്ഞ നവംബറില്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഡി ജി പി. കെ എസ്. ബാലസുബ്രഹ്മണ്യം എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും സര്‍ക്കുലര്‍ നല്‍കിയിരുന്നു. മാസംതോറുമുള്ള പോലീസിന്റെ അവലോകന യോഗങ്ങളിലും പുകയില ഉത്പന്നങ്ങള്‍ക്കെതിരെയുള്ള നടപടി അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട് റൂറല്‍ ജില്ലയില്‍ പൊതുസ്ഥലത്ത് പുകവലിച്ചതിന് 844 പേരില്‍ നിന്നായി 1,00,250 രൂപയാണ് പിഴയീടാക്കിയത്. 2012 ഒക്‌ടോബറില്‍ 28 പുകവലിക്കാരെ പിടികൂടി പിഴയീടാക്കിയപ്പോള്‍ ജനുവരിയില്‍ അത് 100ല്‍ എത്തി. ഫെബ്രുവരിയില്‍ ഇത് പകുതിയായെങ്കിലും മാര്‍ച്ചില്‍ 595 പേരെയാണ് പിടികൂടിയത്. പുകയില ഉത്പന്നങ്ങളുടെ പരസ്യം പ്രസിദ്ധീകരിച്ചതിന് അഞ്ച് കേസുകളും ഈ ആറ് മാസത്തില്‍ കോഴിക്കോട് റൂറലില്‍ രജിസ്റ്റര്‍ ചെയ്തു.
അതേസമയം, കോഴിക്കോട് സിറ്റിയില്‍ ഈ രണ്ട് വിഭാഗത്തിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിശ്ചിത പരിധിക്കുള്ളില്‍ പുകയില ഉത്പന്നങ്ങള്‍ വിറ്റതിന് 11 പേര്‍ക്കെതിരെ എടുത്ത നടപടി മാത്രമാണ് കോഴിക്കോട് സിറ്റിയുടെ കണക്കിലുള്ളത്. 2200 രൂപ ഈ ഇനത്തില്‍ പിഴ ഈടാക്കി. അതത്രയും കഴിഞ്ഞ മാര്‍ച്ചില്‍. പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് 2003ലെ കോട്പ നിയമപ്രകാരമുള്ള നടപടി അടുത്തിടെയാണ് കര്‍ശനമാക്കിയത്.
സംസ്ഥാനത്തുടനീളം പൊതുസ്ഥലത്ത് പുകവലിച്ചതിനു മാത്രം ആറ് മാസത്തിനുള്ളില്‍ 13,550 പേരില്‍ നിന്ന് പിഴ ഈടാക്കിയിട്ടുണ്ട്. 2003ല്‍ കേന്ദ്രം രൂപംകൊടുത്ത കോട്പ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പൊതുസ്ഥലത്ത് പുകവലിക്കുക, 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ് യാര്‍ഡ് പരിസരത്തിനുള്ളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുക എന്നീ കുറ്റങ്ങള്‍ക്ക് 200 രൂപ പിഴയാണ് ശിക്ഷ. നേരിട്ടോ അല്ലാതെയോ പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പരസ്യം നല്‍കിയാല്‍ ആദ്യഘട്ടത്തില്‍ 1000 രൂപ പിഴയോ രണ്ട് വര്‍ഷം വരെ തടവോ രണ്ടുംകൂടിയോ ശിക്ഷിക്കാം. ഈ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 5000 രൂപയായും തടവ് അഞ്ച് വര്‍ഷമായും ഉയരും.
പുകയിലയുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പില്ലാതെ പുകയില ഉത്പന്നങ്ങള്‍ വിറ്റാല്‍ ഉത്പാദകന്‍ 5000 രൂപ പിഴയോ രണ്ട് വര്‍ഷം തടവോ അല്ലെങ്കില്‍ രണ്ടുംകൂടിയോ അനുഭവിക്കേണ്ടിവരും. ആവര്‍ത്തിച്ചാല്‍ ശിക്ഷ 10,000 രൂപ പിഴയും അഞ്ച് വര്‍ഷം തടവുമായിരിക്കും. വിതരണക്കാരും വില്‍പ്പന നടത്തുന്നവരും 1000 രൂപ പിഴയോ ഒരു വര്‍ഷം തടവോ രണ്ടുംകൂടിയോ അനുഭവിക്കണം. ആവര്‍ത്തിച്ചാല്‍ 3000 രൂപയും രണ്ട് വര്‍ഷവുമാണ് ശിക്ഷ. ഈ ശിക്ഷ കോടതിയാണ് തീരുമാനിക്കേണ്ടത്.

Latest