Connect with us

Kozhikode

ശാന്തിനഗര്‍ മാതൃകാ ഗ്രാമത്തിലെ വീടുകളുടെ താക്കോല്‍ദാനം ഇന്ന്

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ശാന്തിനഗര്‍ മാതൃകാ ഗ്രാമത്തില്‍ പണിപൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനം ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. വൈകീട്ട് ആറിന് ശാന്തിനഗറില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ എം മാണി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എം കെ മുനീര്‍, കെ ബാബു, മേയര്‍ എ കെ പ്രേമജം, എം കെ രാഘവന്‍ എം പി, ജില്ലയില്‍ നിന്നുള്ള എം എല്‍ എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ അറക്കല്‍ ബാലകൃഷ്ണ പിളള, ഹൗസിംഗ് കമ്മീഷണര്‍ എസ് ഗോപാലകൃഷ്ണന്‍ സംബന്ധിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച ശാന്തിനഗര്‍ മാതൃകാ ഗ്രാമത്തിന് 2011 ജൂണ്‍ 17ന് മുഖ്യമന്ത്രി തന്നെയാണ് ശിലാസ്ഥാപനം നടത്തിയത്. 218 വീടുകളുള്ള ഒന്നാം ഘട്ടത്തിന് 15 കോടി രൂപയും 115 വീടുകള്‍, നടപ്പാത, മാലിന്യ സംസ്‌കരണ സംവിധാനം, മൂന്ന് അങ്കണ്‍വാടികള്‍, ഒരു പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവ ഉള്‍ക്കൊളളുന്ന രണ്ടാംഘട്ടത്തിന് 23 കോടി രൂപയും അടങ്ങുന്നതാണ് പദ്ധതി.
ഒന്നാം ഘട്ടത്തില്‍ ഇതിനകം പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ദാനമാണ് ഇന്ന് നടക്കുക. നേരത്തെ ബംഗ്ലാദേശ് കോളനി എന്നറിയപ്പെട്ടിരുന്ന പ്രദേശത്തിന് പിന്നീട് ശാന്തിനഗര്‍ എന്ന പേരിടുകയായിരുന്നു. ഇവിടുത്തെ കുടുംബങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കിയാണ് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടെയുമുള്ള മാതൃകാ ഗ്രാമം പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കമിട്ടത്.

Latest