Connect with us

Articles

അട്ടപ്പാടിയില്‍ സംഭവിക്കുന്നത്‌

Published

|

Last Updated

കഴിഞ്ഞ ചില ദിവസങ്ങളായി അട്ടപ്പാടി വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ അട്ടപ്പാടിയില്‍ നിന്നുള്ള വാര്‍ത്തകള്‍ മരണങ്ങളുടെതാണ്. പോഷകാഹാരക്കുറവ് മൂലം മരിച്ചുകൊണ്ടിരിക്കുന്ന ആദിവാസിക്കുട്ടികളുടെ കണക്കുകളുമായിട്ടാണ് വാര്‍ത്തകളില്‍ ഇത്തവണ അട്ടപ്പാടി സ്ഥാനം പിടിച്ചത്. കേരളത്തിലെ മറ്റേതൊരു ആദിവാസി പ്രദേശത്തേക്കാളും എക്കാലത്തും അട്ടപ്പാടി വാര്‍ത്തകളില്‍ നിറയുന്നതിന് പിന്നില്‍ മാധ്യമങ്ങളുടെ ആദിവാസി താത്പര്യങ്ങള്‍ ഏറെ വിമര്‍ശത്തിന് തന്നെ വഴിയൊരുക്കിയിട്ടുണ്ട്. കേരളത്തിലെ ആദിവാസി വികസന പദ്ധതികളുടെ ഈറ്റില്ലമാണ് എക്കാലത്തും അട്ടപ്പാടി. എല്ലാ പരീക്ഷണ പദ്ധതികളുടെയും വിളനിലമാണ് ഈ ഭൂപ്രദേശം. വര്‍ഷാവര്‍ഷങ്ങളായി അനേകം കോടി രൂപയാണ് ആദിവാസി വികസനത്തിന് മാത്രമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഇവിടെ ചെലവഴിക്കുന്നത്. ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനും അങ്കണ്‍വാടികളുടെ നടത്തിപ്പിനും വേണ്ടി ചെലവഴിക്കുന്നതും അനേകം കോടി രൂപയാണ്. എന്നിട്ടും ആദിവാസിക്കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലവും അല്ലാത്തവര്‍ മറ്റനവധി രോഗങ്ങള്‍ മൂലവും ദിനേന മരിച്ചുവീഴുന്നത് എന്തുകൊണ്ടാകാം? അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യ 30,000 ആണ്. ഇതില്‍ 80 ശതമാനം പേരും പോഷകാഹാരക്കുറവ് നേരിടുകയാണെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഭൂരിഭാഗം പേരുടെയും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ഗുരുതരമായ വിധം കുറഞ്ഞുവരികയാണെന്നും പുതിയ ആരോഗ്യ സര്‍വേ ചുണ്ടിക്കാട്ടുന്നു. വറുതിയിലായിക്കഴിഞ്ഞ ഊരുകളില്‍ തൊഴിലും വരുമാനവും നിലച്ചുപോയിരിക്കുന്നു. മിക്ക വീടുകളിലും ഒരു നേരത്തെ ആഹാരം മാത്രമേയുള്ളൂ.
അട്ടപ്പാടിയില്‍ ആദിവാസി വികസനത്തിനായി കോടികള്‍ ചെലവഴിക്കാന്‍ മാറിമാറി വരുന്ന ഒരു സര്‍ക്കാറും പിശുക്ക് കാണിക്കാറില്ല. ആവശ്യത്തിനും അതിലപ്പുറവും ഇവിടെ പണം ചെലവഴിക്കുന്നുണ്ട്. എന്നിട്ടും ഇവിടെ ആദിവാസി വികസനം യാഥാര്‍ഥ്യമാകുന്നില്ല എന്നതാണ് സത്യം. ഇപ്പോഴത്തെ ആദിവാസി മരണങ്ങള്‍ക്ക് പിന്നിലേക്ക് പരിശോധിച്ചാല്‍ പട്ടിണിയും ദാരിദ്ര്യവും പരിചരണക്കുറവുമൊക്കെയാണ് പ്രധാന പ്രശ്‌നങ്ങള്‍ എന്ന് കണ്ടെത്താന്‍ പ്രയാസമില്ല. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ക്ക് ലഭിക്കേണ്ട പരിചരണം ലഭിക്കാത്തതുകൊണ്ട് മാത്രമാണ് അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് വര്‍ധിക്കുന്നത്. കൃഷിയും തൊഴിലും നഷ്ടപ്പെട്ട ആദിവാസി സ്ത്രീകള്‍ക്ക് മുമ്പ് ഊരുകളില്‍ നിന്ന് ലഭിച്ചിരുന്ന പരിചരണമോ ആവശ്യത്തിന് പോഷകാഹാരമോ ലഭിക്കാതായതോടെയാണ് പുതിയ മരണവാര്‍ത്തകള്‍ ഊരുകളില്‍ നിന്ന് പുറത്തറിയാന്‍ തുടങ്ങിയത്. അട്ടപ്പാടിയില്‍ ഇതിന് മുമ്പ് പട്ടിണിമരണം നടന്നത് 1999ലാണ്. ഷോളയാര്‍ പഞ്ചായത്തിലെ വെള്ളകുളം ആദിവാസി ഊരില്‍ അന്ന് നാല് പേരാണ് പട്ടിണി കിടന്ന് മരിച്ചത്. അന്നും അട്ടപ്പാടിക്ക് പറയാനുണ്ടായിരുന്നത് ഇന്നത്തെപ്പോലെയുള്ള അനുഭവങ്ങള്‍ തന്നെയായിരുന്നു.
കടുത്ത വരള്‍ച്ചയും തൊഴിലില്ലായ്മയും ദാരിദ്ര്യവും അമിത മദ്യപാനവുമൊക്കെയാണ് അന്നത്തെ മരണങ്ങള്‍ക്ക് പിന്നിലെ കണ്ടെത്തലുകള്‍. അതിന് ശേഷം 2002ല്‍ വയനാട് ഉള്‍പ്പെടെയുള്ള ആദിവാസി മേഖലകളില്‍ നിന്ന് ധാരാളം കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെങ്കിലും അട്ടപ്പാടിയില്‍ നിന്ന് അത്തരം വാര്‍ത്തകള്‍ ഉണ്ടായില്ല. അതിന് കാരണമായത് സര്‍ക്കാറിന്റെ കോടികള്‍ ചെലവഴിക്കപ്പെട്ട പദ്ധതിക്കാരുടെ സജീവമായ ഇടപെടലുകളായിരുന്നു. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള അട്ടപ്പാടിക്കാര്‍ക്ക് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭൂമിയില്‍ യഥേഷ്ടം ജോലി ലഭിച്ചിരുന്നു. സ്വന്തം ഭൂമിയില്‍ കൂലിപ്പണി ചെയ്ത് പട്ടിണിയില്‍ നിന്ന് ആദിവാസി മോചനം നേടിയിരുന്നു.
അട്ടപ്പാടി എല്ലാ കാലത്തും ഫണ്ടിംഗ് ഏജന്‍സികളുടെ പറുദീസയാണ്. ഒടുവില്‍ 219 കോടി മുടക്കി ഒരിക്കല്‍ ഉണ്ടായിരുന്നതും പിന്നീട് നഷ്ടപ്പെട്ടതുമായ അട്ടപ്പാടിയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ തിരിച്ചുകൊണ്ടുവരുവാനുള്ള പദ്ധതിയാണ് ഇവിടെ പരീക്ഷിക്കപ്പെട്ടത്. ഏഴ് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാനുദ്ദേശിച്ച പദ്ധതി 14 വര്‍ഷത്തിനു ശേഷം പൂര്‍ത്തീകരിച്ച് പദ്ധതിക്കാര്‍ പടിയിറങ്ങുമ്പോള്‍ പാരിസ്ഥിതികമായി അട്ടപ്പാടിയില്‍ വന്‍ മാറ്റങ്ങളാണ് ഉണ്ടായത്. ഇക്കാലയളവിലാണ് ആദിവാസികളെ പദ്ധതിക്കാര്‍ വെറും കൂലിപ്പണിക്കാരാക്കി മാറ്റിയത്. സ്വന്തമായി കൃഷി ചെയ്തു പോന്നിരുന്ന ഭൂമിയില്‍ ആദിവാസികള്‍ കൂലിപ്പണിക്കാരായി മാറിയതോടെ കൃഷി ചെയ്യുക എന്നത് പരിസ്ഥിതി പദ്ധതിക്കാരുടെ മാത്രം ആവശ്യമാണെന്ന് ആദിവാസി വിശ്വസിച്ചു. ദീര്‍ഘവീക്ഷണത്തോടെയുള്ള കൃഷി സമ്പ്രദായങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ പദ്ധതിക്കാരും മുന്നോട്ടുവന്നില്ല. എല്ലാവര്‍ക്കും തൊഴില്‍ എന്ന രീതി അട്ടപ്പാടിയില്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചതോടെ ഇവിടെ പാരിസ്ഥിതികമായി പുത്തന്‍ ഉണര്‍വുണ്ടായി. തിരിച്ചുവന്ന മഴക്കാലങ്ങളും പുതിയ വനങ്ങളുടെ രൂപവത്കരണവും അട്ടപ്പാടിയുടെ മുഖച്ഛായ മാറ്റി. എന്നാല്‍, ഇത് നിലനിര്‍ത്താനോ ആദിവാസികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനോ അവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന കൂലിപ്പണി നിലനിര്‍ത്തിക്കൊണ്ടു പോകാനോ പദ്ധതി അധികാരികള്‍ക്കായില്ല. ആദിവാസികള്‍ ഭൂമി തരിശിടാന്‍ തുടങ്ങി. കൂലിപ്പണി തേടി മുന്‍കാലങ്ങളിലേതു പോലെ ഭൂമി ഉപേക്ഷിച്ച് പുറത്തേക്കു പോകാന്‍ തുടങ്ങി. ഇപ്പോള്‍ നൂറുകണക്കിന് ആദിവാസികളാണ് അതിര്‍ത്തിക്ക് അപ്പുറത്തെ ഇഷ്ടിക ചൂളകളില്‍ ജോലി ചെയ്യുന്നത്. ഇതിന്റെയൊക്കെ അനന്തര ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്ന മരണ വാര്‍ത്തകള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇവിടെ 72 ശിശുമരണങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ നാല് മാസത്തിനിടെ മാത്രം മരിച്ചത് 25 കുട്ടികളാണ്. ഇതെല്ലാം സര്‍ക്കാര്‍ കണക്കുകള്‍ മാത്രം.
വിദൂര ദിക്കുകളിലുള്ള ആദിവാസി ഊരുകളിലെ കണക്കുകള്‍ ആരും അറിയാറില്ല. ഈ ശിശുമരണങ്ങള്‍ സംഭവിച്ചതിനു ശേഷം അട്ടപ്പാടിയിലേക്ക് മന്ത്രിമാരുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും വിവിധ സംഘടനക്കാരുടെയും ഒക്കെ ഒഴുക്കായിരുന്നു. ഇപ്പോഴും ഇത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എല്ലാവരും ആദിവാസികള്‍ക്കായി പുതിയ പാക്കേജുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ആരോഗ്യ പാക്കേജ്, കാര്‍ഷിക പാക്കേജ് എന്നിവക്ക് പുറമെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആദിവാസികള്‍ക്കായി പോലീസ് പാക്കേജും കൂടി പ്രഖ്യാപിച്ചാണ് അട്ടപ്പാടിയില്‍ നിന്ന് തിരിച്ചു പോയത്. ഇതിനൊക്കെപ്പുറമെ ഇപ്പോള്‍ ആദിവാസി ഊരുകളില്‍ എല്ലാവരും മത്സരിച്ച് അരിയും പയറും വിതരണം നടത്തി വരികയാണ്. ഇതൊക്കെ ഇനി ഏതാനും ദിവസങ്ങള്‍കൂടി തുടരാന്‍ തന്നെയാണ് സാധ്യത. പാക്കേജുകളും പദ്ധതികളും അരി വിതരണവുമൊക്കെ വെറും താത്കാലികമാണെന്ന് ആദിവാസികളും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, കിട്ടുന്നത് വാങ്ങി സംതൃപ്തരാകുക എന്ന നിലപാടിലാണവര്‍.
ഫലഭൂയിഷ്ടവും വിഭവങ്ങളില്‍ സമ്പന്നവുമായിരുന്നു ആദിവാസികളുടെ കൃഷിയിടങ്ങള്‍. ഫലഭൂയിഷ്ടമായ മണ്ണില്‍ എല്ലാ വിഭവങ്ങളും യഥേഷ്ടം കൃഷി ചെയ്തിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് അട്ടപ്പാടിയിലെത്തിയ വിവിധ പദ്ധതിക്കാര്‍ ആദിവാസികളുടെ കൃഷി സമ്പ്രദായങ്ങള്‍ പരിപോഷിപ്പിക്കുന്നതിന് പകരം അവരുടെ കൃഷി സമ്പ്രദായങ്ങളെ തകര്‍ക്കുകയാണ് ചെയ്തത്. അട്ടപ്പാടിയില്‍ ഇന്ന് ആദിവാസി ഭൂമികള്‍ തരിശിട്ടിരിക്കുകയാണ്. കൃഷി ചെയ്യാന്‍ മറന്നുപോയ ഒരു സമൂഹമായി ആദിവാസികള്‍ ഇവിടെ മാറിക്കഴിഞ്ഞു. കേരളത്തിലെ മറ്റ് ആദിവാസി പ്രദേശങ്ങളിലേതു പോലെ അട്ടപ്പാടിയില്‍ ഭൂമി ഇല്ലാത്തതല്ല പ്രശ്‌നം. ഭൂമിയില്‍ കൃഷി ചെയ്യാന്‍ തയ്യാറല്ല എന്നതാണ് ഇവര്‍ നേരിടുന്ന ഏക പ്രതിസന്ധി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ധാരാളം തൊഴില്‍ ഉണ്ടായിരുന്നതു കൊണ്ട് മാത്രം ഇവര്‍ സന്തുഷ്ടരായിരുന്നു. അതുകൊണ്ടു തന്നെ ഇക്കാലയളവില്‍ ഇവിടെ നിന്ന് ദുരന്തവാര്‍ത്തകള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നടക്കുന്ന ദുരന്തങ്ങള്‍ സംഭവിക്കാനുള്ള സാധ്യത മുമ്പു തന്നെ ബന്ധപ്പെട്ടവരും മാധ്യമങ്ങളും സൂചിപ്പിച്ചതായിരുന്നു. ആവശ്യമായ നടപടികള്‍ എടുത്തിരുന്നെങ്കില്‍ മരണങ്ങള്‍ ഒഴിവാക്കാമായിരുന്നു. സര്‍ക്കാറിന്റെ പ്രഖ്യാപന പെരുമഴകള്‍ ദുരന്തത്തിന് ശേഷം ഉണ്ടായെങ്കിലും അട്ടപ്പാടിയിലെ സ്ഥിതികള്‍ക്ക് മാറ്റം ഉണ്ടായിട്ടില്ല. ഏറ്റവും ചുരുങ്ങിയപക്ഷം സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണ് വേണ്ടത്. ആവശ്യത്തിന് ജീവനക്കാരെയും നിയമിച്ച് ഇനിയെങ്കിലും സര്‍ക്കാര്‍ മാതൃക കാട്ടേണ്ടതുണ്ട്.
അട്ടപ്പാടിക്ക് ഇനി ആവശ്യം, അടിച്ചേല്‍പ്പിക്കപ്പെടുന്ന പാക്കേജുകളല്ല. ഭൂമിയില്‍ അധിഷ്ഠിതമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പദ്ധതികളാണ്. കാര്‍ഷിക രംഗത്തെ സമൂലമായ മാറ്റം കൊണ്ടു മാത്രമേ ആദിവാസികളെ രക്ഷിക്കാന്‍ കഴിയൂ. അട്ടപ്പാടിയിലെ പ്രാകൃത ഗോത്രവര്‍ഗത്തില്‍പ്പെട്ട കുറുമ്പന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ഇപ്പോഴും കാടിനകത്ത് കഴിയുന്നവരാണ്. അവര്‍ അവരുടെ പരമ്പരാഗതമായ കാര്‍ഷിക വൃത്തികളില്‍ സജീവമാണിന്നും. അതുകൊണ്ടുതന്നെ കുറുമ്പ വിഭാഗക്കാര്‍ മറ്റ് ആദിവാസി വിഭാഗങ്ങളെ അപേക്ഷിച്ച് സാമ്പത്തിക, കാര്‍ഷിക, ആരോഗ്യ രംഗത്ത് വളരെ മുമ്പിലാണ്. അട്ടപ്പാടിയില്‍ നിന്ന് ചൂണ്ടിക്കാട്ടാന്‍ ഇത്തരം ഉദാഹരണങ്ങള്‍ ധാരാളമാണ്. അതുകൊണ്ട് ആദിവാസികള്‍ക്ക് ഇപ്പോള്‍ എല്ലാവരും മത്സരിച്ചു നല്‍കുന്ന അരിക്കും പയറിനും പരിഹരിക്കാന്‍ കണ്ടെത്തുന്നതല്ല അവരുടെ പ്രശ്‌നങ്ങള്‍. ഇത് തിരിച്ചറിഞ്ഞുകൊണ്ട് ഭൂമിയില്‍ അധിഷ്ഠിതമായ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിലൂടെ അവരുടെ തൊഴിലും കൃഷികളും സംരക്ഷിക്കാന്‍ കഴിയും. ഇത്തരം നീക്കത്തിലൂടെ മാത്രമേ അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ. സമഗ്ര പാക്കേജുകള്‍ കൊണ്ട് ഏതാനും കോടികളുടെ ധൂര്‍ത്ത് മാത്രമാകും നടക്കുക.

 

basheermadala12345@gmail.com