Connect with us

Kozhikode

വെള്ളയില്‍ തുറമുഖത്തിന് മുഖ്യമന്ത്രി ഇന്ന് ശിലയിടും

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് വെള്ളയില്‍ മത്സ്യബന്ധന തുറമുഖത്തിന് ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലയിടും. വെള്ളയില്‍ ഫിഷ് ലാന്റിംഗ് സെന്ററില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ ബാബു അധ്യക്ഷത വഹിക്കും. മന്ത്രി എം കെ മുനീര്‍, മേയര്‍ എ കെ പ്രേമജം, എം കെ രാഘവന്‍ എം പി, ജില്ലയിലെ എം എല്‍ എമാര്‍ പങ്കെടുക്കും.
39.3 കോടി രൂപ ചെലവിലാണ് തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കുക. ഇതില്‍ 75 ശതമാനം കേന്ദ്ര സര്‍ക്കാറും 25 ശതമാനം സംസ്ഥാന സര്‍ക്കാറുമാണ് വഹിക്കുക. 750 മീറ്ററും 530 മീറ്ററും നീളമുള്ള ഓരോ പുലിമൂട്ടുകള്‍, 100 മീറ്റര്‍ നീളമുളള വാര്‍ഫ്, ലേലപ്പുര, വിശ്രമകേന്ദ്രം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, വര്‍ക്ക്‌ഷോപ്പ്, പാര്‍ക്കിംഗ് ഏരിയ, കടമുറികള്‍, മാലിന്യ സംസ്‌കരണ പ്ലാന്റ്, ജലവിതരണ സംവിധാനം, നാവിഗേഷന്‍ ലൈന്‍, ഗ്രീന്‍ ബെല്‍റ്റ് എന്നിവ അടങ്ങിയതാണ് തുറമുഖം. ഇവിടെ 60,000 ഘനമീറ്റര്‍ ഡ്രഡ്ജിംഗ് നടത്തും.
നിര്‍മാണ പ്രവര്‍ത്തനത്തിനുള്ള പരിസ്ഥിതി ക്ലിയറന്‍സ് ഇതിനകം ലഭിച്ചുകഴിഞ്ഞു. തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ പ്രതിവര്‍ഷം 10,000 ടണ്‍ മത്സ്യം കൈകാര്യം ചെയ്യാന്‍ ഇവിടെ ശേഷിയുണ്ടാകും.
വെള്ളയില്‍, പുതിയകടവ്, തോപ്പയില്‍, കാമ്പുറം എന്നീ മത്സ്യഗ്രാമങ്ങള്‍ക്ക് നേരിട്ടും പരിസര ഗ്രാമങ്ങള്‍ക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും. പതിനായിരത്തിലധികം തൊഴിലാളികള്‍ക്ക് തുറമുഖം ജീവിതോപാധിയാകും.

Latest