കത്തുന്ന വെയിലില്‍ വിളകള്‍ കരിഞ്ഞുണങ്ങുന്നു

Posted on: May 19, 2013 3:07 am | Last updated: May 19, 2013 at 3:07 am
SHARE

മുക്കം: വിളവെടുപ്പ് ആഘോഷിക്കേണ്ട കര്‍ഷക മനസ്സുകളില്‍ നിരാശയുടെ കരിനിഴലില്‍ വീഴ്ത്തി കനത്ത വെയിലില്‍ മലയോരത്തെ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുന്നു. വാഴ, റബര്‍, ജാതിക്ക, കമുക് എന്നിവക്കാണ് പ്രധാനമായും നാശം നേരിട്ടത്.
പച്ചക്കറികളും വ്യാപകമായി നശിച്ചിട്ടുണ്ട്. നിലവില്‍ കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യത്തോടെ കൃഷി ചെയ്യുന്ന വാഴകൃഷിക്കാണ് കനത്ത വെയില്‍ കൂടുതല്‍ ബാധിച്ചത്. ഒരു മാസം മുമ്പുണ്ടായ കനത്ത കാറ്റിലും മഴയിലും മലയോരത്തെ പതിനായിരക്കണക്കിന് വാഴകള്‍ നശിച്ചിരുന്നു.
ഇതിന്റെ പ്രയാസം വിട്ടുമാറുംമുമ്പാണ് കനത്ത വെയില്‍ ദുരിതം വിതക്കുന്നത്. കൊടിയത്തൂര്‍, കാരശ്ശേരി, മുക്കം, കൂടരഞ്ഞി, തിരുവമ്പാടി, ഓമശ്ശേരി പഞ്ചായത്തുകളിലെ ഓരോ തോട്ടങ്ങളിലേയും നൂറുകണക്കിന് വാഴകളാണ് കരിഞ്ഞുണങ്ങുന്നത്. ഏതാനും മാസം മുമ്പ് നല്ല വിലയാണ് വാഴക്കുലകള്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ വില ഇപ്പോള്‍ പകുതിയോളം കറഞ്ഞതും വാഴ കര്‍ഷകരെ പ്രയാസത്തിലാക്കുന്നുണ്ട്. കനത്ത വെയിലില്‍ റബര്‍ മരങ്ങളും ഉണങ്ങുന്നുണ്ട്. വേണ്ടത്ര ഇടമഴ ലഭിക്കാതിരിക്കുകയും കഴിഞ്ഞ കാലവര്‍ഷം മോശമായതും വെയിലിന്റെ കാഠിന്യവുമെല്ലാമാണ് റബര്‍ മരങ്ങളടക്കമുള്ളവയെ ബാധിക്കുന്നത്. കമുകുകളില്‍ ഫലം നന്നേ കുറഞ്ഞിട്ടുണ്ട്. ജാതിക്ക, കശുവണ്ടി, പച്ചക്കറി കൃഷിക്കാരും തീര്‍ത്തും പ്രയാസത്തിലാണ്. മലയോര മേഖലകളില്‍ കാലങ്ങളായി വറ്റാത്ത ഉറവകളും നീര്‍ത്തടങ്ങളും വറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here