Connect with us

Kozhikode

സി പി ഐ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു: പിണറായി

Published

|

Last Updated

വടകര: സി പി ഐയും സി പി എമ്മും ഒന്നിച്ച് നില്‍ക്കേണ്ടവരാണെന്നും എന്നാല്‍ പുരക്ക് തീ പിടിച്ചപ്പോള്‍ അതില്‍നിന്ന് ബീഡി കത്തിക്കാന്‍ ശ്രമിക്കുകയാണ് സി പി ഐ ചെയ്യുന്നതെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വള്ളിക്കാട് വാസു രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വോട്ട് ലക്ഷ്യം വെച്ചാണ് സി പി എമ്മിനെതിരെ നീങ്ങുന്നത്. എന്നാല്‍ സി പി ഐക്ക് എന്തിലാണ് കണ്ണെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ സി പി എം – സി പി ഐ കക്ഷികള്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷം യോജിച്ച് പോരാടേണ്ട ഈ അവസരത്തില്‍ ഇടതു പക്ഷത്തെ ദുര്‍ബലപ്പെടുത്താനാണ് സി പി ഐ ശ്രമിക്കുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
മുന്‍കാലങ്ങളിലെല്ലാം ഒഞ്ചിയം രക്തസാക്ഷിദിനം ഇരുപാര്‍ട്ടികളും സംയുക്തമായാണ് ആചരിച്ചിരുന്നത്. എന്നാല്‍ ഇരു പാര്‍ട്ടികളും ഇത്തവണ വ്യത്യസ്ഥമായി പരിപാടികള്‍ നടത്തിയതാണ് പിണറായിയെ ചൊടിപ്പിച്ചത്. ഇനിയെങ്കിലും സി പി ഐ ദുരഭിമാനപരമായ നിലപാട് ഉപേക്ഷിക്കണം. ആര്‍ക്കുവേണ്ടിയാണ്, എന്തിന് വേണ്ടിയാണ് ഈ നിലപാടെന്നും പിണറായി ചോദിച്ചു.
യു ഡി എഫ് സര്‍ക്കാര്‍ പോലീസിനെ രാഷ്ട്രീയവത്കരിച്ചിരിക്കയാണ്. ഉമ്മന്‍ ചാണ്ടിയെക്കാളും തിരുവഞ്ചൂരിനെക്കാളും പ്രഗത്ഭരായ പല മന്ത്രിമാരും ഇവിടെ ഭരണം കൈയാളിയിട്ടുണ്ട്. അന്നൊന്നും പോലീസിനെ രാഷ്ട്രീയവത്കരിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ പോലീസിനെ പൂര്‍ണമായി രാഷ്ട്രീയവത്കരിച്ചതായും പിണറായി പറഞ്ഞു. മാധ്യമങ്ങള്‍ വര്‍ഗതാത്പര്യം വെച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. സി പി എമ്മിനെതിരെ ഇപ്പോള്‍ കാണുന്ന ഗോ ഗോ വിളികള്‍ ഇതിന്റെ ഭാഗമാണ്.
അഖിലേന്ത്യാടിസ്ഥാനത്തില്‍ തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനം തകരുന്നുവെന്ന ചിത്രം അവതരിപ്പിക്കുകയാണ് ഈ മാധ്യമങ്ങള്‍. പുതിയ പരീക്ഷണമാണിത്. ഇതിലൂടെ സി പി എമ്മിനെ തകര്‍ക്കാമെന്നാണ് ഇവരുടെ വിചാരമെന്നും പിണറായി പറഞ്ഞു.
ടി പി ചന്ദ്രശേഖരന്‍ വധക്കേസന്വേഷണത്തില്‍ പോലീസ് മേധാവിയുടെ നിഗമനം ആഭ്യന്തര മന്ത്രി നിരാകരിക്കുകയാണ്. ഇതിലൂടെ നമ്മുടെ നീതിന്യായ വ്യവസ്ഥയെയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി.
ഒഞ്ചിയം ഏരിയ ആക്ടിംഗ് സെക്രട്ടറി ഇ എം ദയാനന്ദന്‍ അധ്യക്ഷത വഹിച്ചു. നേരത്തെ കൈനാട്ടിയില്‍ നിന്നാരംഭിച്ച പ്രകടനവും ഓര്‍ക്കാട്ടേരിയില്‍ നിന്നാരംഭിച്ച റെഡ് വളണ്ടിയര്‍മാര്‍ച്ചും വള്ളിക്കാട്ടെ സമ്മേളന നഗരയില്‍ ഒത്തുചേര്‍ന്നു.

Latest